കേന്ദ്രസര്‍വകലാശാലയിലെ എസ്എഫ്‌ഐ സമരം അനാവശ്യം: എബിവിപി

Thursday 25 February 2016 10:24 am IST

കാഞ്ഞങ്ങാട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്നത് അനാവശ്യസമരമാണെന്ന് എബിവിപി ആരോപിച്ചു. ഹോസ്റ്റല്‍ ഫീസില്‍ നിന്ന് എസ്‌സി, എസ്ടി വിഭാഗക്കാരെ ഒഴിവാക്കുക, മറ്റു വിഭാഗങ്ങള്‍ക്ക് ഫീസ് നിരക്ക് കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി ഒഴികെ മറ്റു പന്ത്രണ്ടോളം യൂണിയനുകള്‍ സമരം നടത്തുന്നത്. നിലവില്‍ പെരിയ കേന്ദ്രസര്‍വകലാശാലയില്‍ സമരക്കാര്‍ ആരോപിക്കുന്ന പ്രശ്‌നങ്ങള്‍ വിദ്യാര്‍ഥി യൂണിയനുകളായ എബിവിപി, എസ്എഫ്‌ഐ, എന്‍എസ്‌യു, എഎസ്എ, എംഎസ്എഫ് തുടങ്ങിയ പതിമൂന്നോളം സംഘടനകളുമായി ജനുവരി 27ന് വൈസ് ചാന്‍സലറുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതാണ്. സമരത്തില്‍ യൂണിയനുകള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമായ എസ്‌സി, എസ്ടി ഹോസ്റ്റല്‍ ഫീസ് കുറക്കണമെന്ന് ആവശ്യം പരിഹരിക്കാമെന്നതും മറ്റുവിഭാഗങ്ങള്‍ക്ക് ഫീസ് നിരക്കില്‍ കുറവ് വരുത്താമെന്നും അധികൃതര്‍ സമ്മതിച്ചതുമാണ്. മാര്‍ച്ച് 19 ന് സാമ്പത്തിക വിഭാഗം യോഗം ചേര്‍ന്നതിന് ശേഷമെ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കാന്‍ സാധിക്കുകയുള്ളുവെന്ന സര്‍വകലാശാല അധികൃതരുടെ വാദം എസ്എഫ്‌ഐയും എബിവിപിയും ഉള്‍പ്പെടെയുള്ള സംഘടനകള സമ്മതിച്ചതുമാണ്. വസ്തുതകള്‍ ഇതായിരിക്കെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ മറ്റുവിദ്യാര്‍ഥി സംഘടനകളെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരം കേന്ദ്രസര്‍വകലാശാലകള്‍ക്കെതിരെയുള്ള ദേശവിരുദ്ധ ശക്തികളുടെ അജണ്ഡ നടപ്പിലാക്കലാണെന്ന് എബിവിപി ജില്ലാ കണ്‍വീനര്‍ വൈശാഖ് കേളോത്ത് പറഞ്ഞു. ജെഎന്‍യു വിഷയം മുഴുവന്‍ സര്‍വകലാശാലകളിലും വ്യാപിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് എസ്എഫ്‌ഐ ശ്രമിക്കുന്നത്. ജെഎന്‍യുവില്‍ ദേശവിരുദ്ധര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയ എസ്എഫ്‌ഐ ഹോസ്റ്റല്‍ ഫീസ് പ്രശ്‌നം പറഞ്ഞ് സര്‍വകലാശാലകളില്‍ ദളിത്, പിന്നോക്ക വിഭാഗക്കാര്‍ക്ക് പഠനം നടത്താന്‍ പറ്റാത്ത സാഹചര്യമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കുന്നു എന്ന കുപ്രചരണം നടത്തിയാണ് വിദ്യാര്‍ഥികളെ സമരത്തിനിറക്കുന്നത്. ഇത്തരത്തിലുള്ള ഒരു തീരുമാനവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. സത്യാവസ്ഥ മനസിലാക്കി വിദ്യാര്‍ഥികള്‍ സമരത്തില്‍ നിന്നും പിന്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.