കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

Thursday 25 February 2016 3:54 am IST

തിരുവനന്തപുരം: യുഡിഎഫില്‍ തങ്ങളെ പ്രത്യേക ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ടു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. കേരള കോണ്‍ഗ്രസ് പിളര്‍പ്പിലേക്കു നീങ്ങുന്നുവെന്ന വ്യക്തമായ സൂചനയാണ് പി.ജെ. ജോസഫിന്റെ നീക്കം. കെ.എം. മാണി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്ന പ്രധാന പരാതി. ഇക്കാരണത്തില്‍ നാളുകളായി ജോസഫും മാണിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്ക്കുന്നുണ്ട്. ദില്ലിയില്‍ കെ.എം. മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍നിന്നു പി.ജെ. ജോസഫ് വിഭാഗം വിട്ടു നില്ക്കുകയും ചെയ്തു പാര്‍ട്ടി വിട്ടാലും തങ്ങളെ പ്രത്യേക ഘടകകക്ഷിയായി നിലനിര്‍ത്തണമെന്ന് പി.ജെ. ജോസഫിന്റെ നേതൃത്വത്തില്‍ ജോസഫ് വിഭാഗം എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെടുകയായിരുന്നു. പി. ജെ. ജോസഫിനെക്കൂടാതെ ടി. യു. കുരുവിള, മോന്‍സ് ജോസഫ് എന്നിവരാണ് ജോസഫ് വിഭാഗത്തിലെ എംഎല്‍എമാര്‍. ആവശ്യം പരിശോധിക്കാമെന്ന് ഉറപ്പ് നല്‍കിയ ഉമ്മന്‍ചാണ്ടി അവസാനവട്ട ഒത്തുതീര്‍പ്പിനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിലെ ഭിന്നതകളാണ് ജോസഫ് വിഭാഗത്തെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. രണ്ട് സീറ്റുകള്‍ മാത്രമേ ജോസഫ് വിഭാഗത്തിന് അനുവദിക്കാനാകൂ എന്ന മാണിയുടെ കര്‍ക്കശ നിലപാടാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇതില്‍ പ്രതിഷേധിച്ച് ജോസഫ് വിഭാഗം ദല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന് വിട്ടുനിന്നു. ആറ് സീറ്റുകള്‍ക്കാണ് ജോസഫ് ഗ്രൂപ്പ് അവകാശം ഉന്നയിക്കുന്നത്. മോന്‍സ് ജോസഫിന് കടുത്തുരുത്തി നല്‍കില്ലെന്നും വേണമെങ്കില്‍ ഏറ്റുമാനൂര്‍ നല്‍കാമെന്നുമായിരുന്നു മാണിയുടെ നിലപാട്. ഇതോടെ ടി.യു. കുരുവിളയോ മോന്‍സോ മത്സരരംഗത്തു നിന്ന് പിന്മാറേണ്ടി വരും. ഇതില്‍ കടുത്ത പ്രതിഷേധം ജോസഫ് മാണിയെ അറിയിച്ചിരുന്നു. ബാര്‍ കോഴക്കേസ് മുതല്‍ മാണിയും ജോസഫും രണ്ടു ധ്രുവങ്ങളിലായിരുന്നു. കേസില്‍ കെ. എം. മാണി രാജിവച്ച് അന്വേഷണം നേരിടണം എന്ന നിലപാടായിരുന്നു തുടക്കം മുതലേ ജോസഫ് സ്വീകരിച്ചിരുന്നത്. തന്റെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ച മാണി, ജോസഫിന് പിസി ജോര്‍ജിന്റെ അവസ്ഥയുണ്ടാകുമെന്ന് പരസ്യമായി പറയുകയും ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.