ഗീതാ പോറ്റി കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കണം : വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍

Wednesday 24 February 2016 9:32 pm IST

  കല്‍പ്പറ്റ : വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിഭാരം, സേവനവേതന വ്യവസ്ഥകള്‍, സ്റ്റാഫ് ലഭ്യത എന്നിവയെകുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഗീതാ പോറ്റി കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് വെറ്ററിനറി ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗീതാ പോറ്റി കമ്മിഷന്‍ ശിപാര്‍ശകള്‍ ശമ്പള കമ്മീഷനോ സര്‍ക്കാരോ പരിഗണിച്ചിട്ടില്ല. മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന തുല്യവേതനവും, ആനുകൂല്യങ്ങളും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കണമെന്ന് ശിപാര്‍ശയിലുണ്ട്. എന്നാല്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തതിലും താഴെയുള്ള ശമ്പളസ്‌കെയിലാണ് വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് അനുവദിച്ചത്. സംസ്ഥാനം നിലവില്‍ വന്ന കാലം മുതല്‍ ഗസറ്റഡ് കേഡറില്‍ ജോലി ചെയ്തു വന്നവരാണ് വെറ്ററിനറി ഡോക്ടര്‍മാര്‍. എന്നാല്‍ ഒമ്പതാം ശമ്പളപരിഷ്‌ക്കരണത്തിനുശേഷം മാത്രം ഗസറ്റഡ് കേഡറില്‍ എത്തുകയും വെറ്ററിനറി ഡോക്ടര്‍മാരെക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങിവന്നവരുമായ മറ്റ് പല ഉദ്യോഗസ്ഥര്‍ക്കും ഇത്തവണത്തെ ശമ്പളപരിഷ്‌ക്കരണ ഉത്തരവിലൂടെ വെറ്ററിനറി ഡോക്ടര്‍മാരുടെതിനേക്കാള്‍ കൂടുതലോ തുല്യമോ ആയ ശമ്പളമാണ് നല്‍കിയത്. ഒമ്പതാം ശമ്പളപരിഷ്‌ക്കരണം നടപ്പാക്കിയപ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാരെ അവഗണിക്കുകയാണുണ്ടായത്. നാലു വര്‍ഷത്തെ പ്രൊഫഷണല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ അസി. എന്‍ജിനീയര്‍, അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ തുടങ്ങിയവരും അഞ്ച് വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സ് കഴിഞ്ഞ വെറ്ററിനറി ഡോക്ടര്‍മാരും ഒരേ ശമ്പള സ്‌കെയിലിലാണ് ജോലിയില്‍ പ്രവേശിക്കുന്നത്. എന്നാല്‍ പതിനഞ്ച് വര്‍ഷത്തെ ഹയര്‍ഗ്രേഡ് ലഭിക്കുമ്പോള്‍ മറ്റ് വിഭാഗത്തിന് 26,200 രൂപയുടെ വര്‍ധന ഉണ്ടാവുമ്പോള്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് വെറും 3300 രൂപയുടെ വര്‍ധന മാത്രമാണ് ഉണ്ടാവുന്നത്. കൂടാതെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന റിസ്‌ക്ക് അലവന്‍സ്, എലിഫന്റ് സ്‌ക്വാഡ് അലവന്‍സ് എന്നിവയും ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ തീരുമാനത്തെതുടര്‍ന്ന് നിര്‍ത്തലാക്കി. ഇത്തരത്തിലുള്ള അവഹേളനകള്‍ക്കെതിരെയും, ആവശ്യമായ അലവന്‍സുകള്‍ പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സംസ്ഥാനത്തെ മുഴുവന്‍ ഡോക്ടര്‍മാരും അനിശ്ചിതകാല പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1300-ഓളം വെറ്ററിനറി ഡോക്ടര്‍മാരാണുള്ളത്. ഗീതാപോറ്റി കമ്മീഷന്‍ റിപ്പോര്‍ട്ട്-ജനറല്‍ ചെക്കപ്പ് മുതല്‍ സങ്കീര്‍ണമായ രോഗാവസ്ഥവരെ പഞ്ചായത്ത് തലത്തില്‍ വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ ജോലി ചെയ്യുന്ന വെറ്ററിനറിഡോക്ടര്‍മാര്‍ കൈകാര്യം ചെയ്യുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത് പോലെ മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതുപോലെ തുല്യവേതനവും, ആനുകൂല്യങ്ങളും വെറ്ററിനറി ഡോക്ടര്‍മാര്‍ക്കും നല്‍കണം. തുല്യമായ റിസ്‌ക്ക് അലവന്‍സ്. വെറ്ററിനറി ഡിസ്‌പെന്‍സറികളില്‍ ആകെ രണ്ട് ജീവനക്കാര്‍ മാത്രമാണുള്ളത്. നിലവിലുള്ള വെറ്ററിനറിസര്‍ജന്‍, അസി ഡയറക്ടര്‍ അനുപാതം 3:1 എന്നതില്‍ നിന്ന് 2:1 ആക്കി മാറ്റണം. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ. ജബ്ബാര്‍, ഡോ. വി.ആര്‍. താര, ഡോ. സാജുജോസഫ്, ഡോ. പ്രഭാകരന്‍പിള്ള എന്നിവര്‍പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.