ഒരു പപ്പടം ഉണ്ടാക്കിയ ജീവിതങ്ങള്‍

Tuesday 1 March 2016 8:55 pm IST

രുചിയോടെ നല്‍കിയാല്‍ പപ്പടവും ജീവിതം മാറ്റിമറിക്കും. ഭക്ഷണത്തിന്റെ കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കാത്തതുകൊണ്ടുതന്നെ പപ്പടത്തിനും അടുക്കളയില്‍ പ്രാധാന്യമുണ്ട്. അത് തിരിച്ചറിഞ്ഞ്, ഏഴുപേരുടെ ഉപജീവനമാര്‍ഗ്ഗമെന്ന നിലയില്‍ തുടങ്ങിയ പപ്പട നിര്‍മാണം ഏഴല്ല അനേകം പേരുടെ ജീവിതോപാധിയായി മാറിയ കഥയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന സ്ഥാപനത്തിന് പറയാനുള്ളത്. ഗുജറാത്തി വനിതകളായ ജസ്വന്തിബെന്‍ ജമ്‌നാദാസ്. പാര്‍വതിബെന്‍ രാമദാസ്, ഉജംബെന്‍ നരന്‍ദാസ്, ബാനുബെന്‍. എന്‍, ലഗുബെന്‍ അമൃത്‌ലാര്‍, ജയാബെന്‍ എന്നിവര്‍ ചേര്‍ന്ന് തുടങ്ങിയ ചെറുസംരംഭമാണ് ഇന്ന് പടര്‍ന്നുപന്തലിച്ചിരിക്കുന്നത്. സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയിലെ അംഗവും സാമൂഹ്യപ്രവര്‍ത്തകനുമായ ജഗന്‍ലാല്‍ കരംസി പരേഖില്‍ നിന്നും വായ്പയായി വാങ്ങിയ 80 രൂപ മുതല്‍ മുടക്കി 1959 ലാണ് ഇവര്‍ ഈ സൗഹൃദസംരംഭത്തിന് തുടക്കമിട്ടത്. പപ്പട നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ വാങ്ങി അന്ന് ആകെ ഉത്പാദിപ്പിച്ചത് നാല് പാക്കറ്റ് പപ്പടം പരിചയത്തിലുള്ള ഒരു കച്ചവടക്കാരന്റെ കടയിലൂടെ വില്‍പന നടത്തി. തുടക്കം ഇവിടെ നിന്നാണ്. നഷ്ടത്തിലായാലും ആരില്‍ നിന്നും സംഭാവന സ്വീകരിക്കില്ലെന്ന മഹത്തായ നിലപാട് തുടക്കത്തില്‍ തന്നെ ആ ഏഴു പേരും എടുത്തിരുന്നു. ജഗന്‍ലാല്‍ ആയിരുന്നു ഇവരുടെ ഗുരുസ്ഥാനത്തുണ്ടായിരുന്നത്. ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകരുതെന്ന നിര്‍ദ്ദേശമാണ് അദ്ദേഹം നല്‍കിയത്. ബിസിനസ് സംരംഭം എന്ന നിലയില്‍ മുന്നോട്ടുപോകുന്നതിനും പ്രേരണ നല്‍കി. തുടര്‍ന്ന് കോ- ഓപ്പറേറ്റീവ് സംവിധാനത്തിലേക്ക് ലിജ്ജതിനെ വികസിപ്പിച്ചു. ബാലികമാര്‍വരെ ഇതില്‍ പങ്കാളികളാകാന്‍ മുന്നോട്ടുവന്നതോടെ പ്രായം 18 ആയി നിജപ്പെടുത്തി. മൂന്ന് മാസത്തിനുള്ളില്‍ ജീവനക്കാരുടെ എണ്ണം 25 ആയി. ആദ്യവര്‍ഷം 6196 രൂപയുടെ വില്‍പനയാണ് നടത്തിയത്. ആ വര്‍ഷം മഴക്കാലത്ത് പപ്പട ഉത്പാദനം നിര്‍ത്തിവച്ചു. പിറ്റേ വര്‍ഷം ആ പ്രശ്‌നത്തിനും പരിഹാരം കണ്ടു. പപ്പടത്തിന്റെ ഗുണമേന്മയെക്കുറിച്ച് പലരും കേട്ടറിഞ്ഞു. അങ്ങനെ ലിജ്ജത് പപ്പടവും പതുക്കെ പതുക്കെ പ്രശസ്തമാവാന്‍ തുടങ്ങി. മൂന്നാം വര്‍ഷം തന്നെ വനിതാ ജീവനക്കാരുടെ എണ്ണം മുന്നൂറായി. ഗുജറാത്തി ഭാഷയില്‍ ലിജ്ജതിന്റെ അര്‍ത്ഥം രുചി എന്നാണ്. 1962 ലാണ് ലിജ്ജത് എന്ന പേര് ഉത്പന്നത്തിന് നല്‍കിയത്. ഓര്‍ഗനൈസേഷന്റെ പേരായ ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് തിരഞ്ഞെടുത്തതാവട്ടെ മത്സരം നടത്തിയും. 