കോമളപുരം സ്പിന്നിങ് മില്‍ രണ്ടാമതും ഉദ്ഘാടനം ചെയ്യുന്നു

Wednesday 24 February 2016 10:35 pm IST

കോമളപുരം സ്പിന്നിങ് മില്‍ (ഫയല്‍ ചിത്രം)

ആലപ്പുഴ: വൈദ്യുതി ലഭിക്കുന്നതിന് മുമ്പ് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ അവസാന കാലയളവില്‍ ഉദ്ഘാടനം നടത്തി പൊതുജനത്തെ കബളിപ്പിച്ച കോമളപുരം സ്പിന്നിങ് ആന്റ് വീവിങ് മില്‍സ് യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നു.

കഴിഞ്ഞ സര്‍ക്കാര്‍ ഉദ്ഘാടനം നടത്തിയ ശേഷം അഞ്ചു വര്‍ഷവും അടഞ്ഞു കിടന്ന സ്ഥാപനം വീണ്ടും ഉദ്ഘാടനം ചെയ്ത് യുഡിഎഫ് സര്‍ക്കാരും നടത്തുന്നത് മറ്റൊരു തട്ടിപ്പാണ്. ജീവനക്കാരെ നിയമിക്കുന്നതില്‍ ധാരണയാകാത്ത സാഹചര്യത്തില്‍ ഇപ്പോഴത്തെ ഉദ്ഘാടനവും വെറും തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നാണ് ആക്ഷേപം ഉയരുന്നത്. 26ന് വൈകിട്ട് മൂന്നിന് മന്ത്രി രമേശ് ചെന്നിത്തലയാണ് സ്പിന്നിങ് മില്‍ വീണ്ടും ഉദ്ഘാടനം ചെയ്യുന്നത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരള സ്പിന്നേഴ്‌സ് 2003 മാര്‍ച്ചിലാണ് പ്രവര്‍ത്തനം നിലച്ചത്.

2010ല്‍ സ്ഥാപനം കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. തുടര്‍ന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നവീകരിക്കാനായി കേരളാ സ്റ്റേറ്റ് ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന് കൈമാറുകയായിരുന്നു. 18,240 സ്പിന്‍ഡില്‍ ശേഷിയുള്ള സ്പിന്നിങ് യൂണിറ്റും 30 എയര്‍ജെറ്റ് തറികളും സ്ഥാപിച്ചിട്ടുണ്ട്.

1966ല്‍ കോമളപുരത്ത് രണ്ടരയേക്കര്‍ സ്ഥലത്ത് ആരംഭിച്ച സ്ഥാപനത്തില്‍ നാനൂറോളം തൊഴിലാളികള്‍ക്ക് പ്രത്യക്ഷമായും നിരവധിപേര്‍ക്ക് മറ്റ് അനുബന്ധമേഖലകളിലും തൊഴില്‍ ലഭിച്ചിരുന്നു. തുടക്കത്തില്‍ ബിര്‍ളാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്നെങ്കിലും പിന്നീടിത് വടക്കേ ഇന്ത്യയിലെ ഉത്തംഗ്രൂപ്പിന് കൈമാറിയതോടെയാണ് സ്ഥാപനത്തിന് ശനിദശ തുടങ്ങിയത്. സ്ഥാപനം ഇടയ്ക്കിടെ അടച്ചുപൂട്ടുന്നത് വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ടെക്‌സ്‌റ്റൈല്‍സ് കോര്‍പ്പറേഷനു കൈമാറുകയായിരുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് കോടികള്‍ ചെലവഴിച്ചാണ് സ്ഥാപനം ടെക്‌സ്‌റൈല്‍സ് കോര്‍പ്പറേഷനു കൈമാറിയത്.

എന്നാല്‍ ഇവിടെ സിപിഎം അനുകൂലികളെയും, നേതാക്കള്‍ നല്‍കുന്ന ലിസ്റ്റില്‍ നിന്നുള്ള തൊഴിലാളികളെയും നിയമിക്കാനുമാണ് ശ്രമം നടന്നത്. ഇതിനെതിരെ മുന്‍ തൊഴിലാളികള്‍ ഹൈക്കോടതിയെ സമീപിച്ചു. നിയമ കുരുക്ക് നീണ്ടതോടെ സ്ഥാപനം അടഞ്ഞു തന്നെ കിടന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പൂര്‍ണമായി പരിഹരിക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പിന്നിങ് മില്ലിന്റെ ഉദ്ഘാടനം നടത്തിയത് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചായിരുന്നു. വൈദ്യുതി കണക്ഷന്‍ ലഭിച്ചത് ഏതാനും ദിവസങ്ങള്‍ മുന്‍പാണ്. ഇവിടെ സ്ഥാപിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന യന്ത്രങ്ങള്‍ പലതും കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം അടഞ്ഞു കിടന്നതിനാല്‍ തുരുമ്പെടുത്ത് നശിച്ചു.

പഴയ ഉപകരണങ്ങള്‍ ആക്രി വിലയ്ക്ക് മറിച്ചു വിറ്റതിനെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. അഞ്ചു വര്‍ഷത്തെ ഇടവേളകള്‍ക്കിടയില്‍ ഒരു സ്ഥാപനം തന്നെ വീണ്ടും, വീണ്ടും ഉദ്ഘാടനം നടത്തി ഇടതു വലതു സര്‍ക്കാരുകള്‍ വിഡ്ഢികളാക്കുന്നത് പൊതുജനത്തെയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.