പോരുവഴിയിലെ മെറ്റല്‍ ക്രഷറിന് എതിരെ സമരം ശക്തമാകുന്നു

Sunday 28 February 2016 12:30 pm IST

കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിലെ ജനവാസമേഖലയില്‍ നേരത്തെ അടച്ച് പൂട്ടിയ മെറ്റല്‍ ക്രഷര്‍ വീണ്ടും തുറക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ഒരുപോലെ ദോഷം സൃഷ്ടിച്ച അമ്പലത്തുംഭാഗം മെറ്റല്‍ ക്രഷര്‍ ഒരുവര്‍ഷം മുന്‍പാണ് ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്നു പൂട്ടിയത്. അന്ന് ബിജെപിയും ഇടത്-വലത് മുന്നണികളും ഒരേപോലെ സമരം നയിച്ചാണ് ക്രഷറിന്റെ പ്രവര്‍ത്തനം തടഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ സമരത്തില്‍ നിന്ന് ഇടത്-വലത് മുന്നണികള്‍ പിന്‍മാറുകയും ക്രഷറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുവാന്‍ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാവും സിപിഎം നേതാവിന്റെ സഹോദരനും കൂടി ക്രഷര്‍യൂണിറ്റ് ഏറ്റെടുത്തെന്ന ആരോപണം ഉയരുകയാണ്. ഇതോടെയാണ് ഇടത്-വലത് മുന്നണികള്‍ സമര കൗണ്‍സില്‍ നിന്ന് പിന്മാറിയത്. പലര്‍ക്കും ജോലി വാഗ്ദാനം നല്‍കിയും പോലീസിനെ ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയും സമരം പൊളിച്ച് ക്രഷറിന്റെ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഇവരുടെ നീക്കം. ക്രഷര്‍ പ്രവര്‍ത്തിക്കാനാവശ്യമായ നടപടി ക്രമങ്ങളുമായി ഇവര്‍ മുന്നോട്ട് പോകുകയാണ്. ക്രഷറിന് മുന്നിലുള്ള കെഐപി കനാല്‍ റോഡ് ടാര്‍ ചെയ്ത് ഉപയോഗിക്കാന്‍ അനുമതി തേടി കഴിഞ്ഞു. ഭരണ സ്വാധീനം ഉപയോഗിച്ച് അനുമതികള്‍ കരസ്ഥമാക്കി ക്വാറി പ്രവര്‍ത്തനം ആരംഭിക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസം റോഡ് തടഞ്ഞുവെന്നാരോപിച്ച് പോരുവഴിയിലെ ബിജെപി പഞ്ചായത്തംഗം അനിതാകുമാരി ഉള്‍പ്പടെ പത്തോളം സമരക്കാരെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് വച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. നേരത്തെ ക്രഷറിനെതിരെ സമരം നയിച്ച സിപിഎം- കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇപ്പോള്‍ ക്രഷറിന് അനുകൂലമായി സംസാരിക്കുന്നത്. ഇടത്-വലത് മുന്നണികളുടെ ഈ പൊള്ളത്തരം തുറന്ന് കാട്ടി ശക്തമായ സമരവുമായി മുന്നിട്ടിറങ്ങാനാണ് ബിജെപിയുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.