പ്രദീപിന്റെ ധീരതയ്ക്ക് രാഷ്ട്രത്തിന്റെ അംഗീകാരം

Tuesday 1 March 2016 7:30 pm IST

പത്തനംതിട്ട: നാലുപേരുടെ ജീവന്‍ രക്ഷിച്ച പ്രദീപിന്റെ ധീരതയ്ക്ക് രാഷ്ട്രത്തിന്റെ അംഗീകാരം. വലഞ്ചുഴി മേനേത്ത് വീട്ടില്‍ എം.വി. പ്രദീപ് കുമാറാണ്. രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക്കിന് അര്‍ഹനായത്. കരകവിഞ്ഞ് ഒഴുകിയ അച്ചന്‍കോവിലാറ്റില്‍ നിന്നും നാല് ജീവനുകളാണ് ധീരനായ ഈ യുവാവ് രക്ഷിച്ചത്. ശക്തമായ ഒഴുക്കില്‍പെട്ട ശ്രീകുമാര്‍, വിഷ്ണു എന്നീ യുവാക്കളെ അതിസാഹസികമായാണ് രക്ഷിച്ചത്. വലഞ്ചുഴി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള കയത്തില്‍ നിന്നും രണ്ടുപേരേയും രക്ഷിക്കാനായത് പ്രദീപിന്റെ ധീരത ഒന്നുകൊണ്ട് മാത്രമാണ്. നദി നീന്തിക്കടക്കാന്‍ ശ്രമിച്ച ബിനോയ് എന്ന യുവാവ് ഒഴുക്കില്‍പെട്ടപ്പോഴും രക്ഷകനായി എത്തിയത് പ്രദീപ് തന്നെ ആയിരുന്നു. 2014 നവംബര്‍ 21 ന് നദിയുടെ ആഴങ്ങളില്‍ മുങ്ങിത്താണ ഭവാനിയമ്മ എന്ന വൃദ്ധമാതാവിനെ രക്ഷിച്ചതും മറ്റാരുമല്ല. തുടര്‍ന്ന് പ്രദീപിന്റെ ധീരതയില്‍ അഭിമാനംകൊണ്ട നാട്ടുകാര്‍ പ്രത്യേത അനുമോദനവും നല്‍കി. രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും സാമുദായിക സംഘടനകളും ക്ലബ്ബുകളും ചേര്‍ന്ന് സ്വീകരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ധീരതയ്ക്കുള്ള അര്‍ഹമായ അംഗീകാരമായി രാഷ്ട്രപതിയുടെ പുരസ്‌ക്കാരം പ്രദീപിനെ തേടിയെത്തിയതില്‍ നാട്ടുകാരൊന്നടങ്കം അഹ്ലാദത്തിലാണ്. ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലിചെയ്തുവരുന്ന പ്രദീപിന് സര്‍ക്കാരിന്റെ ഇടപെടലിലൂടെ നാട്ടിലൊരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബാഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.