ഹൈറേഞ്ച് സംരക്ഷണ സമിതി രാഷ്ട്രീയ വേദി രൂപീകരിക്കുന്നു

Tuesday 1 March 2016 10:03 pm IST

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ കരുത്തുകാട്ടാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി നീക്കങ്ങള്‍ ആരംഭിച്ചു. നെടുങ്കണ്ടത്ത് നിന്ന് കട്ടപ്പനക്ക് ഇന്ന് സമിതി സംഘടിപ്പിച്ചിരിക്കുന്ന കണ്ണീര്‍ യാത്ര യുഡിഎഫിനെതിരെയുള്ള പ്രത്യക്ഷ സമര പരിപാടിയാണ്. യാത്ര മാറ്റിവയ്ക്കണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും സമിതി ഇത് അംഗീകരിച്ചിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സമിതിയുടെ ലീഗല്‍ അഡൈ്വസറായിരുന്ന ജോയിസ് ജോര്‍ജിനെ സിപിഎം പിന്തുണയോടെ എംപിയാക്കിയ സാഹചര്യം നിയമസഭ തെരഞ്ഞെടുപ്പിലും ജില്ലയില്‍ സൃഷ്ടിക്കാനാണ് സമിതിയുടെ നീക്കം. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി ചേര്‍ന്ന് നിന്ന് രണ്ട് ജില്ലാ ഡിവിഷനിലടക്കം 40 ജനപ്രതിനിധികളെ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വിജയിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സമിതിക്ക് സ്വന്തമായ രാഷ്ട്രീയ സംവിധാനം ഉണ്ടാക്കാനാണ് നീക്കം. ഇടതുപക്ഷത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ സമിതി പ്രയാസപ്പെടുകയാണ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയിച്ച സമിതിയുടെ അംഗങ്ങള്‍ക്ക് സിപിഎം വിപ്പ് നല്‍കാന്‍ ശ്രമിച്ചിരുന്നു. ഇതിനെ സമിതി എതിര്‍ത്തു. പുതിയ സാഹചര്യത്തില്‍ പുതിയ കേരള കോണ്‍ഗ്രസുണ്ടായാല്‍ സിപിഎമ്മുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സമിതിയുടെ കണക്കുകൂട്ടല്‍. ഇടുക്കി മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, തൊടുപുഴ മുന്‍ എംഎല്‍എ പി.സി. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ പുതിയൊരു കേരള കോണ്‍ഗ്രസ് രൂപീകരിക്കണമെന്നാണ് ഹൈറേഞ്ച് സംരക്ഷ സമിതി ആഗ്രഹിക്കുന്നത്. ഇടുക്കിയില്‍ സമിതിയുടെ പിന്തുണയോടെ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇക്കാര്യത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് വേണ്ടി ജോയിസ് ജോര്‍ജ് മുഖാന്തിരം സിപിഎം നേതാക്കളുമായി ചര്‍ച്ചകളും നടത്തിയതായി അറിയുന്നു. ഇടുക്കിയില്‍ നിന്നു വിമത സ്വരം ഉയര്‍ത്തിയിരിക്കുന്ന പി.സി. ജോസഫിനും ഫ്രാന്‍സിസ് ജോര്‍ജിനുമെതിരെ നടപടിയെടുക്കാന്‍ കെ.എം. മാണിക്ക് കഴിയാതെ പോകുന്നതും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇടപെടലുകൊണ്ടാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ യുഡിഎഫ് വിരോധത്തെത്തുടര്‍ന്നാണ് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ സുരക്ഷിത മണ്ഡലം തേടുന്നതും. ഇടതുപക്ഷത്തിനൊപ്പം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയന്ത്രണത്തിലുള്ള മറ്റൊരു കേരള കോണ്‍ഗ്രസ് എന്ന സ്വപ്‌നമാണ് സമിതിക്കുള്ളത്. കാര്യങ്ങള്‍ ഇത്തരത്തില്‍ നീങ്ങുമ്പോഴും ആരുമായും സമിതി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നാണ് സമിതി ഡയറക്ടര്‍ സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ ജന്മഭൂമിയോട് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.