മകരവിളക്ക്‌ ഇന്ന്‌, സന്നിധാനത്ത്‌ ഭക്തസഹസ്രങ്ങള്‍

Sunday 15 January 2012 1:11 pm IST

ശബരിമല: ഭക്തജന കോടികള്‍ ഭക്ത്യാദരപൂര്‍വ്വം കാത്തിരിക്കുന്ന മകരവിളക്ക്‌ ഇന്ന്‌. മകരജ്യോതി ദര്‍ശനത്തിനും തിരുവാഭരണ വിഭൂഷിതനായ ഭഗവാനെ കണ്‍കുളിര്‍ക്കെ കാണുന്നതിനും ഭക്തജനങ്ങളെക്കൊണ്ട്‌ സന്നിധാനം നിറഞ്ഞു. മാളികപ്പുറം, പാണ്ടിത്താവളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പര്‍ണ്ണശാലകള്‍ കെട്ടി തീര്‍ത്ഥാടകര്‍ ദിവസങ്ങള്‍ക്കു മുന്നെ സ്ഥലം കൈയടക്കിയിരുന്നു. സന്നിധാനത്തെ നടപ്പന്തലുകള്‍, തിരുമുറ്റം, മാളികപ്പുറത്തിന ്താഴെ ഭാഗം തുടങ്ങിയ തുറസ്സായ സ്ഥലങ്ങളിലെല്ലാം തീര്‍ത്ഥാടകര്‍ വിരിവെച്ചിരിക്കുകയാണ്‌.
ഇന്ന്‌ പുലര്‍ച്ചെ 12.59 നായിരുന്ന മകരസംക്രമപൂജ. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നും എത്തിച്ച നെയ്ത്തേങ്ങ ഉപയോഗിച്ച്‌ ഈ സമയം നെയ്യഭിഷേകം നടത്തി. തന്ത്രി കണ്ഠരര്‌ മഹേശ്വരര്‌ , മേല്‍ശാന്തി എന്‍.ബാലമുരളി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മകരസംക്രമസന്ധ്യയില്‍ ശ്രീധര്‍മ്മശാസ്താവിന്‌ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര വൈകിട്ട്‌ 5.30 ഓടെ ശരംകുത്തിയിലെത്തിച്ചേരും. ഘോഷയാത്രയെ ദേവസ്വം ബോര്‍ഡ്‌ ഭാരവാഹികള്‍ സ്വീകരിച്ച്‌ സന്നിധാനത്തേക്ക്‌ ആനയിക്കും. തുടര്‍ന്ന്‌ പതിനെട്ടാംപടി കയറ്റി കൊടിമരച്ചുവട്ടിലെത്തിക്കുന്ന പേടകങ്ങള്‍ സോപാനത്ത്‌ തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന്‌ ഏറ്റുവാങ്ങി തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍്ത്തി ദീപാരാധനയും നടത്തും. ഈ സമയം നീലാകാശത്ത്‌ മകര നക്ഷത്രം ദൃശ്യമാകും. പൊന്നമ്പലമേട്ടില്‍ ദീപാരാധനയും നടക്കും. തുടര്‍ന്ന്‌ രാത്രി 9.30ന്‌ മാളികപ്പുറത്തു നിന്നും പതിനെട്ടാംപടിയ്ക്കലേക്ക്‌ എഴുന്നള്ളത്തും ഉണ്ടായിരിക്കും. രാത്രി 11.45 ന്‌ ഹരിവരാസനം പാടി നട അടയ്ക്കും.


പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.