അരിവാളും കൈപ്പത്തിയും

Wednesday 24 February 2016 10:13 pm IST

കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനുമായും കൂട്ടുചേരാമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പ്രഖ്യാപിക്കാറുണ്ടായിരുന്നത്. ഇതനുസരിച്ച് കേരളത്തില്‍ മുസ്ലിംലീഗ്, അത് പിളര്‍ന്നുണ്ടായ അഖിലേന്ത്യാ ലീഗ്, ഇബ്രാഹിം സുലൈമാന്‍ സേഠ് രൂപീകരിച്ച ഐഎന്‍എല്‍, മദനിയുടെ പിഡിപി, കേരളാ കോണ്‍ഗ്രസിന്റെ വിവിധ ഗ്രൂപ്പുകള്‍ തുടങ്ങിയവയുമായും ദേശീയതലത്തില്‍ ബിജെപിയുടെ പൂര്‍വരൂപമായ ജനസംഘം, സംഘടനാ കോണ്‍ഗ്രസ്, മുലായംസിങ്ങും ലാലുപ്രസാദ് യാദവും ജയലളിതയും നേതൃത്വം നല്‍കുന്ന പ്രാദേശികകക്ഷികള്‍ എന്നിവയുമായും സിപിഎം ഓരോരോ കാലത്ത് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക അവസാനിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ എല്ലാ തിന്മകളുടെയും പ്രഭവകേന്ദ്രമായ കോണ്‍ഗ്രസുമായുള്ള പരസ്യമായ സഖ്യത്തിന് സിപിഎമ്മിന്റെ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരിക്കുകയാണ്. പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണം അവസാനിപ്പിക്കാനും ബിജെപിയെ ഒറ്റപ്പെടുത്താനുമെന്ന പേരിലാണ് സിപിഎമ്മും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസുമായി യാതൊരുതരത്തിലുള്ള സഖ്യമോ ധാരണയോ വേണ്ടെന്നായിരുന്നു വിശാഖപട്ടണത്തു നടന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഈ 'കോണ്‍ഗ്രസ് വിരോധം' ഫലത്തില്‍ റദ്ദാവുകയായിരുന്നു. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ അധികാരക്കുത്തക പൊളിയാന്‍ തുടങ്ങിയതോടെ പാര്‍ലമെന്റിനകത്തും പുറത്തും ആപല്‍ഘട്ടങ്ങളില്‍ ആ പാര്‍ട്ടിയുടെ രക്ഷകന്മാരില്‍ ഒരാളായി മാറുകയായിരുന്നു യെച്ചൂരി. 2004ല്‍ മതിയായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രധാനമന്ത്രിയാവാന്‍ സോണിയയെ പ്രേരിപ്പിച്ചയാളാണ് താനെന്ന് യെച്ചൂരി പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അമേരിക്കയുമായുള്ള ആണവ സഹകരണ കരാറിന്റെ മറവില്‍ 2008 ല്‍ ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ സിപിഎം പിന്‍വലിക്കാന്‍ പാടില്ല എന്ന പക്ഷക്കാരനുമായിരുന്നു. 1990ല്‍ കേന്ദ്രത്തിലെ വി.പി. സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഹായത്തോടെ അന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതിബസു പ്രധാനമന്ത്രിയാവുന്നതിനെ അനുകൂലിച്ചയാളുമാണ് യെച്ചൂരി. ഇത്തരമൊരാള്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും അണികളെ വഞ്ചിക്കാനും ജനങ്ങളെ കബളിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി സഖ്യനീക്കത്തിന് ശ്രമിക്കുകയാണല്ലോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അതൊക്കെ കെട്ടിച്ചമച്ച വാര്‍ത്തയെന്നായിരുന്നു സിപിഎം പൊളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന്റെ പ്രതികരണം. പിണറായി ഇങ്ങനെ പറഞ്ഞ ദിവസംതന്നെയാണ് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ സംസ്ഥാനസമിതി തീരുമാനിച്ചത്. കോണ്‍ഗ്രസുമായി സഖ്യംവേണമെന്ന് സംസ്ഥാനസമിതിയിലെ 54 പേരില്‍ 43 പേരും ആവശ്യപ്പെട്ടു. ഇത് ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്റെ ആഭിമുഖ്യം വര്‍ധിക്കാന്‍ തുടങ്ങി. പശ്ചിമബംഗാളിലാണ് ഇത് കൂടുതല്‍ പ്രകടമായത്. പശ്ചിമബംഗാളിലെ പ്രമുഖ പാര്‍ട്ടിനേതാക്കള്‍ കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം പലപ്പോഴായി ഉന്നയിച്ചു. ''കോണ്‍ഗ്രസുമായുള്ള പ്രശ്‌നാധിഷ്ഠിത സഹകരണം തള്ളിക്കളയാനാവില്ല'' എന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും ബുദ്ധദേവ് സര്‍ക്കാരിലെ മന്ത്രിയുമായിരുന്ന ഗൗതംദേവ് വ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ, മുഹമ്മദ് സലിം, സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര എന്നിവര്‍ ഇതേ നിലപാടുകാരായിരുന്നു. യെച്ചൂരി ജനറല്‍ സെക്രട്ടറിയായത് ഇവര്‍ക്ക് കരുത്തുപകരുകയും ഔദ്യോഗികമായിത്തന്നെ കോണ്‍ഗ്രസ് സഹകരണത്തിന് തീരുമാനിക്കുകയുമായിരുന്നു. സത്യമിതായിരിക്കെയാണ് കോണ്‍ഗ്രസ് സഖ്യം സംബന്ധിച്ച വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് പിണറായി വിജയന്‍ പ്രതികരിച്ചത്. ഒരു സംഭവത്തെയോ സാഹചര്യത്തെയോ തങ്ങള്‍ക്ക് അനുകൂലമായി അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും മനസ്സിലാക്കാം. ഇക്കാര്യത്തില്‍ സിപിഎം നേതാക്കള്‍ സമര്‍ത്ഥരുമാണ്. എന്നാല്‍ സത്യം കണ്ണുമടച്ച് നിഷേധിക്കുന്നത് അപഹാസ്യമാണ്. പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് ഇതാണ് പിണറായി ചെയ്തത്. ഇതേ പിണറായി പങ്കെടുത്ത പാര്‍ട്ടിയുടെ കേന്ദ്രകമ്മറ്റി യോഗം സഖ്യത്തിന് പച്ചക്കൊടി കാണിച്ചുവെന്നതാണ് വിരോധാഭാസം. ഇതിനെക്കാള്‍ ലജ്ജാകരമായിരുന്നു വി.എസ്. അച്യുതാനന്ദന്റെ പ്രതികരണം. സിപിഎം -കോണ്‍ഗ്രസ് സഖ്യം വേണമെന്നത് ബംഗാളിലെ ജനവികാരമാണെന്നാണ് വിഎസ് പ്രസ്താവിച്ചത്. സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പശ്ചിമബംഗാളില്‍ ചേര്‍ന്ന പാര്‍ട്ടി പ്ലീനത്തിലും ഇങ്ങനെയൊരു 'ജനവികാര'ത്തെക്കുറിച്ച് സീതാറാം യെച്ചൂരിയും കോണ്‍ഗ്രസ് സഖ്യത്തെ അനുകൂലിക്കുന്ന സിപിഎം നേതാക്കളും പറയുകയുണ്ടായി. ഇതാണ് വിഎസും ആവര്‍ത്തിച്ചത്. ഏത് ജനവികാരത്തെക്കുറിച്ചാണ് ഇവര്‍ പറയുന്നത്! കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ ചേരണമെന്ന ജനവികാരമുണ്ടെന്ന് എങ്ങനെയാണ് ഇവര്‍ മനസിലാക്കിയത്? തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ, സിപിഎമ്മിന് അനുകൂലമായി ഇത്തരമൊരു വികാരം ജനങ്ങള്‍ക്കിടയില്‍ ശക്തമാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ ഒന്നടങ്കം സിപിഎമ്മിനും ഇടതുമുന്നണിക്കും വോട്ടുചെയ്യുമല്ലോ. പിന്നെയെന്തിനാണ് കോണ്‍ഗ്രസിന്റെ പിന്നാലെ പോകുന്നത്? കോണ്‍ഗ്രസിനും സിപിഎമ്മിനും അനുകൂലമായി ഇങ്ങനെയൊരു ജനവികാരം പശ്ചിമബംഗാളില്‍ ഇല്ലെന്നതാണ് സത്യം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അത് അസന്ദിഗ്ധമായി തെളിഞ്ഞതുമാണ്. യഥാര്‍ത്ഥത്തില്‍ ജനങ്ങള്‍ കയ്യൊഴിഞ്ഞിരിക്കുന്നു എന്നതാണ് ഇത്തരമൊരു അവിശുദ്ധവും അവസരവാദപരവും വഞ്ചനാത്മകവുമായ ഒരു സഖ്യത്തിലെത്തിച്ചേരാന്‍ ഇരുപാര്‍ട്ടികളെയും പ്രേരിപ്പിച്ചത്. ''സമരത്തിന്റെ മുഖ്യമായ ദിശ ബിജെപിക്ക് എതിരായിരിക്കുമ്പോള്‍ത്തന്നെ കോണ്‍ഗ്രസിനെ എതിര്‍ക്കുന്നത് പാര്‍ട്ടി തുടരും. കോണ്‍ഗ്രസ് പിന്തുടരുന്നത് നവലിബറല്‍ നയങ്ങളാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും വ്യാപകമായ അഴിമതിയുമാണ് ജനകീയ പിന്തുണയാര്‍ജിക്കാന്‍ ബിജെപിക്ക് സഹായകമായത്. പാര്‍ട്ടിക്ക് കോണ്‍ഗ്രസുമായി യാതൊരു ധാരണയോ തെരഞ്ഞെടുപ്പ് സഖ്യമോ ഉണ്ടാവില്ല'' എന്നാണ് വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നത്. ''ഇടതു-ജനാധിപത്യ സഖ്യമാണ് ബിജെപിക്കും കോണ്‍ഗ്രസിനും മറ്റ് ബൂര്‍ഷ്വാ-ഭൂപ്രഭുശക്തികള്‍ക്കും ശരിയായ ബദല്‍'' എന്നും പ്രമേയം അവകാശപ്പെടുകയുണ്ടായി. