മതപൈശാചികതയ്ക്ക്‌ ഒരു വയസ്‌; അന്വേഷണം പാതിവഴിയില്‍

Monday 4 July 2011 10:42 am IST

കൊച്ചി: മതേതര കേരളത്തെ ഭീതിയിലാഴ്ത്തി മതമൗലികവാദികള്‍ കോളേജ്‌ അധ്യാപകന്റെ കൈവെട്ടിയ സംഭവം നടന്നിട്ട്‌ ഇന്നേക്ക്‌ ഒരാണ്ട്‌ തികയുന്നു. മുസ്ലീം ഭീകരതയുടെ ഭീതിദ മുഖം എന്‍ഡിഎഫിലൂടെ പുറത്തുവന്ന ദുര്‍ദിനമായിരുന്നു 2010 ജൂലൈ നാല്‌. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ അറിവിന്റെ ദീപം പകര്‍ന്ന അധ്യാപകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട്‌ അമ്മയുടെയും സഹോദരിയുടെയും മുന്നിലിട്ട്‌ അറവുമാടുകളെയെന്നപോലെ കൈവെട്ടിയെറിഞ്ഞ താലിബാന്‍ മോഡല്‍ കേരളത്തില്‍ നടപ്പിലാക്കിയതിനെക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ പാതിവഴിയിലാണ്‌.
ഒരു ചോദ്യപേപ്പറിന്റെ പേരിലാണ്‌ തൊടുപുഴ ന്യൂമാന്‍ കോളേജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിനെ മുസ്ലീം തീവ്രവാദ സംഘടനയായ എന്‍ഡിഎഫുകാര്‍ ആക്രമിച്ചത്‌. വലതു കൈപ്പത്തി അക്രമിസംഘം വെട്ടിമാറ്റിയത്‌. കോളേജില്‍നിന്നും പുറത്താക്കിയെങ്കിലും അദ്ദേഹം വീണ്ടും അധ്യാപനത്തിലേക്ക്‌ പ്രവേശിച്ചിരിക്കുകയാണ്‌. മൂവാറ്റുപുഴക്കടുത്ത്‌ ഒരു അനാഥാലയത്തിലെ നൂറോളം കുട്ടികളെ ജോസഫ്‌ പഠിപ്പിക്കുന്നുണ്ട്‌. വലതുകൈ കൊണ്ട്‌ എഴുതാനും വണ്ടിയോടിക്കാനും അദ്ദേഹത്തിന്‌ സാധിക്കുന്നു. ആത്മകഥയുടെ പണിപ്പുരയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം ഒരുവര്‍ഷം മുമ്പ്‌ ഉണ്ടായ അത്യാഹിതത്തില്‍ ദുഃഖിതനാണെങ്കിലും അതൊരു നിയോഗമായി കരുതുന്നു. കേരളത്തില്‍ മുസ്ലീം ഭീകരതയുടെ ആഴവും പരപ്പും ലോകത്തിന്റെ മുന്നിലെത്തിക്കാന്‍ ഒരു പരിധിവരെ ഈ സംഭവത്തിന്‌ കഴിഞ്ഞതില്‍ സന്തോഷവാനാണദ്ദേഹം. പത്തുലക്ഷം രൂപയോളം ചികിത്സാച്ചെലവിനായി വേണ്ടിവന്നു. ഇതില്‍ നാലുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ബാക്കി സുഹൃത്തുക്കളാണ്‌ സഹായിച്ചതെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴും എല്ലാ ദിവസവും ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്‌. കോളേജില്‍നിന്നും പുറത്താക്കിയതിനെതിരെ തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി അപ്പലേറ്റ്‌ ട്രിബ്യൂണലില്‍ നല്‍കിയിട്ടുള്ള കേസ്‌ അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ പ്രൊഫ. ജോസഫ്‌.
ഒരു അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി കേരളത്തില്‍ മുസ്ലീം ഭീകരവാദത്തിെ‍ന്‍റ വിത്ത്‌ പാകിയവരെ പൂര്‍ണമായും പിടികൂടുവാനോ കല്‍ത്തുറുങ്കില്‍ അടക്കാനോ കഴിഞ്ഞിട്ടില്ല. കൈവെട്ട്‌ കേസിലെ മുഖ്യപ്രതികളായ നാസറിനെയും സവാദിനെയും വര്‍ഷം ഒന്നു തികഞ്ഞിട്ടും പിടികൂടാനായില്ല. 27 പ്രതികളെ ഇനിയും പിടികൂടാനുണ്ട്‌. 52 പേരാണ്‌ പ്രതിപ്പട്ടികയിലുള്ളത്‌.
സംസ്ഥാന പോലീസിന്റെ പക്കല്‍നിന്നും അന്വേഷണം ദേശീയ സുരക്ഷാ ഏജന്‍സി ഏറ്റെടുക്കുകയും ചെയ്തു. കേസിലെ ഒരു പ്രധാന പ്രതിയെ പിടികൂടിയത്‌ എന്‍ഐഎയാണ്‌. ലോക്കല്‍ പോലീസിന്റെ അന്വേഷണം ആദ്യമേ വഴിതെറ്റിക്കുന്ന രീതിയിലായിരുന്നുവെന്ന്‌ ആരോപണമുണ്ടായിരുന്നു. പ്രതികളെ പലരെയും രക്ഷപ്പെടാന്‍ അവസരം ഒരുക്കിയത്‌ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍തന്നെയായിരുന്നുവെന്ന കാര്യം എന്‍ഐഎയും തിരിച്ചറിഞ്ഞിട്ടുണ്ട്‌. കേസിലെ പല പ്രധാന പ്രതികളും വിദേശത്തേക്ക്‌ കടന്നതായി എന്‍ഐഎക്ക്‌ വിവരം ലഭിച്ചിട്ടുണ്ട്‌. കേരള പോലീസിന്റെ പ്രതിപ്പട്ടികയില്‍പെടാത്ത ഒരു അജ്ഞാതനെപ്പറ്റിയും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്‌.
-കെ.എസ്‌. ഉണ്ണികൃഷ്ണന്‍


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.