വിദേശ നാണ്യശേഖരം 351.5 ബില്യണ്‍ ഡോളര്‍

Friday 26 February 2016 10:16 pm IST

ന്യൂദല്‍ഹി: 2015-16 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജനുവരി കാലയളവില്‍ രാജ്യത്തിന്റെ വ്യാപാര കമ്മി 106.8 ബില്യണ്‍ ഡോളറായി കുറഞ്ഞുവെന്ന് സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ല്‍ ഇതേ കാലയളവില്‍ 119.6 ബില്യണ്‍ ഡോളറായിരുന്നു വ്യാപാര കമ്മി. കയറ്റുമതിയിലെ മാന്ദ്യം കുറച്ചു നാള്‍ കൂടി തുടര്‍ന്നശേഷം അടുത്ത സാമ്പത്തിക വര്‍ഷം സ്ഥിതി മെച്ചപ്പെടുമെന്ന് സര്‍വ്വെ പറയുന്നു. കറന്റ് അക്കൗണ്ട് കമ്മി അതിന്റെ ഏറ്റവും കുറഞ്ഞ നിരക്കായ 1 മുതല്‍ 1.5 ശതമാനം വരെയാകും.

2015-16 ന്റെ ആദ്യ പകുതിയില്‍ ഭാരതത്തിന്റെ പണമടവ് മിച്ച നില ഭദ്രമായി തുടര്‍ന്നു. കറന്റ് അക്കൗണ്ട് കമ്മിയുടെ കുറഞ്ഞ നിരക്കും മെച്ചപ്പെട്ട മൂലധന നിക്ഷേപത്തിന്റെ വരവും വിദേശ നാണ്യ ശേഖരത്തില്‍ വര്‍ദ്ധനവുണ്ടാക്കി. 2016 ഫെബ്രുവരി 5ലെ കണക്ക് പ്രകാരം രാജ്യത്തിന്റെ വിദേശ നാണ്യശേഖരം 351.5 ബില്യണ്‍ യു.എസ്. ഡോളറാണ്.
2015-16 ഏപ്രില്‍-ജനുവരിയില്‍ രൂപയുടെ ശരാശരി വിനിമയ നിരക്ക് ഡോളര്‍ ഒന്നിന് 65.04 രൂപയായി കുറഞ്ഞു. 2014-15 (ഏപ്രില്‍-ജനുവരി)യുടെ വിനിമയ നിരക്ക് ഡോളര്‍ ഒന്നിന് 60.92 രൂപയായിരുന്നു. രാജ്യത്തിന്റെ വിദേശ കടം 2014-15 ല്‍ സുരക്ഷിത മേഖലയില്‍ തന്നെ.

വ്യാവസായിക മേഖലയുടെ പ്രകടനം

2015-16 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ ഖനന ഊര്‍ജ്ജ നിര്‍മ്മാണ മേഖലകള്‍ 3.1 ശതമാനം വളര്‍ച്ച കൈവരിച്ചു. 2014-15 ഇതേ കാലയളവില്‍ 2.6 ശതമാനമായിരുന്നു. 2015-16 ഏപ്രില്‍ – ഡിസംബര്‍ കാലയളവില്‍ ഖനന മേഖലയില്‍ 2.3 ശതമാനത്തിന്റെയും നിര്‍മ്മാണ മേഖലയില്‍ 3.1 ശതമാനത്തിന്റെയും ഊര്‍ജ്ജ മേഖലയില്‍ 4.5 ശതമാനത്തിന്റെയും വളര്‍ച്ച കൈവരിച്ചതായി സാമ്പത്തിക സര്‍വ്വെ ചൂണ്ടിക്കാട്ടുന്നു.

സൂക്ഷ്മ, ചെറുകിട ഇടത്തരം മേഖല

രാജ്യത്തെമ്പാടുമായി എട്ടു കോടിയിലധികം ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്ന 3.6 കോടി യൂണിറ്റുകളുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭക മേഖലയുടെ സംഭാവന രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പന്നത്തില്‍ 37.5 ശതമാനമാണ്. ഈ മേഖലയുടെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിരവധി നടപടികള്‍ ഫലം കണ്ടതായി സര്‍വ്വെ പറയുന്നു.

നേരിട്ടുള്ള വിദേശ നിക്ഷേപം

സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ടുള്ള നിക്ഷേപത്തിന്റെപ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നിരവധി നടപടികള്‍ വഴി രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തിന് ആക്കമേറി.

