സമ്പദ്‌രംഗം മുന്നോട്ട്; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 7-7.75%

Saturday 27 February 2016 12:59 am IST

ന്യൂദല്‍ഹി: ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലേക്ക്. നിരവധി വര്‍ഷത്തെ വളര്‍ച്ചാമുരടിപ്പിനു ശേഷം നരേന്ദ്രമോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ഫലംകണ്ടുതുടങ്ങിയെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ വെച്ചു. 2016-17ല്‍ സാമ്പത്തികവളര്‍ച്ച 7-7.75 ശതമാനം വരെയെത്തുമെന്ന് സര്‍വ്വേ വ്യക്തമാക്കുന്നുണ്ട്. ചരക്കു സേവന നികുതി നടപ്പാകുന്നതോടെ ഉണ്ടാകുന്ന ഒന്നര ശതമാനത്തിന്റെ വളര്‍ച്ച കണക്കാക്കാതെയാണിത്. സേവന മേഖലയില്‍ 66.1 ശതമാനം റെക്കോര്‍ഡ് വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചു. വ്യാവസായിക മേഖലയിലും വളര്‍ച്ചാനിരക്ക് ഉയര്‍ന്നിട്ടുണ്ട്. ലോകരാജ്യങ്ങളുടെ സമ്പദ്‌രംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടന വളര്‍ച്ചയുടെ പാതയിലാണ്. ആഗോളതലത്തിലുള്ള സാഹചര്യങ്ങളെ നേരിട്ട് രാജ്യത്തിന്റെ വളര്‍ച്ച നിലനിര്‍ത്തുകയെന്ന വെല്ലുവിളിയാണ് മുന്നിലുള്ളത്, സര്‍വ്വേ പറയുന്നു. അന്താരാഷ്ട്ര വിപണിയിലെ എണ്ണവിലയിലെ ഇടിവ് ധനക്കമ്മി പിടിച്ചുനിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാരിനെ സഹായിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നിലവില്‍ 3.9 ശതമാനമാണ് ധനക്കമ്മി. എന്നാല്‍ ഏഴാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ ധനക്കമ്മി ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധവുണ്ടായപ്പോള്‍ ഇറക്കുമതിയില്‍ 79 ശതമാനമാണ് വര്‍ദ്ധനവ്. നിര്‍മ്മാണമേഖലയിലെ ഉത്പാദനത്തില്‍ 2015-16ല്‍ 3.1 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. മുന്‍വര്‍ഷം ഇത് 1.8 ശതമാനമായിരുന്നു. പെട്രോളിയം ശുദ്ധീകരണം, വാഹന നിര്‍മ്മാണം, തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍, ഇലക്ട്രിക്കല്‍ യന്ത്രോപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള മര ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഉത്പാദനത്തിലുണ്ടായ വളര്‍ച്ചയാണ് നിര്‍മ്മാണ മേഖലയിലെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. അതേ സമയം ഊര്‍ജ്ജം, വാതകം, ജലവിതരണം, ഖനനം, ക്വാറികളിലെ ജോലികള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ച പിന്നോട്ടാണ്. അതിരൂക്ഷമായ വരള്‍ച്ചയെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനക്കുറവുണ്ടായത് വളര്‍ച്ചയുടെ വേഗത കുറച്ചു. പണപ്പെരുപ്പത്തിന്റെ തോത് അഞ്ചു ശതമാനത്തില്‍ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ക്ഷ്യമിടുന്നതെന്ന് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയ്യാറാക്കിയ സര്‍വ്വെ വ്യക്തമാക്കുന്നു. സാമ്പത്തികരംഗത്ത് നടപ്പാക്കിയ വലിയ പരിഷ്‌ക്കരണങ്ങള്‍ മൂലമാണ് രാജ്യത്തിന്റെ സമ്പദ് രംഗത്ത് വലിയ വളര്‍ച്ച ഉണ്ടായത്. വിദേശനിക്ഷേപ വ്യവസ്ഥകളില്‍ വരുത്തിയ ഇളവുകളും അടിസ്ഥാനമേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ വിജയിച്ചതുമാണ് വളര്‍ച്ചാ നിരക്ക് ഉയരാന്‍ സഹായിച്ചത്. എല്‍പിജി സബ്‌സിഡി തുക നേരിട്ട് നല്‍കിയതും എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതി വിജയിച്ചതും പ്രധാന പരിഷ്‌ക്കരണ നേട്ടങ്ങളായി. സബ്‌സിഡി ഇനത്തില്‍ ഒരുലക്ഷം കോടി രൂപയാണ് ജനങ്ങള്‍ക്ക് ലഭിച്ചത്. എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ചതുവഴി 45,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ലാഭിച്ചതായും സര്‍വ്വെയില്‍ പറയുന്നു. സാമ്പത്തിക പരിഷ്‌ക്കരണ പ്രക്രിയ മുന്നോട്ട് കൊണ്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിഞ്ജാബദ്ധമാണെന്ന് വ്യക്തമാക്കുന്ന സര്‍വ്വെയാണ് കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വെച്ചിരിക്കുന്നത്. 2014-15 ല്‍ 7.2 ശതമാനവും, 2015-16 ല്‍ 7.6 ശതമാനവും വളര്‍ച്ച കൈവരിച്ച ഭാരതം 8 ശതമാനത്തിലധികം വളര്‍ച്ച നിരക്ക് നേടി ലോകത്തെ പ്രധാന സമ്പദ്ഘടനകളില്‍ ഒന്നായി മാറാനാണ് ശ്രമിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.