സിപിഎമ്മിന്റെ സാംസ്‌കാരിക ഫാസിസം : കലാമണ്ഡലം വിസി രാജിവെച്ചു

Monday 29 February 2016 4:13 am IST

തൃശൂര്‍: സിപിഎം സാംസ്‌കാരിക ഫാസിസം സഹിക്കാനാകാതെ കലാമണ്ഡലം കല്പിത സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. പി.എന്‍. സുരേഷ് രാജി സമര്‍പ്പിച്ചു. രാജിക്കത്ത് ഇന്നലെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തു. 2010ല്‍ കല്പിത സര്‍വകലാശാലയായി അംഗീകാരം കിട്ടിയതിനെത്തുടര്‍ന്നാണ് 2011ല്‍ വൈസ് ചാന്‍സലറായി ഡോ. സുരേഷ് ചുമതലയേറ്റത്. അന്നുതൊട്ട് സിപിഎം നേതൃത്വം വേട്ടയാടുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ കലാമണ്ഡലത്തില്‍ ഉണ്ടായ തുടര്‍ച്ചയായ വിദ്യാര്‍ത്ഥി സമരങ്ങളും പഠിപ്പ് മുടക്കും വൈസ്ചാന്‍സലറെ നിരാശയിലാക്കി. ഡീംഡ് യൂണിവേഴ്‌സിറ്റി എന്ന നിലയില്‍ സ്വന്തമായി പഠന പദ്ധതികള്‍ ആരംഭിക്കാനും പാരമ്പര്യ കലാരംഗത്ത് കൂടുതല്‍ കോഴ്‌സുകള്‍ കൊണ്ടുവരാനും വിസി എന്നനിലയില്‍ താന്‍ നടത്തിയ ശ്രമങ്ങള്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവെന്ന് ഡോ. സുരേഷ് കരുതുന്നു. വി സിയാകാന്‍ ഡോ. സുരേഷിന് യോഗ്യതയില്ലെന്ന് കാണിച്ച് സിപിഎം നേതൃത്വത്തിലെ ചിലര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. മുന്‍ ഭരണസമിതിയുടെ കാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നേരിടുന്ന ചിലരാണ് വിസിക്കെതിരെ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുന്നത്. ഡീംഡ് യൂണിവേഴ്‌സിറ്റി ആയതിനെത്തുടര്‍ന്ന് കലാമണ്ഡലം ഡയറക്ടര്‍ബോര്‍ഡ് തയ്യാറാക്കിയ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ അംഗീകൃതമല്ലെന്നുകാണിച്ചും ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ നിയമനടപടികളെത്തുടര്‍ന്ന് കലാമണ്ഡലത്തിന്റെ വികസനം തടസ്സപ്പെടുകയും അക്കാദമിക അന്തരീക്ഷം കലുഷിതമാവുകയുമായിരുന്നു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്ര സാംസ്‌കാരിക വകുപ്പ് നേരിട്ട് കലാമണ്ഡലത്തിന്റെ വികസനത്തിനായി പദ്ധതികള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പല പദ്ധതികള്‍ക്കും അംഗീകാരം ലഭിക്കാനിരിക്കെയാണ് വിസിയുടെ പടിയിറക്കം. സ്വയംഭരണ പദവിയുള്ള സര്‍വ്വകലാശാല എന്ന അംഗീകാരം ലഭിക്കാനുള്ള ശ്രമം നടത്തിവരുന്നതിനിടയിലാണ് മാസങ്ങള്‍ക്ക് മുമ്പ് കലാമണ്ഡലത്തില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിസമരം രൂക്ഷമായതും കലാമണ്ഡലം അടച്ചിടേണ്ടിവന്നതും. എന്നാല്‍ ഈകാര്യങ്ങളൊന്നും വിസി തന്റെ രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടില്ല. അഞ്ചുവര്‍ഷം പൂര്‍ത്തിയായതുകൊണ്ട് ഇനി ചുമതലയില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് താന്‍ ഒഴിവാകുകയാണെന്നും മാത്രമാണ് ഗവര്‍ണര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ ഡോ.പി.എന്‍. സുരേഷ് പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.