മൂവാറ്റുപുഴ: ഗ്രാമീണ റോഡ് നിര്‍മ്മാണത്തിലെ അഴിമതിയെപ്പറ്റിയുള്ള പരാതിയില്‍ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു. പൊതുപ്രവര്‍ത്തകനായ ഖാലിദ് മുല്ലപ്പള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ പരാതിയിലാണ് ജഡ്ജി പി.മാധവന്റെ നിര്‍ദ്ദേശം. മുന്‍ ജില്ലാ പഞ്ചയാത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് എന്നിവരുള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് പരാതി. ആലുവ കീഴ്മാട് പഞ്ചായത്തിലെ 1,18 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഗ്രാമീണ റോഡ് നിര്‍മ്മാണത്തിലാണ് അഴിമതിയെന്ന് ഹര്ജിക്കാരന് പറയുന്നു. ഒന്നാം വാര്‍ഡിലെ പടിഞ്ഞാറേ പള്ളിറോഡിന് പഞ്ചായത്ത് ഫണ്ടില്‍നിന്ന് 5ലക്ഷവും ജില്ലാ പഞ്ചായത്തില്‍നിന്നും 5ലക്ഷവും അടക്കം 10ലക്ഷം രൂപയാണ് അനുവദിച്ചത്. 2.5ലക്ഷം രൂപയുടെ പണിമാത്രമേ നടത്തിയിട്ടുള്ളുവെന്നും 7.5ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നുമാണ് ഹര്ജിക്കാരന് ലഭിച്ച വിവരാവകാശ രേഖയില്‍ വ്യക്തമാകുന്നതെന്ന് ചൂണ്ടിക്കാണിച്ചു. ജില്ലാ പഞ്ചായത്തിന്റെ വിഹിതം ചെലവില്‍ തൊഴിലാളികള്‍ക്ക് കൂലിയിനത്തില്‍ നല്കിയതും ടാര്‍ ഉപയോഗത്തിലും അഴിമതിയുണ്ടെന്നാണ് ഹര്‍ജിക്കാരന്റെ വാദം. 30ന് മുമ്പ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: