മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം

Monday 29 February 2016 10:22 pm IST

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. ലിവര്‍പൂളിനെതിരായ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് സിറ്റി ഒരു വര്‍ഷത്തെ ഇടവേളക്കുശേഷം ലീഗ് കപ്പ് കിരീടം നേടിയത്. ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ വിജയം. ചരിത്രപ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇരുകൂട്ടരും ജയത്തിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. സിറ്റിക്കായി 49-ാം മിനിറ്റില്‍ ഫെര്‍ണാണ്ടിഞ്ഞോ ലക്ഷ്യം കണ്ടപ്പോള്‍ 83-ാം മിനിറ്റില്‍ ഫിലിപ്പ് കൗടീഞ്ഞോയാണ് ലിവര്‍പൂളിന്റെ ഗോള്‍ നേടിയത്. തുടര്‍ന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിന്റെ മൂന്ന് ഷോട്ടുകള്‍ തടുത്തിട്ട വില്ലി കബല്ലെറോയാണ് സിറ്റിയുടെ വിജയശില്പി. ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനായി ആദ്യം കിക്കെടുത്ത എംറെ കാന്‍ ലക്ഷ്യം കണ്ടപ്പോള്‍ സിറ്റിയുടെ ആദ്യ കിക്കെടുത്ത ഫെര്‍ണാണ്ടീഞ്ഞോയുടെ ഷോട്ട് പുറത്ത്. തുടര്‍ന്ന് രണ്ടാം കിക്കെടുത്ത ലൂക്കാസ്, മൂന്നാം കിക്കെടുത്ത ഫിലിപ്പെ കൗടീഞ്ഞോ, നാലാം കിക്കെടുത്ത ആഡം ലല്ലാന എന്നിവരുടെ കിക്ക് സിറ്റി ഗോളി കബല്ലെറോ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയപ്പോള്‍ സിറ്റിക്കായി കിക്കുകള്‍ എടുത്ത ജീസസ് നവാസ്, സെര്‍ജിയോ അഗ്യൂറോ, യായ ടൂറെ എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചില്ല. അഞ്ച് തവണ ഫൈനല്‍ കളിച്ച സിറ്റി നാലാം തവണയാണ് ലീഗ് കപ്പ് സ്വന്തമാക്കുന്നത്. 1970, 76, 2014 വര്‍ഷങ്ങളിലായിരുന്നു സിറ്റി ഇതിന് മുന്‍പ് ലീഗ് കപ്പ് സ്വന്തമാക്കിയിട്ടുള്ളത്. 1974-ല്‍ റണ്ണേഴ്‌സപ്പായി. 2012ന് ശേഷം കപ്പ് നേടാമെന്ന പ്രതീക്ഷയാണ് തോല്‍വിയോടെ ലിവര്‍പൂള്‍ നഷ്ടമാക്കിയത്. 1981, 1982, 1983, 1984, 1995, 2001, 2003, 2012 എന്നീ വര്‍ഷങ്ങളില്‍ കപ്പുയര്‍ത്തിയ ലിവര്‍പൂള്‍ 1978, 1987, 2005, 2016 എന്നീ വര്‍ഷങ്ങളില്‍ റണ്ണേഴ്‌സപ്പുമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.