ജെഎന്‍യു: അറസ്റ്റിലായവര്‍ കുറ്റം സമ്മതിച്ചു

Thursday 25 February 2016 1:50 am IST

ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് കുറ്റം സമ്മതിച്ചു. ഇരുവരെയും മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പാര്‍ലമെന്റാക്രമണക്കേസില്‍ രാജ്യം തൂക്കിലേറ്റിയ കൊടും പാക്ഭീകരനായ രാജ്യദ്രോഹി അഫ്‌സല്‍ ഗുരുവിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്ന് ജെഎന്‍യുവിലെ ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് ഉമര്‍ ഖാലീദ് സമ്മതിച്ചു. അഫ്‌സല്‍ ഗുരുപ്രശ്‌നം തന്റെ ഹൃദയത്തോട് വളരെ അടുത്ത ഒന്നാണെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായും പോലീസ് വെളിപ്പെടുത്തി. അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്നും ഇയാള്‍ സമ്മതിച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി കീഴടങ്ങിയ ഖാലിദിനെയും സുഹൃത്ത് അനിര്‍ബെന്‍ ഭട്ടാചാര്യയെയും പോലീസ് അഞ്ചു മണിക്കൂറാണ് ചോദ്യം ചെയ്തത്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി നടത്തണമെന്ന ആശയം അവതരിപ്പിച്ചത് ഉമര്‍ ഖാലീദാണ്. ഇതിനു വേണ്ട പ്രചാരണ ഉപാധികള്‍ (ലഘുലേഖകളും മറ്റും) തയ്യാറാക്കിയത് ഭട്ടാചാര്യയാണ്, പോലീസ് പറഞ്ഞു. പരിപാടിയുടെ ചിത്രങ്ങളും അവിടെക്കൂടിയിരുന്നവരുടെ ചിത്രങ്ങളും ഇവരെ കാണിച്ചെങ്കിലും ആരെയുംഅറിയില്ലെന്നായിരുന്നു മറുപടി. സര്‍വ്വകലാശാല അനുമതി നല്‍കാതിരുന്നിട്ടും എന്തിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചോദിച്ചപ്പോഴാണ് അഫ്‌സല്‍ ഗുരു പ്രശ്‌നം തന്റെ ഹൃദയത്തോട് വളരെ അടുത്ത ഒന്നാണെന്ന് ഉമര്‍ ഖാലിദ് മറുപടി നല്‍കിയത്. പതിനഞ്ചു ചോദ്യങ്ങളാണ് പോലീസ് ഉമറിനോട് ചോദിച്ചത്. ഇത്രയും ദിവസം എവിടെയാണ് ഒളിവില്‍ കഴിഞ്ഞത്. ഒളിവില്‍ കഴിയാന്‍ ആരാണ് സഹായിച്ചത്,ധനസഹായം നല്‍കിയത് ആരാണ്,ഫെബ്രുവരി ഒന്‍പതിന് അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയതിനു പിന്നിലെ ലക്ഷ്യമെന്തായിരുന്നു, പരിപാടി നടത്താന്‍ സര്‍വ്വകലാശാല അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നോ, അഫ്‌സല്‍ ഗുരുവിനു വേണ്ടി മുദ്രാവാക്യം വിളിച്ചോ, ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചത് എന്തിനാണ്, പരിപാടി സംഘടിപ്പിക്കുന്നതിലും മുദ്രാവാക്യം വിളിക്കുന്നതിലും ആരൊക്കെയാണ് പങ്കെടുത്തത്, ബാനറുകള്‍ ആരാണ് തയ്യാറാക്കിയത്, പരിപാടി സംഘടിപ്പിക്കാനുള്ള ഫണ്ട് എവിടെ നിന്നാണ് ലഭിച്ചത്, നിങ്ങളില്‍ ആര്‍ക്കാണ് ഗിലാനിയെ അറിയുന്നത്, ആരെങ്കിലും പറഞ്ഞിട്ടാണോ ഭാരത വിരുദ്ധ മുദ്രാവാക്യം വിളിച്ചത് അതോ സ്വയം തോന്നിയാണോ, ഫെബ്രുവരി ഒന്‍പതിന് നിങ്ങള്‍ എവിടെയായിരുന്നു, കനയ്യയെ എത്രനാളായി അറിയാം,പരിപാടി സംഘടിപ്പിക്കുന്ന കാര്യം സംസാരിക്കാന്‍ നിങ്ങള്‍ എവിടെ വച്ചാണ് കനയ്യയെ കണ്ടത് എന്നിവയായിരുന്നു ചോദ്യങ്ങള്‍. ചോദ്യം ചെയ്യലിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.