കൊച്ചി മെട്രോ പാളത്തിലൂടെ കുതിച്ചു

Monday 29 February 2016 11:01 am IST

കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് മുകളിലെ പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടം ആലുവ മുട്ടം യാഡില്‍ നിന്നും കളമശേരി വരെ നടന്നപ്പോള്‍-എസ്. ശ്രീജിത്ത്‌

കളമശേരി: കൊച്ചി മെട്രോയുടെ തൂണുകള്‍ക്ക് മുകളിലെ പാളത്തിലൂടെയുള്ള പരീക്ഷണ ഓട്ടവും വിജയം. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് മുട്ടം യാഡില്‍ നിന്ന് മെട്രോയുടെ പരീക്ഷണ ഓട്ടം നടന്നത്. രണ്ട് കിലോമീറ്ററകലെയുള്ള കളമശേരി വരെയാണ് മെട്രോ കുതിച്ചത്. പത്ത് കിലോമീറ്ററായിരുന്നു വേഗത. നേരത്തെ മുട്ടം യാര്‍ഡില്‍ നടത്തിയ പരീക്ഷണ ഓട്ടം വിജയമായിരുന്നു.

നിര്‍മാണച്ചുമതലയുള്ള ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ (ഡിഎംആര്‍സി), മേല്‍നോട്ടം വഹിക്കുന്ന കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍), കോച്ചുകള്‍ നിര്‍മ്മിച്ച കമ്പനി അല്‍സ്റ്റോം എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണ ഓട്ടം. മെട്രോയുടെ കുതിപ്പിന് സാക്ഷിയാകാന്‍ നൂറു കണക്കിനാളുകളാണ് റോഡിന്റെ ഇരുവശവും തടിച്ചു കൂടിയത്. ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ അംഗീകാരം കിട്ടിയതിനെ തുടര്‍ന്നാണ് ഇന്നലെ പരീക്ഷണ ഓട്ടം നടന്നത്. ഇനി സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ അംഗീകാരം കിട്ടിയാല്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് ഡിഎംആര്‍സി അറിയിച്ചു.

ദിവസങ്ങള്‍ക്കു മുമ്പു തന്നെ ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പരിശോധന, സിഗ്നല്‍, ശബ്ദം അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവ നടത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ മെട്രോ യാത്ര സഫലമാകാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. പാളങ്ങളുടെ നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. നവംബര്‍ മാസമെങ്കിലുമാകുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

മെട്രോ സര്‍വ്വീസ്നവംബറില്‍: ശ്രീധരന്‍
തിരുവനന്തപുരം: നവംബര്‍ ഒന്നിന് കൊച്ചി മെട്രോ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് ഡിഎംആര്‍സി ഉപദേഷ്ടാവും മെട്രോ മാനുമായ ഇ. ശ്രീധരന്‍. ആലുവയില്‍ നിന്ന് പാലാരിവട്ടത്തേക്കായിരിക്കും ആദ്യ സര്‍വ്വീസ്. ഇന്നലെ മെട്രോയുടെ ട്രയല്‍ നടന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇന്നലെ മുട്ടം മെട്രോയാര്‍ഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കളമശേരി വരെയായിരുന്നു ട്രയല്‍. അടുത്ത മാസം 15ന് ഇടപ്പള്ളി വരെ ട്രയല്‍ നടത്തും. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.