വെറ്ററിനറി ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കണം: ബിജെപി

Saturday 27 February 2016 11:04 pm IST

കണ്ണൂര്‍: കഴിഞ്ഞ അഞ്ചു ദിവസമായി വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തുന്ന അനിശ്ചിതകാല സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഗീത പോറ്റി കമ്മീഷന്‍ ശുപാര്‍ശ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. വെറ്ററിനറി ഡോക്ടര്‍മാരുടെയും എംബിബിഎസ് ഡോക്ടര്‍മാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളിലും തുല്യത വരുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവഗണിക്കുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. അപകടകാരികളായ വലുതും ചെറുതുമായ മൃഗങ്ങളെ ചികിത്സിക്കുന്ന മൃഗ ഡോക്ടര്‍മാര്‍ക്ക് റിസ്‌ക് അലവന്‍സ് പോലും നിഷേധിച്ച് അവരെ സമരത്തിലേക്ക് വലിച്ചിഴക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രശ്‌ന പരിഹാരത്തിനായി വെറ്ററിനറി വനിതാ ഡോക്ടര്‍മാര്‍ നടത്തുന്ന ഉപവാസ സമരവും അനിശ്ചിതകാല പണിമുടക്കും കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. പണിമുടക്ക് മൂലം കന്നുകാലികള്‍ അടക്കമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ അടിയന്തിര ശ്രദ്ധ പതിയണമെന്നും സമരം ഒത്തുതീര്‍പ്പാക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. വെറ്ററിനറി ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.