ശിശുഭവനില്‍ നിന്ന് കാണാതായ 47 കുട്ടികളെക്കുറിച്ച് വിവരമില്ല

Saturday 20 May 2017 3:38 am IST

തിരുവനന്തപുരം: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സംസ്ഥാനത്തെ സര്‍ക്കാര്‍ ശിശുഭവനങ്ങളില്‍നിന്ന് കാണാതായത് 47 കുട്ടികള്‍. ഇതിനുപുറമെ സര്‍ക്കാര്‍ നടത്തുന്ന നിരീക്ഷണ ഭവനങ്ങളില്‍നിന്ന് എട്ടു കുട്ടികളും കാണാതായിട്ടുണ്ട്. ഈ കുട്ടികളെ കണ്ടെത്താനായിട്ടുണ്ടെന്ന് ഇന്നലെ നിയമസഭയില്‍ വച്ച എജി റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടികളുടെ പ്രത്യേക ശിശുഭവനമില്ലാത്തതിനാല്‍ 2012-15 കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ 188 പെണ്‍കുട്ടികളെയും ആലപ്പുഴ ജില്ലയില്‍ 55 പെണ്‍കുട്ടികളെയും വിവിധ അനാഥാലയങ്ങളിലേക്ക് അയച്ചു. സുരക്ഷിതത്വവും കരുതലും ആവശ്യമായ കുട്ടികളെ കുറ്റവാസനയുള്ളവരും കുറ്റക്കാരുമായ കുട്ടികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ നിരീക്ഷണ ഭവനങ്ങളും ശിശിഭവനങ്ങളും സര്‍ക്കാര്‍ ഒന്നിച്ചുനടത്തുന്നത് കാരണമാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭവനങ്ങളുടെ മേല്‍നോട്ടത്തിന് സംസ്ഥാന, ജില്ലാ നഗരതലത്തില്‍ പരിശോധനാസമിതി രൂപീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. കോഴിക്കോട് പെണ്‍കുട്ടികള്‍ക്കായുള്ള ശിശുഭവനത്തിലെ അന്തേവാസികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലൈംഗിക ചൂഷണത്തിന് സസ്‌പെന്റ് ചെയ്ത ഒരു ഇലക്ട്രീഷ്യന്‍ കം പമ്പ് ഡ്രൈവറെ സര്‍വീസില്‍ തിരിച്ചെടുത്ത് പെണ്‍കുട്ടികളുടെ ഭവനത്തിലേക്ക് പ്രവേശനം അനുവദിച്ചത് നിലവിലുള്ള നിയമത്തിന്റെയും ചട്ടങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും എജി ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.