കടയടപ്പ് സമരം പൂര്‍ണം; പെട്രോള്‍ പമ്പ് സമരം ഭാഗികം

Tuesday 1 March 2016 11:15 pm IST

കൊച്ചി: അമ്പലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാപാരി സംഘടനകള്‍ സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത കടയടപ്പ് സമരം ജില്ലയില്‍ പൂര്‍ണം. ഓയില്‍ കമ്പനികള്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പുടമകള്‍ നടത്തിയ സമരം ജില്ലയില്‍ ഭാഗികമായിരുന്നു. തുണിക്കടകള്‍, ബേക്കറികള്‍, കോഫി ഷോപ്പുകള്‍, ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ആഹ്വാനം ചെയ്ത സമരത്തിന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് ഓണേഴ്‌സ് അസോസിയേഷനും ബേക്കേഴ്‌സ് അസോസിയേഷനും പിന്തുണ നല്‍കി. സമരത്തിന്റെ ഭാഗമായി വ്യാപാരികള്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ നിന്നും സംഘടനയില്‍ ഉള്‍പ്പെടാത്ത ഒരു വിഭാഗം വിട്ടുനിന്നു. സപൈഌകോയുടെയും ഓയില്‍ കമ്പനികള്‍ നേരിട്ടു നടത്തുന്ന പമ്പുകളും പ്രവര്‍ത്തിച്ചു. പുതിയതായി ലൈസന്‍സ് ലഭിച്ച ഏതാനും പമ്പുകളും പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ സമരം ജില്ലയെ കാര്യമായി ബാധിച്ചില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യാപാരികള്‍ സൗത്തിലെ ജോസ് ജങ്ഷനില്‍ നിന്നും തേവര സെയില്‍സ് ടാക്‌സ് ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.എം ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. വ്യാപാരികളെ പീഡിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് ആവശ്യമെങ്കില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നികുതി പിരിവില്‍ നിന്നും പിന്മാറുമെന്ന് അദ്ദേഹം പറഞ്ഞു. സംഘടനാ നേതാക്കളായ പി.സി.ജേക്കബ്, എം.സി.പോള്‍സണ്‍, ടി.ബി.നാസര്‍, എം.ജി.സോമന്‍, വ്യാപാരി സമിതി ജില്ല ജനറല്‍ സെക്രട്ടറി വാഹിദ്, സെയില്‍ ടാക്‌സ് പ്രാക്ടീസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.