പ്രതിരോധ മേഖലയിലെ വിദേശ പങ്കാളിത്തം 49 ശതമാനമായും റെയില്‍വേയില്‍ 100 ശതമാനമായും ഇന്‍ഷുറന്‍സ് പെന്‍ഷന്‍ മേഖലകളില്‍ 49 ശതമാനവുമായും വര്‍ദ്ധിപ്പിച്ചു. ഇതിനു പുറമെ നിര്‍മ്മാണം, പ്രക്ഷേപണം, സിവില്‍ വ്യോമയാനം, പ്ലാന്റേഷന്‍, വ്യാപാരം, സ്വകാര്യ മേഖല ബാങ്കുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലും വിദേശ നിക്ഷേപത്തിനുള്ള വ്യവസ്ഥകള്‍ കൂടുതല്‍ ഉദാരമാക്കി. 2014 സപ്തംബറില്‍ മേക്ക് ഇന്‍ ഇന്ത്യ സംരംഭം നിലവില്‍ വന്നതിനുശേഷം 2014 ഒക്‌ടോബര്‍ – 2015 ജൂണ്‍ കാലയളവില്‍ മുന്‍വര്‍ഷത്തെ ആപേക്ഷിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഏകദേശം 40 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.

വിദേശ നിക്ഷേപ രംഗത്ത് കൈക്കൊണ്ട പരിഷ്‌ക്കാരങ്ങള്‍ വഴി ഭാരതത്തിലേക്കുള്ള വിദേശ നിക്ഷേപ ഒഴുക്ക് കൂടി. 2015 ഏപ്രില്‍-നവംബര്‍ കാലയളവില്‍ രാജ്യത്തേയ്ക്കുള്ള മൊത്തം നേരിട്ടുളള വിദേശ നിക്ഷേപം 34.8 ബില്യണ്‍ ഡോളറായിരുന്നു. തൊട്ടു മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 27.7 ബില്യണ്‍ ഡോളറായിരുന്നു. 26 ശതമാനത്തിന്റെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. വിദേശ ഓഹരി ഇനത്തില്‍ 31 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി.

ജിഎസ്ടി: നികുതി സംവിധാനത്തിലെ സുപ്രധാന ചുവടുവെയ്പ്പ്

ആധുനിക നികുതി ചരിത്രത്തിലെ സുപ്രധാന പരിഷ്‌കരണങ്ങളില്‍ ഒന്നാണ് ചരക്ക്, സേവന നികുതിയെന്ന് (ജിഎസ്ടി) സാമ്പത്തിക സര്‍വ്വേ പറയുന്നു. കേന്ദ്രത്തിലും 28 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണപ്രദേശങ്ങളിലും ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്. 20 ലക്ഷത്തിനും 25 ലക്ഷത്തിനുമിടയില്‍ എക്‌സൈസ് സേവന നികുതിദായകരെ ബാധിക്കുന്ന ജിഎസ്ടി രാജ്യത്തിന്റെ നികുതി സംവിധാനത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും.

സമ്പദ്‌വ്യവസ്ഥയുടെ 85 ശതമാനവും നികുതി സംവിധാനത്തിന് പുറത്താണെന്ന് സര്‍വേ നിരീക്ഷിക്കുന്നു. വരുമാനമുള്ള വ്യക്തികളില്‍ 5.5 ശതമാനം മാത്രമാണ് നികുതി സംവിധാനത്തിന്റെ ഭാഗമായുള്ളത്. സ്വകാര്യ മേഖലയ്ക്ക് ഗുണകരമാകുന്ന നികുതി ഒഴിവാക്കല്‍ രീതികള്‍ പരിശോധിക്കണമെന്നും ഇല്ലാതാക്കണമെന്നും സര്‍വേ പറയുന്നു.

പാലുത്പാദനത്തില്‍ ഭാരതം ലോകത്തില്‍ ഒന്നാമതെത്തി

ലോകത്തെ പാലുല്‍പ്പാദനത്തിന്റെ 18.5 ശതമാനവുമായി ഭാരതം ഒന്നാം സ്ഥാനം കൈവരിച്ചതായി സാമ്പത്തിക സര്‍വ്വെ പറയുന്നു. 2014-15 ല്‍ 146.3 ദശലക്ഷം ടണ്ണിന്റെ ഉത്പാദനമാണ് കൈവരിച്ചത്. 2013-14 ല്‍ ഇത് 137.69 ദശലക്ഷം ടണ്ണായിരുന്നു. 6.26 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. ലോക ഭക്ഷ്യസംഘടനയുടെ കണക്ക് പ്രകാരം ആഗോള പാലുത്പാദനത്തില്‍ 3.1 ശതമാനമാണ് വളര്‍ച്ച.

മുട്ടയുടെയും മത്സ്യത്തിന്റെയും ഉത്പാദനത്തിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ദ്ധനവുണ്ടായി. 2014- 15 ല്‍ 78.48 ബില്യണ്‍ മുട്ടയാണ് ഉത്പാദിപ്പിച്ചത്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പന്നങ്ങളില്‍ ഒരു ശതമാനവും കാര്‍ഷിക രംഗത്തെ മൊത്തം ആഭ്യന്തര ഉത്പന്നങ്ങളില്‍ 5.8 ശതമാനവും മത്സ്യമേഖലയില്‍ നിന്നാണ്. 2014-15 ലെ മൊത്തം മത്സ്യോത്പാദനം 10.16 മെട്രിക് ടണ്ണാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.