തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം: ബിഎംഎസ്

Thursday 25 February 2016 8:55 pm IST

ആലപ്പുഴ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തൊഴിലാളി ദ്രോഹ നയങ്ങള്‍ അവസാനിപ്പിച്ച് നിലവിലുള്ള ത്രികക്ഷി സമ്പ്രദായം ശക്തിപ്പെടുത്തി തൊഴില്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. വിജയകുമാര്‍ ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവില്‍ നടപ്പില്‍ വരുത്തിയ ബോണസ് ഭേദഗതി, അസംഘടിത മേഖലാ തൊഴിലാളികളായ ഓട്ടോറിക്ഷ, ആശാ വര്‍ക്കേഴ്‌സ്, അങ്കണവാടി, സ്‌ക്കൂള്‍ ഉച്ചഭക്ഷണ പാചകതൊഴിലാളികള്‍ എന്നിവര്‍ക്ക് നടപ്പാക്കിയ ഇഎസ്‌ഐ പദ്ധതി, രണ്ടു കോടിയോളം നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഎഫ് പദ്ധതി, പിഎഫ് പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചത്, പ്രസവാനുകൂല്യം 12 ആഴ്ചയില്‍ നിന്ന് 26 ആഴ്ചയായി വര്‍ദ്ധിപ്പിച്ചത്, ഗ്രാറ്റുവിറ്റി ലഭിക്കുന്നതിന് മൂന്നു വര്‍ഷമാക്കി ചുരുക്കിയത് തുടങ്ങിയ തീരുമാനങ്ങള്‍ എടുത്ത മോദി സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. നേരത്തെ കേന്ദ്രതൊഴില്‍ സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഉറപ്പുകള്‍ പാലിച്ചു അംഗീകരിച്ച ആവശ്യങ്ങള്‍ ഉടന്‍ നടപ്പാക്കണമെന്നും, പുതിയ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്‌ളിഷ്‌മെന്റ് ബില്‍ നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴില്‍ നിയമ സംരക്ഷണത്തെ തുരങ്കം വെയ്ക്കുന്ന സ്റ്റാര്‍ട്ട് അപ് ഇന്ത്യാ- സ്റ്റാന്‍ഡ് അപ് ഇന്ത്യാ പ്രോഗ്രാം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി സി. ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പി. ബി. പുരുഷോത്തമന്‍, കെ. കൃഷ്ണന്‍ കുട്ടി, സി. ഗോപകുമാര്‍, എന്‍. വേണുഗോപാല്‍, പി. ശ്രീകുമാര്‍, സുഭാഷ് എന്നിവര്‍ സംസാരിച്ചു. ബിനീഷ് ബോയ് സ്വാഗതവും, അനിയന്‍ സ്വാമിച്ചിറ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.