കുട്ടനാട്ടില്‍ വിളവെടുപ്പ് തുടങ്ങി; കൊയ്ത്തുയന്ത്രങ്ങള്‍ കട്ടപ്പുറത്ത്

Sunday 28 February 2016 11:17 pm IST

ആലപ്പുഴ: കുട്ടനാട്ടില്‍ പുഞ്ചകൃഷി വിളവെടുപ്പ് ആരംഭിച്ചിട്ടും സര്‍ക്കാര്‍ കൊയ്ത്തു യന്ത്രങ്ങള്‍ കട്ടപ്പുറത്ത്. കേരള അഗ്രോ ഇന്‍ഡസ്ട്രീയസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ അമ്പലപ്പുഴ ഡിവിഷണല്‍ ഓഫീസിലെ കൊയ്ത്തുയന്ത്രങ്ങളാണ് കൂട്ടത്തോടെ കട്ടപ്പുറത്തായത്. തകരാറിലായ യന്ത്രത്തിന്റെ സ്‌പെയര്‍ പാര്‍ട്‌സ് സര്‍ക്കാര്‍ വിതരണം ചെയ്യാത്തതാണ് ക്ഷാമത്തിനു കാരണമെന്നാണ് അറിയുന്നത്. ആറുകൊയ്ത്ത് യന്ത്രമുള്ള ഡിവിഷണല്‍ ഓഫീസില്‍ എല്ലാ യന്ത്രങ്ങളും അറ്റകുറ്റപ്പണിക്കായി ഗരാഷില്‍ കയറ്റിയിരിക്കുകയാണ്. കൃഷി സീസണില്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കരാറടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന യന്ത്രങ്ങളില്‍ നിന്നു സ്‌പെയര്‍പാര്‍ട്‌സ് അഴിച്ചെടുത്ത ശേഷമാണു തിരികെ ഡിവിഷണല്‍ ഓഫീസില്‍ എത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. യന്ത്രക്ഷാമം ഇത്തവണത്തെ വിളവെടുപ്പിനെ ബാധിക്കും. കഴിഞ്ഞ സീസണില്‍ അമ്പലപ്പുഴ, തകഴി, ചമ്പക്കുളം, ചെറുതന, എടത്വ, തലവടി കൃഷിഭവനിലെ പാടശേഖരങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്നു വിതരണം ചെയ്ത കെയ്‌കോയുടെ കബോട്ടേ യന്ത്രം ഉപയോഗിച്ചാണു കൊയ്ത്തു നടത്തിയിരുന്നത്. സമുദ്രനിരപ്പില്‍ നിന്നു താഴ്ന്ന പാടശേഖരമായതിനാല്‍ വെള്ളക്കെട്ട് കാരണം ഭാരം കുറഞ്ഞ കബോട്ടേ യന്ത്രമാണു കര്‍ഷകര്‍ അധികവും ഉപയോഗിക്കുന്നത്. ഭാരം കൂടിയ യന്ത്രങ്ങള്‍ പാടത്ത് താഴാന്‍ തുടങ്ങിയതോടു കൂടിയാണ് കര്‍ഷകര്‍ കബോട്ടേ യന്ത്രത്തെ ആശ്രയിക്കുന്നത്. സര്‍ക്കാരിന്റെ കൊയ്ത്തുയന്ത്രം പണിമുടക്കിയതോടെ സ്വകാര്യ യന്ത്രങ്ങളെ കര്‍ഷകര്‍ ആശ്രയിക്കേണ്ടി വരും. പുഞ്ചക്കൃഷി വിളവെടുപ്പ് ഫെബ്രുവരി അവസാന വാരം തുടങ്ങുമെന്ന് ജില്ലാഭരണകൂടത്തിനും കൃഷി വകുപ്പിനും നേരത്തെ തന്നെ അറിയാമായിരുന്നു, എന്നിട്ടും ആവശ്യത്തിന് കൊയ്ത്ത് യന്ത്രങ്ങള്‍ ഉറപ്പാക്കാന്‍ കഴിയാതിരുന്നത് വീഴ്ചയാണ്. കുട്ടനാട് പാക്കേജില്‍പ്പെടുത്തി വാങ്ങിയ യന്ത്രങ്ങള്‍ കര്‍ഷകര്‍ക്ക് പ്രയോജനമില്ലാതെ മാറുന്നതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍ പാടശേഖരങ്ങളിലിറക്കി കൊയ്ത്ത് തുടങ്ങുമ്പോള്‍ ചെറിയ തകരാര്‍ സംഭവിച്ചാല്‍ പോലും അറ്റകുറ്റപണി നടത്താനാകാതെ കൊയ്ത്ത് മുടങ്ങുന്ന ദുരവസ്ഥയുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന സ്വകാര്യയന്ത്രങ്ങള്‍ക്കാകട്ടെ തകരാറുകള്‍ കുറവാണെന്ന് മാത്രമല്ല, അറ്റകുറ്റപണികള്‍ നടത്തി പരമാവധി വേഗത്തില്‍ കൊയത്ത് തുടരാന്‍ ജീവനക്കാര്‍ ശ്രമിക്കും. കൊയ്ത്ത് സീസണില്‍ സര്‍ക്കാര്‍ യന്ത്രങ്ങള്‍ നോക്കുകുത്തിയാകുന്നത് പതിവായിരിക്കുകയാണ്. നെല്ല് സംഭരിക്കുന്നതില്‍ മാത്രമല്ല, കര്‍ഷകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നതിലും സര്‍ക്കാര്‍ പരാജയമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.