കശ്മീരി പണ്ഡിറ്റുകള്‍: വംശീയ ഉന്മൂലനത്തിന്റെ നാള്‍വഴികള്‍

Saturday 20 May 2017 3:00 am IST

  കശ്മീരി പണ്ഡിറ്റുകള്‍. കശ്മീര്‍ താഴ്‌വരയുടെ യഥാര്‍ത്ഥ അവകാശികള്‍. അയ്യായിരം വര്‍ഷത്തെ ലിഖിതമായ ചരിത്രവും അതിസമ്പന്ന സാംസ്‌കാരിക പൈതൃകവും ഉള്ളവര്‍. ശൈവാരാധനാ സമ്പ്രദായം പിന്തുടരുന്ന സാരസ്വത ബ്രാഹ്മണരാണ് ഇവര്‍. കശ്മീര്‍ അവര്‍ക്കിടയില്‍ ശാരദാപീട് എന്നറിയപ്പെടുന്നു. സഹസ്രാബ്ദങ്ങളുടെ ഭൂതകാലത്തില്‍ അവര്‍ ലോക സംസ്‌കൃതിക്ക് മതം, തത്വചിന്ത, സംസ്‌കൃത സാഹിത്യം, വൈദ്യം, ചരിത്രം, സംഗീതം, സൗന്ദര്യ ശാസ്ത്രം തുടങ്ങിയവയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് . 1389 മുതല്‍ 1413 വരെ കശ്മീര്‍ ഭരിച്ച സികന്ദര്‍ ബുട്ഷിക്കാന്‍ മുതല്‍ തുടങ്ങുന്നു കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ ചരിത്രം. അന്നുമുതല്‍ വൈദേശിക ആക്രമണങ്ങളില്‍ നിന്നും ഇസ്ലാമിക ശക്തികളില്‍ നിന്നും ഈ സമൂഹം നേരിടേണ്ടി വന്ന ആക്രമണങ്ങളും സഹനവും അതുമൂലം അവര്‍ക്കുണ്ടായ നാശനഷ്ടങ്ങളും ലോക ചരിത്രത്തില്‍ തന്നെ തുല്യതയില്ലാത്തതാണ്. നൂറ്റാണ്ടുകള്‍ നീണ്ട ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍ അവരുടെ സംഖ്യ അവിശ്വസനീയമാം വിധം ശോഷിച്ചു വന്നു. (1423 മുതല്‍ 74 വരെ കാശ്മീര്‍ ഭരിച്ച സൈനുല്‍ ആബിദിന്‍, 1587 ല്‍ കശ്മീര്‍ കീഴടക്കിയ അക്ബര്‍ തുടങ്ങിയ അപൂര്‍വം ചിലര്‍ മാത്രം അവരോടു സഹിഷ്ണുത ഉള്ളവരായിരുന്നു എന്ന് ചരിത്രം പറയുന്നു ). 1947 ല്‍ കശ്മീര്‍ താഴ്‌വരയിലെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം വരെയായിരുന്നു പണ്ഡിറ്റുകള്‍. ഇത് 1981 ആയപ്പോഴേക്കും അഞ്ച് ശതമാനമായി ചുരുങ്ങി. നൂറ്റാണ്ടുകളായി തുടരുന്ന വംശീയ ഉന്മൂലനം അതിന്റെ പാരമ്യതയില്‍ എത്തിയത് 1990 കളിലാണ്. 1990 ല്‍ മത മൗലികവാദികള്‍ കശ്മീരി പണ്ഡിറ്റുകള്‍ കാഫിറുകളാണെന്നു പ്രഖ്യാപിച്ചു. നിരന്തരമായി ശല്യം ചെയ്തും ബുദ്ധി മുട്ടിച്ചും പിന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തിയും അവര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് കുടിയിറക്കപ്പെട്ടു. ആണുങ്ങളോട് കാശ്മീരില്‍ നിന്ന് പലായനം ചെയ്യുകയോ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുകയോ വേണമെന്നായിരുന്നു കല്‍പ്പന. ഇല്ലെങ്കില്‍ തോക്കിനു മുന്നില്‍ ഇല്ലാതായിത്തീരാം. സ്ത്രീകളെ അവിടെത്തന്നെ ഉപേക്ഷിച്ചു പോവാനായിരുന്നു ആദ്യമാദ്യം കല്‍പ്പന. അവരെ ലൈംഗീക അടിമകളാക്കി ഉപേക്ഷിക്കാനായിരുന്നു പദ്ധതി. അങ്ങനെ അവര്‍ തങ്ങളുടെ വീടും സര്‍വ സ്വത്തുകളും തങ്ങളുടെ സ്വര്‍ഗ്ഗതുല്യമായ താഴ്‌വരയും ഉപേക്ഷിച്ചു ഭാരതത്തിലെ ചൂടുകൂടിയ മറ്റു ഭാഗങ്ങളിലെക്ക് പലായനം ചെയ്യേണ്ടി വന്നു. ഉദ്ദേശ്യം 350000 ത്തോളം ആളുകള്‍ ഇങ്ങനെ പലായനം ചെയ്യപ്പെട്ടു. ശേഷിച്ചവര്‍ മതപരിവര്‍ത്തനത്തിന് വിധേയരായി. രണ്ടായിരത്തോളം വരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന പണ്ഡിറ്റുകള്‍ കൊലചെയ്യപ്പെട്ടു . സ്ത്രീകള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സര്‍വ സ്വത്തുക്കളും കവര്‍ന്നെടുക്കപ്പെട്ടു. അങ്ങനെ പണ്ഡിറ്റുകള്‍ വംശീയ ഉന്മൂലനം ചെയ്യപ്പെട്ടു. ഇക്കാലയളവില്‍ സര്‍ക്കാര്‍ ജോലിക്കാരും രാഷ്ട്രീയ നേതാക്കളും നീതിപാലകരും മാധ്യമ പ്രവര്‍ത്തകരും തുടങ്ങി എല്ലാവരെയും ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ നിഷ്‌കരുണം കൊലചെയ്യുകയോ ചെയ്തു. മത നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. 400 ഓളം വിദ്യാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ഈ വസ്തുതകള്‍ ഒട്ടുമുക്കാലും പുറം ലോകത്തിനു അജ്ഞാതമായിരുന്നു. 2010 ലെ സര്‍ക്കാര്‍ കണക്കനുസരിച്ച് 808 കുടുംബങ്ങളിലായി 3445 പണ്ഡിറ്റുകള്‍ മാത്രമാണ് കശ്മീര്‍ താഴ്‌വരയില്‍ അവശേഷിക്കുന്നത്. താഴ്‌വരയില്‍ നിന്ന് പലായനം ചെയ്തവര്‍ ഇന്നും ഭാരതത്തില്‍ സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്നു. ഇവര്‍ പക്ഷെ ഇന്നുവരെ ആക്രമണോത്സുകമായ മാര്‍ഗത്തിലൂടെ തങ്ങളുടെ വീടും സ്വത്തുക്കളും വീണ്ടെടുക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മാത്രവുമല്ല ഈ കുടിയിറക്കല്‍ ശാശ്വതമല്ലെന്നും അവര്‍ വിശ്വസിക്കുന്നു. സ്വന്തം മണ്ണില്‍ മതാധിപത്യത്തിന് കാല്‍ച്ചുവട്ടില്‍ അല്ലാതെയുള്ള ഒരു ജീവിതമാണ് അവരുടെ സ്വപ്നം താഴ്‌വര രക്തത്തില്‍ കുളിച്ച ചില സംഭവങ്ങള്‍ 1. പുരുഷ്യാര്‍ കൂട്ടക്കൊല:- 1763ല്‍ 18 വയസ്സുള്ള ഭരണാധികാരി ആസാദ് ഖാനും സംഘവും നടത്തിയത്. 37 പണ്ഡിറ്റുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2. കനിക്കൂട്ട് കൂട്ടക്കൊല:- 1931 ജൂലൈ 13 ല്‍ മഹാരാജ ഹരിസിങ്ങിന്റെ ദേശീയതയ്ക്ക് അനുകൂലമായ കാഴ്ചപ്പാടിനെതിരെ രാജ്യത്ത് അസ്ഥിരത വളര്‍ത്താന്‍ മുസ്ലീം മത മൗലിക വാദികളെ ഇളക്കിവിട്ടുകൊണ്ട് ബ്രിട്ടീഷുകാര്‍ ആസൂത്രണം ചെയ്ത ആക്രമണ പരമ്പര 3. മിര്‍പൂര്‍ കൂട്ടക്കൊല:- 1947ല്‍ വിഭജന ശേഷം വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞ പണ്ഡിറ്റ് സിഖ് സമൂഹത്തിനു നേരെ പാക്കിസ്ഥാന്‍ സൈന്യവും ഗോത്രവര്‍ഗ്ഗക്കാരും നടത്തിയ ആക്രമണം. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപെട്ടു. അയ്യായിരത്തോളം സ്ത്രീകളെ പാക് പട്ടാളവും ഗോത്രവര്‍ഗ്ഗക്കാരും പിടിച്ചു കൊണ്ടുപോയി. 4. സിര്‍ഹാമ പുരാതന സൂര്യാരധനാ കേന്ദ്രമായിരുന്നു സൂര്യഹാമ. ഇതാണത്രേ ലോപിച്ച് സിര്‍ഹാമ എന്നായി തീര്‍ന്നത്. ഇവിടെ 1948 ല്‍ നടന്ന കൊള്ളയും കൊലയും. 5. നദീമാര്‍ഗ് കൂട്ടക്കൊല:- 2003 മാര്‍ച്ച് 23ന് നടന്ന ഭീകരാക്രമണത്തില്‍ 24 പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടു. ഇതുകൂടാതെ സൂറാന്‍കോട്ട്, പൂഞ്ച് കൂട്ടക്കൊലകള്‍, രജൗരിയിലെ വംശീയ ഉന്മൂലന ശ്രമങ്ങള്‍ 2014 ഡിസംബര്‍ 15 മുതല്‍ 16 ജനവരി 2015 വരെയുള്ള ഒരുമാസ കാലയളവിനുള്ളില്‍ ആറ് സായുധ വംശീയ ആക്രമണങ്ങളാണ് ഇവര്‍ക്ക് നേരെ ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.