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസ് ഇങ്ങനെയൊക്കെ തീരുമാനിച്ച് ഒരുവര്‍ഷം കഴിയുന്നതിനുമുമ്പാണ് 'നവലിബറല്‍', 'ജനവിരുദ്ധ', 'അഴിമതി നിറഞ്ഞ' 'ബൂര്‍ഷ്വാ-ഭൂപ്രഭുശക്തികളെ പ്രതിനിധീകരിക്കുന്ന' കോണ്‍ഗ്രസുമായി സിപിഎം സഖ്യത്തിലായിരിക്കുന്നത്! ജനവികാരം അനുകൂലമായതുകൊണ്ടല്ല, നിലനില്‍പ്പുതന്നെ അപകടത്തിലായതാണ് പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. 34 വര്‍ഷം ബംഗാള്‍ ഭരിച്ച പാര്‍ട്ടി 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യക്ക് സ്വന്തം മണ്ഡലത്തില്‍പ്പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തകര്‍ച്ച പൂര്‍ണമായി. ആകെയുള്ള 42 സീറ്റില്‍ രണ്ട് സീറ്റും 22.96 ശതമാനം വോട്ടും മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. 9.69 ശതമാനം വോട്ട് ലഭിച്ച കോണ്‍ഗ്രസിന് കിട്ടിയതും രണ്ട് സീറ്റ്. തത്വദീക്ഷയും രാഷ്ട്രീയ സദാചാരവും മാറ്റിവച്ച് ഒരുമിച്ച് മത്‌സരിച്ചാല്‍ കൂടുതല്‍ സീറ്റ് നേടാമെന്ന തുല്യദുഃഖിതരുടെ വ്യാമോഹമാണ് സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് പിന്നിലുള്ളത്. പശ്ചിമബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന് അനുമതി നല്‍കിയ കേന്ദ്രകമ്മറ്റി തീരുമാനം മാധ്യമങ്ങളോട് വിശദീകരിക്കുമ്പോള്‍ അത് തെരഞ്ഞെടുപ്പ് സഖ്യമല്ല, മറ്റെന്തോ ആണെന്ന് വരുത്തിത്തീര്‍ക്കാനാണ് സീതാറാം യെച്ചൂരി ശ്രമിച്ചത്. കോണ്‍ഗ്രസുമായി എത്തിച്ചേര്‍ന്നിരിക്കുന്നത് സഖ്യമായാലും ധാരണയായാലും നീക്കുപോക്കായാലും ആ പാര്‍ട്ടിയുമായി സീറ്റ് പങ്കുവെച്ച് ഒരുമിച്ചു മത്‌സരിക്കുകയെന്ന കാര്യമാണ് സംഭവിക്കുക. ഒന്നാം യുപിഎ ഭരണകാലത്തിന്റെ തുടര്‍ച്ചയാണിതും. നാലരവര്‍ഷം യുപിഎ സര്‍ക്കാരിനെ പിന്തുണച്ചതാണ് സിപിഎം. ''അതുകൊണ്ട് കോണ്‍ഗ്രസുമായി പാര്‍ട്ടിക്ക് അയിത്തമില്ല'' എന്ന് പശ്ചിമബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തെ അനുകൂലിച്ചുകൊണ്ട് ഗൗതംദേവ് പറയുന്നതാണ് ശരി. ഇത് തുറന്നുപറയാനുള്ള ആര്‍ജവം യെച്ചൂരിക്കും അച്യുതാനന്ദനുമില്ല. ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമ്പോള്‍ 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി രണ്ടാം യുപിഎ സര്‍ക്കാരിന്റെയും ഭാഗമാകാനുള്ള തന്ത്രമാണ് ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ട് പയറ്റിയത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇടതുപാര്‍ട്ടികളുടെ അംഗബലം 23 സീറ്റുകളിലൊതുങ്ങി. സര്‍ക്കാരില്‍ ചേരാനുള്ള മോഹം പൊലിഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രണബ് കുമാര്‍ മുഖര്‍ജിയെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തില്‍ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന സൂചനയും സിപിഎം നല്‍കിയിരുന്നു. എന്നാല്‍ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും മുന്നേറ്റത്തില്‍ കോണ്‍ഗ്രസിനെപ്പോലെ സിപിഎമ്മിന്റെയും മോഹം തകര്‍ന്നടിയുകയായിരുന്നു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെ കേരളത്തില്‍ പിണറായിയെപ്പോലുള്ളവര്‍ നിഷേധിക്കുന്നത് ശുദ്ധകാപട്യമാണ്. സഖ്യം നിയമസഭാ തെരഞ്ഞെടുപ്പ്കാലത്തായിപ്പോയതാണ് ഇക്കൂട്ടര്‍ക്ക് പ്രശ്‌നം. