മത്സരിക്കണമെന്ന് യെച്ചൂരി; ഉപാധിവെച്ച് വിഎസ്

Wednesday 2 March 2016 5:41 am IST

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി; എന്നാല്‍, ഉപാധിവെച്ച് വി.എസ്. അച്യുതാനന്ദന്‍. മത്സരിക്കാന്‍ സംസ്ഥാന നേതൃത്വം ആവശ്യപ്പെടണമെന്നാണ് വിഎസ് നിലപാട്. വിഎസിന് മത്സരിക്കാം, എന്നാല്‍ നയിക്കാമെന്ന മോഹം വേണ്ടെന്നാണ് മുന്‍ സെക്രട്ടറി പിണറായിവിജയനെ അനുകൂലിക്കുന്ന പക്ഷം പറയുന്നത്. വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ രാത്രി വൈകിയും ചര്‍ച്ച തുടരുകയാണ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ ഇരു ധ്രുവങ്ങളിലാണ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍ദേശം മുന്നോട്ടുവച്ചു. എന്നാല്‍ വിഎസ് മല്‍സരിക്കാതെ പ്രചാരണത്തിന് നേതൃത്വം നല്‍കിയാല്‍ മതിയെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം വാദിച്ചത്. ഇന്നു ചേരുന്ന, വിഎസ് കൂടി പങ്കെടുക്കുന്ന, സംസ്ഥാനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാവും. വിഎസും പിണറായിയും മല്‍സരിക്കണമെന്നാണു കേന്ദ്ര നിലപാട്. ഇന്നലെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു മുമ്പായി അച്യുതാനന്ദനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എകെജി സെന്റില്‍ വിളിച്ചുവരുത്തി ആവശ്യപ്പെടുകയായിരുന്നു. അര മണിക്കൂര്‍ കൂടിക്കാഴ്ചയില്‍ വിഎസ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നും പ്രചാരണത്തിനു നേതൃത്വം നല്‍കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എന്നാല്‍, സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടെ എന്നും അവര്‍ അഭിപ്രായം പറയട്ടെ എന്നുമായിരുന്നു വിഎസ്സിന്റെ നിലപാട്. സംസ്ഥാന നേതൃത്വത്തിന്റെ കൂടെ അഭിപ്രായമാണ് താന്‍ പറയുന്നതെന്ന് യെച്ചൂരി വിശദീകരിച്ചു. പക്ഷെ, തന്റെ ക്രഡിറ്റില്‍ മത്സരിച്ച് പിണറായി വിജയന് ഭരിക്കാമെന്ന മോഹം വേണ്ടെന്ന കടുത്ത നിലപാട് തന്നെയാണ് വിഎസിന്റെ നീക്കത്തില്‍ നിന്ന് മനസിലാകുന്നത്. അതേസമയം, തുടര്‍ന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ വിഎസ് മല്‍സരിക്കുന്നതിനെ സംസ്ഥാന നേതൃത്വം അനുകൂലിച്ചില്ല. നിര്‍ണായകമായ തെരഞ്ഞെടുപ്പായതിനാല്‍ വിഎസിന്റെ സാന്നിധ്യം അനിവാര്യമാണെന്നും വിഎസ് മല്‍സരിക്കേണ്ടതുണ്ടെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പ്രായാധിക്യം കാരണം വിഎസ് മല്‍സരിക്കേണ്ടെന്നും പ്രചാരണത്തെ മുന്നില്‍ നിന്ന് നയിച്ചാല്‍ മതിയെന്നുമാണ് ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്. പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് അദ്ദേഹവുമായി ബന്ധമുള്ള പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.