ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമ്മേളനം അമ്പലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളെ നൈപുണ്യ വികാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായങ്ങള്‍ നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്രമന്ത്രി രാധാമോഹന്‍സിങ് അറിയിച്ചു. മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണപദ്ധതിയുടെ കേന്ദ്രവിഹിതം 75,000 ആയിരുന്നത് ഒന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്തി. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് അഞ്ചുലക്ഷം രൂപ അനുവദിക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികള്‍ അസംഘടിതരായതിനാലാണ് തുക ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത്.
തീര പരിപാലന നിയമവും മത്സ്യത്തൊഴിലാളികളെ ദോഷകരമായി ബാധിക്കാത്ത വിധത്തിലാണ് നടപ്പിലാക്കുക. മത്സ്യമേഖലയ്ക്കായി പ്രത്യേക മന്ത്രാലയവും കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കും. എന്തു പദ്ധതികള്‍ നടപ്പാക്കിയാലും അതിന്റെ പ്രയോജനം താഴേത്തട്ടില്‍ എത്തണമെങ്കില്‍ മത്സ്യത്തൊഴിലാളികള്‍ സംഘടിത ശക്തിയായി മാറണം. മാധവ്ജിയുടെ സങ്കല്പമാണ് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘത്തിലൂടെ യാഥാര്‍ത്ഥ്യമായത്.
ഹൃദയത്തില്‍ മൂല്യവും നന്മയും ഭാവാത്മകമായ വികാരവുമുള്ള ജനതയാകണം വളര്‍ന്നുവരേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആദര്‍ശമില്ല. താത്കാലിക ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം മാത്രമാണുള്ളത്. കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തങ്ങള്‍ എന്നു പറയുന്നത് ചിന്തകള്‍ മാത്രമാണ്. ഇതിന് എപ്പോഴും മാറ്റം വരാം. വ്യാസന്റേത് ദര്‍ശനങ്ങളാണ്. അത് മന്വന്തരത്തോളം നിലനില്‍ക്കുന്നതാണ്.
കാലാകാലങ്ങളില്‍ മാറിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്നത്. തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. വി. പത്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി രജനീഷ്ബാബു സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍. രാധാകൃഷ്ണന്, ഡി. ഭുവനേശ്വരന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന്, സംസ്ഥാന ട്രഷറര്‍ ഒ.എന്‍. ഉണ്ണി, ആര്‍എസ്എസ് ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, സഹ പ്രാന്ത കാര്യവാഹ് എന്‍. രാധാകൃഷ്ണന്, മത്സ്യപ്രവര്‍ത്തക സംഘം മേഖലാ സംഘടനാ സെക്രട്ടറി എന്‍.കെ. പ്രദീപ്, എന്‍.പി. രാധാകൃഷ്ണന് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
ഇന്ന് സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് ക്ലാസെടുക്കും. വൈകിട്ട് നാലിന് സംഘടനാ സെക്രട്ടറി കെ. പുരുഷോത്തമന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: