ജഡ്ജിക്കെതിരെ പരാമര്‍ശം: മന്ത്രി കെ.സി. ജോസഫ്‌ പരസ്യമായി മാപ്പുപറയണമെന്ന് ഹൈക്കോടതി

Wednesday 2 March 2016 5:45 am IST

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി കെ.സി. ജോസഫ് പൊതുജന മദ്ധ്യത്തില്‍ പരസ്യമായി മാപ്പു പറയണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിവാദ പാരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി. ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് തോട്ടത്തില്‍ ബി . രാധാകൃഷ്ണന്‍, ജസ്റ്റീസ് സുനില്‍ തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. ജുഡീഷ്യറിയ്ക്കുണ്ടായ കളങ്കം മാറ്റുന്ന തരത്തില്‍ പൊതുജന മദ്ധ്യത്തില്‍ മാപ്പു പറയാതെ കേസിലെ നടപടികള്‍ അവസാനിപ്പിക്കരുതെന്ന വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി പരിഗണിക്കവെ മന്ത്രി കെ.സി. ജോസഫ് ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായിരുന്നു. മന്ത്രി ഏതു തരത്തില്‍ മാപ്പു പറയണമെന്നത് മന്ത്രിക്കു തന്നെ തീരുമാനിക്കാമെന്നു കോടതി വ്യക്തമാക്കി. മാര്‍ച്ച് 10ന് ഉച്ചക്ക് 12.30ന് കേസ് വീണ്ടും പരിഗണിക്കും. ഇതിനു മുമ്പ് ഏതു രീതിയിലുള്ള ഖേദപ്രകടനമാണെന്ന് വ്യക്തമാക്കി മന്ത്രി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും മാര്‍ച്ച് പത്തിന് മന്ത്രി നേരിട്ട് ഹാജരാകണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസിനു പിന്നില്‍ രാഷ്ട്രീയ താല്പര്യമുണ്ടെന്ന വാദം കോടതി തള്ളി. ഒരാള്‍ മന്ത്രിയും മറ്റൊരാള്‍ എംഎല്‍എയുമാണ്. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളെന്ന തരത്തിലാണ് അവരെ കോടതി കാണുന്നത്. രാഷ്ട്രീയ കാരണങ്ങള്‍ കോടതിയുടെ വിഷയമല്ലെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏതു തരത്തില്‍ മാപ്പു പറയണമെന്നതു കോടതിയില്‍ ചര്‍ച്ചാ വിഷയമായി. ഫേസ് ബുക്കിലെ പരാമര്‍ശമാണ് വിവാദമായതെന്നതിനാല്‍ ഫേസ് ബുക്കില്‍ തന്നെ മാപ്പു പറയാമെന്ന് മന്ത്രിയുടെ അഭിഭാഷകന്‍ അഡ്വ. എസ് ശ്രീകുമാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഏതു തരത്തില്‍ മാപ്പു പറയണമെന്നത് കോടതി തീരുമാനിക്കേണ്ടെന്ന നിലപാടാണ് കേസിലെ അമിക്കസ് ക്യൂറി അഡ്വ പിബി . കൃഷ്ണന്‍ സ്വീകരിച്ചത്. ഇതിനോടു കോടതിയും യോജിച്ചു. ഏതു തരത്തില്‍ മാപ്പു പറയണമെന്ന് കോടതി നിര്‍ദ്ദേശിക്കുന്നില്ല. ജനങ്ങളുടെ മുഖത്താണ് ചെളിവാരിയെറിഞ്ഞത്. അതു നീക്കം ചെയ്യണം. മാപ്പു പറയുന്നത് ജനം അറിയണം. ഈ നടപടികള്‍ വരും തലമുറയ്ക്കു മാതൃകയാവുകയും വേണം- ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നീതിന്യായ സംവിധാനത്തെയോ ജഡ്ജിമാരെയോ അപകീര്‍ത്തിപ്പെടുത്തണമെന്ന ലക്ഷ്യത്തോടെയല്ല ഫേസ് ബുക്കില്‍ വിവാദ പരാമര്‍ശം കുറിച്ചതെന്നും തനിക്കു പറ്റിയ തെറ്റില്‍ നിരുപാധികം മാപ്പു ചോദിക്കുന്നുവെന്നും വ്യക്തമാക്കി മന്ത്രി ഇന്നലെ ഹൈക്കോടതിയില്‍ അഡീഷണല്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഹര്‍ജി പരിഗണനയ്‌ക്കെടുത്തപ്പോള്‍ മാപ്പു ചോദിക്കുന്നതിനു മുമ്പ് കുറ്റം ചെയ്തുവെന്ന് മന്ത്രി സമ്മതിക്കേണ്ടതുണ്ടെന്ന് ശിവന്‍കുട്ടിയുടെ അഭിഭാഷകന്‍ അഡ്വ. സി. പി. ഉദയഭാനു ചൂണ്ടിക്കാട്ടി. ഇക്കാര്യം വ്യക്തമാക്കിയ മറുപടി സത്യവാങ്മൂലവും അദ്ദേഹം സമര്‍പ്പിച്ചിരുന്നു. സത്യവാങ്മൂലത്തിലൂടെ കോടതിയോടു മാപ്പു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി പരിഗണിച്ചു. കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലം എത്രപേര്‍ വായിക്കുന്നുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. തുടര്‍ന്നാണ് ജനങ്ങളുടെ മനസില്‍ ജുഡീഷ്യറിക്കുണ്ടായ കളങ്കം നീക്കുന്ന തരത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെതിരെ ഫേസ് ബുക്കില്‍ വിവാദ പരാമര്‍ശം നടത്തിയതിനാണ് മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് വി . ശിവന്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.