കതിരൂര്‍ മനോജ് വധം: സിബിഐ ഹര്‍ജി 4ന് പരിഗണിക്കും

Monday 29 February 2016 10:45 pm IST

തലശ്ശേരി: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ 25-ാം പ്രതിയായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിന് സിബിഐ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി നാലിലേക്കു മാറ്റി. പി. ജയരാജന്‍ ചികിത്സയിലുള്ള തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ പരിശോധനാ സംഘത്തിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനാണ് ഹര്‍ജി മാറ്റിവെച്ചത്. കഴിഞ്ഞ 23ന് ഇരുകക്ഷികളുടെയും വാദം കേട്ട കോടതി ഹര്‍ജി പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത പ്രതിഭാഗം അഭിഭാഷകന്‍ കെ.വിശ്വന്‍ ജയരാജനെ വേണമെങ്കില്‍ ആശുപത്രിയില്‍ വൈദ്യസഹായത്തോടെ ചോദ്യം ചെയ്യാമെന്ന് ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ വൈദ്യപരിശോധനയില്‍ ജയരാജന് ഗുരുതരമായ രോഗങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഇത്തരം രീതികള്‍ നിയമ ധാര്‍മികതയെ കളിയാക്കുന്നതിന് തുല്യമാണെന്നും സിബിഐ അഭിഭാഷകന്‍ എസ്. കൃഷ്ണ കുമാര്‍ കോടതിയില്‍ വ്യക്തമാക്കി. മാര്‍ച്ച് 11 വരെയാണ് ജില്ലാ സെഷന്‍സ് കോടതി പി. ജയരാജനെ റിമാന്റ് ചെയ്തിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.