സ്ത്രീസുരക്ഷയ്ക്ക് മുന്‍ഗണന

Saturday 8 April 2017 9:45 pm IST

സ്ത്രീ സുരക്ഷയ്ക്ക് ഇത്തവണയും പ്രാധാന്യം നല്‍കിക്കൊണ്ടാണ് കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു രണ്ടാമത്തെ ബജറ്റും അവതരിപ്പിച്ചത്. സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ ട്രെയിനുകളിലേയും വനിതാ കമ്പാര്‍ട്ടുമെന്റ് മധ്യഭാഗത്തേക്ക് മാറ്റും. സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിട്ടുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ആരംഭിക്കും. എല്ലാ റിസര്‍വേഷനിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉണ്ടാകും. അമ്മമാര്‍ക്കൊപ്പം യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ഇനി ബേബി ഫുഡും ചൂടുപാലും വെള്ളവും ലഭ്യമാക്കും. നിലവില്‍ 311 റെയില്‍വേ സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ മറ്റുസ്റ്റേഷനുകളിലേക്കും തത്കാല്‍ കൗണ്ടറുകളിലേക്കും ദീര്‍ഘിപ്പിക്കുന്നതാണ്. ദിവ്യാംഗര്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ലോവര്‍ ബെര്‍ത്ത് സംവരണം 50 ശതമാനമായി ഉയര്‍ത്തി. അതേസമയം, റെയില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശ്ശനമാക്കിയതുമൂലം അപകടങ്ങളുടെ നിരക്കില്‍ 20 ശതമാനം കുറഞ്ഞിട്ടുണ്ട്. യാത്രക്കാര്‍ക്കിടയില്‍ സാമൂഹിക സുരക്ഷയെക്കുറിച്ച് അവബോധം ഉണ്ടാക്കിയെടുക്കുന്നതിനായി റെയില്‍വേ സ്‌റ്റേഷനുകളിലെ ചുവരുകളില്‍ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും പതിക്കുന്നതാണ്. ടിക്കറ്റിനൊപ്പം യാത്രക്കാരന് ആവശ്യമുണ്ടെങ്കില്‍ ഇന്‍ഷുറന്‍സ് ആവശ്യപ്പെടാം. ഒന്നരലക്ഷം കോടി രൂപ ഇതിനായി നിക്ഷേപിക്കും. ഇതുസംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനികളുമായി കേന്ദ്രം ചര്‍ച്ച നടത്തിവരികയാണ്. നിര്‍ദേശങ്ങളും വിവരങ്ങളും യാത്രക്കരെ അറിയിക്കുന്നതിനായി 2000 സ്റ്റേഷനുകളില്‍ 20,000 പ്രദര്‍ശന സ്‌ക്രീനുകള്‍ സ്ഥാപിക്കും. 2020 ഓടെ രാജ്യത്തെ എല്ലാ ആളില്ലാലെവല്‍ക്രോസുകള്‍ ഒഴിവാക്കും. താഴ്ന്ന കമ്പാര്‍ട്ടുമെന്റുകള്‍ ഉയര്‍ത്തും. റെയില്‍വേയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ അറിയിക്കുന്നതിനായി മൊബൈല്‍ ആപ്പും കൊണ്ടുവരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.