1966 ജൂലൈയില്‍ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് 1860 പ്രകാരം സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. എല്ലാ തലത്തിനും വനിതകള്‍ക്ക് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ തന്നെ ഏറ്റവും വലിയ ബൃഹത്തായ സംരംഭവും ഇതായിരിക്കും. വികസനത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും ഉത്തമ മാതൃകയായി വളര്‍ന്നിരിക്കുകയാണ് ഇന്ന് ഈ സ്ഥാപനം. പതിനേഴ് സംസ്ഥാനങ്ങളിലായി 62 ഓളം ശാഖകളും 43,000ത്തോളം ജീവനക്കാരുമാണ് ലിജ്ജതിനുള്ളത്. ലിജാത് പപ്പടമാണ് കൂടുതല്‍ പ്രസിദ്ധം. 14 ഫ്‌ളേവറുകളില്‍ ഈ പപ്പടം ലഭ്യമാണ്. കൂടാതെ അപ്പളം, മസാല, വടി, ആട്ട, ബേക്കറി ഉത്പന്നങ്ങള്‍, ചപ്പാത്തി, ഡിറ്റര്‍ജന്റ് പൗഡര്‍, ഡിറ്റര്‍ജന്റ് കേക്ക്, നീലം ഡിറ്റര്‍ജന്റ് പൗഡര്‍, ലിക്വിഡ് ഡിറ്റര്‍ജന്റ് എന്നിങ്ങനെ നിരവധി ഉത്പന്നങ്ങളാണ് ലിജ്ജതിന്റെ ബ്രാന്‍ഡിലിറങ്ങുന്നത്. ബിസിനസ്, വികസന തന്ത്രങ്ങളാണ് ഈ സ്ഥാപനത്തിന്റെ വിജയം. രാജ്യത്തെ ആയിരക്കണക്കിന് വനിതകള്‍ക്കാണ് സാമ്പത്തിക സ്വാശ്രയത്വവും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ലിജ്ജതിലൂടെ ലഭ്യമായിരിക്കുന്നത്. നിരവധി പുരസ്‌കാരങ്ങളും ലിജ്ജത് നേടിയിട്ടുണ്ട്. ലാളിത്യം എന്ന ഗാന്ധിയന്‍ ദര്‍ശനം ലിജ്ജതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൃശ്യമാവും. എല്ലാ പ്രക്രിയകളും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതുകൂടാതെ ജീവനക്കാര്‍ക്കെല്ലാം ന്യായമായ ശമ്പളവും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഉത്പന്നം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നു. പപ്പടത്തിനുള്ള മാവ് കുഴയ്ക്കുന്നത് മുതല്‍ ഗുണമേന്മ ഉറപ്പുവരുത്തി പായ്ക്കറ്റുകളില്‍ ആക്കുന്നതുവരെയുള്ള കാര്യങ്ങളിലെല്ലാം കൃത്യതയുണ്ട്. തൊഴിലാളി, മുതലാളി ബന്ധമല്ല ആരും തമ്മിലുള്ളത്. എല്ലാവര്‍ക്കും തുല്യപരിഗണനയാണുള്ളത്. പരസ്പരമുള്ള സ്‌നേഹവും സമര്‍പ്പണവും കൂട്ടായ ഉടമസ്ഥാവകാശവുമാണ് ഈ സംഘടനയുടെ കാതല്‍. കൂടെ ജോലി ചെയ്യുന്നവരെയെല്ലാം സഹോദരിയായി കാണുന്ന മനോഭാവം ഒരുപക്ഷേ ഇവിടുത്തെ മാത്രം പ്രത്യേകതയുമാവാം. ബിസിനസ് കാര്യങ്ങളില്‍ എല്ലാവര്‍ക്കും അഭിപ്രായം പറയാം. ശക്തമായ അടിത്തറയില്‍ ഊന്നിയാണ് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഉത്പന്നത്തിന്റെ വിതരണക്കാരെ തിരഞ്ഞെടുക്കുന്നതുപോലും വിശ്വാസ്യതയുടെ അടിസ്ഥാനത്തിലാണ്. പത്രത്തിലൂടെ പരസ്യം നല്‍കി, വിതരണക്കാരാകാന്‍ താല്‍പര്യമുള്ളവരെ അഭിമുഖം നടത്തി, ഗോഡൗണ്‍ സൗകര്യങ്ങള്‍ വരെ നേരിട്ട് കണ്ട് പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ്. എല്ലാമാസവും മുടങ്ങാതെ വിതരണക്കാരുടെ മീറ്റിംഗ് നടത്തി അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹാരവും നിര്‍ദ്ദേശിക്കും. ലിജ്ജത് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരുള്ള പ്രദേശം കണ്ടെത്തി അവിടെ പുതിയ ശാഖ ആരംഭിക്കും. ഉത്പന്നങ്ങള്‍ക്ക് സ്വദേശത്തുമാത്രമല്ല, വിദേശത്തും ആവശ്യക്കാരേറെയാണ്. ഏകദേശം 10 കോടി രൂപയുടെ കയറ്റുമതിയാണ് നടത്തുന്നത്. ഉത്പാദനത്തിന്റെ 35 ശതമാനത്തോളമാണ് കയറ്റുമതി. അമേരിക്ക, ബ്രിട്ടണ്‍, മിഡില്‍ ഈസ്റ്റ്, സിംഗപ്പൂര്‍, ഹോങ്കോങ്, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി. 21 പേരടങ്ങുന്ന കമ്മറ്റിയാണ് ലാഭം എപ്രകാരം പങ്കുവയ്ക്കണമെന്ന് നിശ്ചയിക്കുന്നത്. ലാഭത്തിനനുസരിച്ച് സ്വര്‍ണ നാണയങ്ങള്‍ വാങ്ങി ലാഭവിഹിതം എല്ലാവര്‍ക്കും തുല്യമായി നല്‍കുകയാണ് പതിവ്. മുംബൈയില്‍ നിന്നാണ് ഉത്പാദനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങി ഗുണമേന്മ പരിശോധിച്ച് മറ്റു കേന്ദ്രങ്ങളിലേക്ക് അയക്കുന്നത്. സമ്പൂര്‍ണ സ്ത്രീശാക്തീകരണമാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകളാല്‍ നടത്തപ്പെടുന്ന സ്ഥാപനം എന്നതാണ് പരസ്യവാചകം തന്നെ. 1980 ല്‍ തന്നെ ലിജ്ജത് പപ്പടത്തിന്റെ പരസ്യം ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്നു. ഇന്ന് ഒരു പരസ്യവും ആവശ്യമില്ലാതെ തന്നെ ഉത്പന്നം വിറ്റുപോകുന്നു എന്നതാണ് അവസ്ഥ. അത്രമാത്രം ജനപ്രീതിയാണ് ലിജ്ജതിനുള്ളത്. കേവലം വ്യവസായം എന്നതിനപ്പുറം സ്ത്രീകളുടെ സമഗ്രമായ ഉന്നമനമാണ് ലിജ്ജത് ലക്ഷ്യമിടുന്നത്. അതില്‍ പ്രധാനം ദാരിദ്ര ദൂരീകരണം തന്നെ. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ അഭാവവും അനാരോഗ്യവും എല്ലാം പ്രത്യേക പരിഗണന നല്‍കുന്ന വിഷയങ്ങളാണ്. പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് സൗകര്യം ഒരുക്കുക, വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ഗ്രാന്റ് അനുവദിക്കുക, ആരോഗ്യപരിരക്ഷാ പദ്ധതികള്‍ ഇതെല്ലാം ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടി നടപ്പാക്കിക്കൊണ്ട് സമൂഹത്തിന് മാതൃകയാകുകയാണ് ഈ സ്ഥാപനം. 1998 മുതല്‍ 2001 വരെ തുടര്‍ച്ചയായി മികച്ച ഗ്രാമ വ്യവസായത്തിനുള്ള പുരസ്‌കാരം നേടിയത് ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് ആണ്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. 2002 ല്‍ ബിസിനസ് വുമണ്‍ ഓഫ് ദ ഇയര്‍ ഫോര്‍ കോര്‍പ്പറേറ്റ് എക്‌സലന്‍സ്, 2005 ല്‍ ബ്രാന്‍ഡ് ഇക്യൂറ്റി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സ്വാതി പരദ്കര്‍ ആണ് സ്ഥാപനത്തിന്റെ പ്രസിഡന്റ്. 2013 ലെ കണക്ക് അനുസരിച്ച് വാര്‍ഷിക വിറ്റുവരവ് ഏകദേശം 650 കോടി രൂപയാണ്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, ജമ്മു-കാശ്മീര്‍, കര്‍ണാടക, കേരള, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം ശാഖകളുണ്ട്. വളകള്‍ അണിഞ്ഞ കരങ്ങളുടെ ശക്തിയാല്‍ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് ഇന്നീ സ്ഥാപനം വളരുകയാണ്. തയ്യാറാക്കിയത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.