വീടിന് തീപ്പിടിച്ചു; 18 ലക്ഷത്തിന്റെ നഷ്ടം

Monday 29 February 2016 9:25 pm IST

ചെങ്ങന്നൂര്‍: ചെറിയനാട് വീട് തീപ്പിടിച്ച് 18 ലക്ഷത്തിന്റെ നഷ്ടം. ഒരു മുറിയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും വിലപിടിപ്പുള്ള രേഖകളും പൂര്‍ണ്ണമായി കത്തിനശിച്ചു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. ചെറിയനാട് മണ്ഡപരിയാരം ചെറുവള്ളില്‍ വീട്ടില്‍ സി.ജെ. ജോണി(അനിയന്‍)ന്റെ വീട്ടിലാണ് തീപ്പിടുത്തം ഉണ്ടായത്. ഇന്നലെ രാവിലെ 10.45 ഓടെയാണ് സംഭവം. ജോണിന്റെ കൊച്ചുമകള്‍ മൂന്നു വയസ്സുള്ള സേറയെ അങ്കണവാടിയില്‍ കൊണ്ടുവിടാന്‍ മരുമകള്‍ ഡെന്‍സിയും ജോണും പോയി. കുറച്ച് സമയം കഴിഞ്ഞ് ജോണ്‍ വീട്ടില്‍ തിരിച്ചെത്തി ഹാളില്‍ ടീവി കണ്ടുകൊണ്ടിരുന്ന സമയമാണ് വീട്ടിനുള്ളില്‍ തീ പടര്‍ന്നത്. ഈസമയം ജോണ്‍ മാത്രമേ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്‍വശത്തുള്ള മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. ഈ മുറിയുടെ കതക് ചാരിയിരുന്നതിനാല്‍ തീ പടര്‍ന്നത് അറിഞ്ഞില്ല. പുക ഉയരുന്നത് കണ്ട അയല്‍ക്കാര്‍ ആദ്യം കരുതിയത് ചപ്പുചവറുകള്‍ കത്തികയാണന്നാണ്. വീടിന് പുറകില്‍ നിന്ന് തുണി അലക്കുകയായിരുന്ന ജോലിക്കാരി ഓമനയോട് അയല്‍ക്കാരാണ് വിവരം പറയുന്നത്. പുകവരുന്ന വിവരം ജോണിനോട് പറയാന്‍ പലപ്രാവശ്യം ഓമന ശ്രമിച്ചങ്കിലും വീടിന്റെ ജനാലകളും കതകും അടച്ചിരുന്നതിനാല്‍ കേട്ടില്ല. തുടര്‍ന്ന് അടുക്കള വാതിലിലൂടെ കയറി ജോണിനെ വിവരം ധരിപ്പിച്ചപ്പൊഴേക്കും മുറിയിലാകെ തീ പടര്‍ന്നു. തീ ആളിപ്പടര്‍ന്നതോടെ മുറിയുടെ ജനാലകളുടെ ചില്ലുകള്‍ പൊട്ടിത്തെറിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചെങ്ങന്നൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോട്ട് സര്‍ക്യൂട്ടായിരിക്കാം തീപിടുത്ത കാരണമെന്ന് കരുതുന്നു. ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ കുരുവിള മാത്യു, അസി.സ്റ്റേഷന്‍ ഓഫീസര്‍ ശംഭുനമ്പൂതിരി, പ്രവീണ്‍കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.