ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി നടി

Wednesday 2 March 2016 1:04 am IST

തിരുവനന്തപുരം: 2015ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാന്‍ മികച്ച നടന്‍. ചാര്‍ലിയിലെ പ്രകടനമാണ് ദുല്‍ഖറിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ചാര്‍ലിയിലും എന്നു നിന്റെ മൊയ്തീനിലും മികച്ച പ്രകടനം കാഴ്ചവെച്ച പാര്‍വ്വതിയാണു മികച്ച നടി. ചാര്‍ലിയുടെ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായി. സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി മികച്ച കഥാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മനോജ് കാന സംവിധാനം ചെയ്ത അമീബയാണു മികച്ച രണ്ടാമത്തെ ചിത്രം. നിര്‍ണായകത്തിലെ അഭിനയത്തിനു പ്രേം പ്രകാശും ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു പി.വി. അഞ്ജലിയും മികച്ച സ്വഭാവ നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലുക്കാ ചുപ്പി, സുസുസുധി വാത്മീകം എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ജയസൂര്യക്കു പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചു. മോഹവലയത്തിലെ അഭിനയത്തിനു ജോയ് മാത്യുവിനു സെക്കന്‍ഡ് ക്ലാസ് യാത്രയിലേയും ലുക്കാ ചുപ്പിയിലേയും അഭിനയത്തിനു ജോജു ജോര്‍ജിനും പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. അമര്‍ അക്ബര്‍ ആന്റണിയിലെ 'എന്നോ ഞാനെന്റെ...' എന്ന ഗാനം ആലപിച്ച ശ്രേയ ജയദീപിനും പ്രത്യേക ജൂറി പരാമര്‍ശമുണ്ട്. ബെന്നിലെ അഭിനയത്തിനു ഗൗരവ് ജി. മേനോന്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. മാല്‍ഗുഡി ഡെയ്‌സിലൂടെ ജാനകി മേനോനും മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലി, എന്നു നിന്റെ മൊയ്തീനിലും നീനയിലും ക്യാമറ ചലിപ്പിച്ച ജോമോന്‍.ടി.ജോണാണു മികച്ച ഛായാഗ്രാഹകന്‍. കാറ്റും മഴയും എന്ന ചിത്രത്തിന്റെ കഥ ഹരികുമാറിനെ അവാര്‍ഡിനര്‍ഹനാക്കി. ചാര്‍ലിയുടെ തിരക്കഥയ്ക്ക് ആര്‍. ഉണ്ണിയും മാര്‍ട്ടിന്‍ പ്രക്കാട്ടും അവാര്‍ഡ് കരസ്ഥമാക്കി. ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നു നിന്റെ മൊയ്തീന്‍ നേടി. ശ്രീബാല.കെ. മേനോനാണു മികച്ച നവാഗത സംവിധായക. എന്നു നിന്റെ മൊയ്തീനിലെ കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു എന്ന ഗാനത്തിലൂടെ റഫീഖ് അഹമ്മദ് മികച്ച ഗാനരചയിതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി എന്ന ഗാനത്തിനും എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം ചാരു ചന്ദ്രിക എന്ന ഗാനത്തിനും സംഗീതം നല്‍കിയ രമേശ് നാരായണനാണു മികച്ച സംഗീത സംവിധായകന്‍. പത്തേമാരിയിലേയും നീനയിലേയും പശ്ചാത്തല സംഗീതത്തിനു ബിജിബാലും അവാര്‍ഡ് നേടി. പി. ജയചന്ദ്രനാണു മികച്ച ഗായകന്‍. ജിലേബിയിലെ ഞാനൊരു മലയാളി, എന്നും എപ്പോഴും എന്ന ചിത്രത്തിലെ മലര്‍വാകക്കൊമ്പത്തെ, എന്നു നിന്റെ മൊയ്തീനിലെ ശാരദാംബരം എന്നീ ഗാനങ്ങളാണു ജയചന്ദ്രനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇടവപ്പാതിയിലെ പശ്യതി ദിശി ദിശി എന്ന ഗാനത്തിലൂടെ മധുശ്രീ നാരായണന്‍ മികച്ച ഗായികയായി. ചാര്‍ലിയും എന്ന് നിന്റെ മൊയ്തീനുമാണ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്. ചാര്‍ലിക്ക് എട്ടും എന്ന് നിന്റെ മൊയ്തീന് ഏഴും പുരസ്‌കാരങ്ങള്‍ ലഭിച്ചു. മറ്റു പുരസ്‌കാരങ്ങള്‍: മികച്ച ചിത്ര സംയോജകന്‍ മനോജ് (ഇവിടെ), കലാ സംവിധാകന്‍ ജയശ്രി ലക്ഷ്മി നാരയണന്‍ (ചാര്‍ലി), ലൈവ് സൗണ്ട് സന്ദിപ് കുറിശ്ശേരി, ജിജിമോന്‍ ജോസഫ് (ഒഴിവു ദിവസത്തെ കളി), ശബ്ദ മിശ്രണം എം.ആര്‍. രാജകൃഷ്ണന്‍ (ചാര്‍ലി), ശബ്ദ ഡിസൈന്‍ രംഗനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍), പ്രൊസസിങ് ലാബ്/ കളറിസ്റ്റ് പ്രസാദ് ലാബ്, മുംബൈ, ജെ.ഡി ആന്‍ഡ് കിരണ്‍ (ചാര്‍ലി), മേക്കപ്പമാന്‍ രാജേഷ് നെന്മാറ (നിര്‍ണായകം), വസ്ത്രാലങ്കാരം നിസാര്‍ (ജോ ആന്‍ഡ് ദി ബോയ്), ഡബ്ബിങ് ആര്‍ടിസ്റ്റ് ശരത് (ഇടവപ്പാതി), എയ്ഞ്ജല്‍ ഷിജോയ് (ഹരം), നൃത്ത സംവിധായകന്‍ ശ്രീജിത്ത് (ജോ ആന്‍ഡ് ദി ബോയ്), കുട്ടികളുടെ ചിത്രം മലേറ്റം (സംവിധായകന്‍ തോമസ് ദേവസ്യ), മികച്ച സിനിമാ ഗ്രന്ഥം കെ.ജി. ജോര്‍ജിന്റെ ചലച്ചിത്ര യാത്രകള്‍ (കെ.ബി. വേണു), സിനിമാ ലേഖനം സില്‍വര്‍ സ്‌ക്രീനിലെ എതിര്‍ നോട്ടങ്ങള്‍ അജു കെ. നാരായണന്‍). ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രാജീവ് നാഥ്, ജൂറി ചെയര്‍മാന്‍ മോഹന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.