കേന്ദ്ര ബജറ്റ്: അടിസ്ഥാന വികസന മേഖലയില്‍ മാറ്റമുണ്ടാക്കും: കുമ്മനം

Monday 29 February 2016 3:59 pm IST

തിരുവനന്തപുരം: അടിസ്ഥാന വികസനമേഖലയില്‍ വന്‍ മാറ്റങ്ങളുണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് ബിജെപി സംസാഥന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന് ബജറ്റ് ഏറെ ഗുണം ചെയ്യും. പൊളളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നില്ല എന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യ വികസനം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്ക് ഇത്രയും പ്രാധാന്യം നല്‍കിയ ബജറ്റ് ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. കര്‍ഷകരേയും സാധാരണക്കാരേയും സര്‍ക്കാര്‍ കണക്കിലെടുക്കുന്നു. മോദി സര്‍ക്കാര്‍ കുത്തകകള്‍ക്കും മുതലാളിമാര്‍ക്കും വഴിവിട്ട് സഹായം ചെയ്യുന്നു എന്ന ആരോപണം ഉന്നയിച്ചവര്‍ക്കുളള കനത്ത പ്രഹരം കൂടിയാണ് കേന്ദ്ര ബജറ്റ്. യാഥാര്‍ത്ഥ്യ ബോധത്തോടെയാണ് കേന്ദ്രധനമന്ത്രി അരുജയറ്റ്‌ലി ബജറ്റ് അവതരിപ്പിച്ചത്. 13 ശതമാനം ഭക്ഷ്യസുരക്ഷയേ സംസ്ഥാനത്തിനുള്ളൂ. കാര്‍ഷിക മേഖലയ്ക്കായി ബജറ്റില്‍ നീക്കിവച്ച തുക കേരളത്തിനു വളരെ ഗുണം ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറിയും മറ്റ് നിത്യോപയോഗ സാധനങ്ങളും സംസ്ഥാനത്ത് എത്തുന്നത്. കാര്‍ഷിക മേഖല അഭിവൃദ്ധിപ്പെടുന്നതോടെ കര്‍ഷകര്‍ കൃഷിയിലേക്ക് തിരികെ വരും. ഇതോടെ ഭക്ഷ്യസുരക്ഷയില്‍ മാറ്റമുണ്ടാകും. തൊഴിലുറപ്പു പദ്ധതി, നബാര്‍ഡിനുളള വിഹിതം എന്നിവ സാധാരണക്കാര്‍ക്ക് സഹായകമാകും. തൊഴിലുറപ്പുപദ്ധതി മോദിസര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പോകുന്നു എന്ന ആരോപണത്തിന്റെ മുനയൊടിക്കാനും ബജറ്റിലൂടെ കഴിഞ്ഞു. പദ്ധതിക്കായി 38,500 കോടി രൂപയാണ് മോദിസര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന വികസനത്തിനു തുക മാറ്റിവച്ചതിലൂടെ ഗ്രാമവികസനം ലക്ഷ്യമിടുന്നു. റബ്ബര്‍ മേഖലയിലെ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രത്തിനോട് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു. എന്നാല്‍ കേന്ദ്ര പദ്ധതികളോട് സംസ്ഥാനം തികഞ്ഞ നിസ്സംഗത കാണിക്കുകയാണെന്ന് എയിംസിനെക്കുറിച്ചുള്ള ചോദ്യത്തിന് കുമ്മനം പറഞ്ഞു. പദ്ധതി നടപ്പിലാക്കാന്‍ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ടത് സംസ്ഥാനമാണ്. ഇത് കൃത്യസമയത്ത് പാലിക്കുന്നില്ല. റെയില്‍വെ പാത ഇരട്ടിപ്പിക്കുന്നതിന് കാല താമസ്സം നേരിടുന്നതിനും കാരണം ഇതാണ്. മത്സ്യ തൊഴിലാളികളുടെ ക്ഷേമ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 27 കോടി രൂപ ഇനിയും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.