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനെ പച്ചയക്ക് തിന്നാന്‍ നടന്ന വി.എസ്. അച്യുതാനന്ദന്‍ ആ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിനെ പരസ്യമായി പിന്തുണക്കുമ്പോള്‍ പിണറായിയുടെയും മറ്റും മറിച്ചുള്ള വാദഗതികള്‍ക്ക് യാതൊരു പ്രസക്തിയുമില്ല. അച്യുതാനന്ദനുപോലുമില്ലാത്ത കോണ്‍ഗ്രസ് വിരോധം എസ്എന്‍സി ലാവ്‌ലിന്‍ അഴിമതിക്കേസിലും ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലും മറ്റും ആ പാര്‍ട്ടിയില്‍നിന്ന് പല ആനുകൂല്യങ്ങളും നേടിയിട്ടുള്ള പിണറായിക്ക് ഉണ്ടെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ലല്ലോ. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം മുന്‍നിര്‍ത്തി രൂപീകരിച്ച ഐക്യജനാധിപത്യമുന്നണി പിരിച്ചുവിടണമെന്ന് ജീവിച്ചിരുന്നകാലത്ത് ഇഎംഎസ് ഇടക്കിടെ ആവശ്യപ്പെടുമായിരുന്നു. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ രൂപീകരിച്ച ഇടതുജനാധിപത്യ മുന്നണിയാണ് പിരിച്ചുവിടേണ്ടതെന്ന് അപ്പോള്‍ മറുപടിയും ലഭിക്കുമായിരുന്നു. കോണ്‍ഗ്രസ് വിരോധം എന്നൊന്ന് ഇപ്പോള്‍ സിപിഎമ്മിന് ഇല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ പിണറായിയും അച്യുതാനന്ദനും രാഷ്ട്രീയ സദാചാരത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ സ്വന്തം മുന്നണി പിരിച്ചുവിടണം. ഇ.എം.എസ്. നമ്പൂതിരിപ്പാടില്‍നിന്ന് സീതാറാം യെച്ചൂരിയിലെത്തുമ്പോള്‍ സിപിഎമ്മിന്റെ കോണ്‍ഗ്രസ് വിരോധം കോണ്‍ഗ്രസ് വിധേയത്വത്തിന് വഴിമാറിയിരിക്കുകയാണ്. പശ്ചിമബംഗാളിലെ സിപിഎം-കോണ്‍ഗ്രസ് സഖ്യം പ്രാദേശികതലത്തില്‍ ഒതുങ്ങുന്നതല്ല. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനുശേഷം പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തില്‍പ്പെടുന്ന കക്ഷികളെപ്പോലെയാണ് ഇടതുപാര്‍ട്ടികള്‍ പ്രത്യേകിച്ച് സിപിഎം പെരുമാറുന്നത്. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്ന പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയത്തിന് സിപിഎം നേതൃത്വം പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ഇപ്പോഴത്തെ സഖ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണ്. അന്ന് കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന സഖ്യത്തെ പശ്ചിമബംഗാളിലെ ഇപ്പോഴത്തെ സഖ്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാമെന്നാണ് സിപിഎം നേതൃത്വം കണക്കുകൂട്ടുന്നത്. സിപിഎമ്മിന്റെ ചിഹ്‌നം അരിവാള്‍ ചുറ്റിക നക്ഷത്രവും കോണ്‍ഗ്രസിന്റേത് പല മാറ്റങ്ങള്‍ക്ക് വിധേയമായി കൈപ്പത്തിയായതും എത്ര സ്വാഭാവികം! കയ്യില്ലെങ്കില്‍ അരിവാളും ചുറ്റികയും ഉപയോഗിക്കാനാവില്ലല്ലോ. നക്ഷത്രത്തിലേക്ക് വിരല്‍ചൂണ്ടാനുമാവില്ല. നക്ഷത്രങ്ങള്‍ പൊലിഞ്ഞാണല്ലോ തമോഗര്‍ത്തം രൂപപ്പെടുന്നത്.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.