ജൈവ വൈവിധ്യ പുരസ്‌കാര നിറവില്‍ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Thursday 25 February 2016 10:14 pm IST

ശ്രീകണ്ഠപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഈ വര്‍ഷത്തെ മികച്ച ജൈവവൈവിധ്യ ക്ലബ്ബിനുള്ള പുരസ്‌കാരം ശ്രീകണ്ഠപുരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നേടി. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. അപൂര്‍വ്വവും നാശോന്മുഖവുമായ ചെടികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള ശാന്തിസ്ഥല്‍ എന്ന ബോര്‍ഡിന്റെ പദ്ധതി വിജയകരമായി നടപ്പിലാക്കയതിനാണ് പുരസ്‌കാരം. ശ്രീകണ്ഠപുരത്ത് പന്നിയോട്ടുമൂലയിലുള്ള ജൈവ വൈവിധ്യ പാര്‍ക്കില്‍ 120 വിഭാഗങ്ങളിലായി 600 ചെടികളാണ് വച്ചുപിടിപ്പിച്ചിട്ടുള്ളത്. പാര്‍ക്കില്‍ ജൈവവൈവിധ്യ സര്‍വ്വെ സംഘടിപ്പിച്ച് ചെടികള്‍, പക്ഷികള്‍, പൂമ്പാറ്റകള്‍ തുടങ്ങിയവയെ നിരീക്ഷിച്ച് രേഖപ്പെടുത്തി. വയനാട് പേര്യ പഴശ്ശിരാജ ട്രൈബല്‍ വിദ്യാലയത്തില്‍ 'കാടകം' എന്നപേരില്‍ പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ ക്യാമ്പനുഭവങ്ങള്‍ സമാഹരിച്ച് പുസ്തകമായി പ്രസിദ്ധീകരിച്ചു. കല്പറ്റ എംഎസ് സ്വാമിനാഥന്‍ ആഗ്രോ ബയോഡൈവഴ്‌സിറ്റി സെന്റര്‍, വയനാട് 'ഉറവ്' മുള നെഴ്‌സറി എന്നിവിടങ്ങളില്‍ നിന്നും ചെടികള്‍ പാര്‍ക്കിലെത്തിച്ചു. കാടിനുള്ളില്‍ നിന്ന് ആദിവാസികളുടെ സഹായത്തോടെ അപൂര്‍വ്വചെടികള്‍ ശേഖരിച്ചു. ആറളം വന്യജീവി സങ്കേതത്തില്‍ നടന്ന പ്രകൃതി പഠന ക്യാമ്പില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരായ വി.സി.ബാലകൃഷ്ണന്‍, വി.ആര്‍.വിനയരാജ്, പി.കെ.ഗിരീഷ് മോഹന്‍, വിജയകുമാര്‍ ബ്ലാത്തൂര്‍, മാത്യു കളരിക്കല്‍ തുടങ്ങിയവരുടെ നിരന്തരമായ മാര്‍ഗ്ഗ നിര്‍ദ്ദേശവും മേല്‍നോട്ടവും ജൈവവൈവിധ്യ പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലൂസി ഈപ്പന്‍ പുരസ്‌കാരം ഏറ്റുവാങ്ങി, ടി.എം.രാജേന്ദ്രനാണ് ക്ലബ് കോഡിനേറ്റര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.