യാഥാര്‍ത്ഥ്യമാകുമോ ക്ഷേത്രകലാ അക്കാദമി

Wednesday 2 March 2016 10:25 pm IST

പയ്യന്നൂര്‍: ക്ഷേത്ര കലകളുടെ പഠനത്തിനും പരിപോഷണത്തിനുമായി മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ക്ഷേത്രകലാ അക്കാദമി ബാലാരിഷ്ടതയുടെ നടുവില്‍. ഉദ്ഘാടനം കഴിഞ്ഞ് ഒരുവര്‍ഷം പിന്നിട്ടിട്ടും പ്രവര്‍ത്തനത്തില്‍ ഒരിഞ്ചുപോലും മുന്നോട്ട് പോകുവാന്‍ അക്കാദമിക്കു സാധിച്ചിട്ടില്ല. തെയ്യത്തിന്റെയും കളരിപ്പയറ്റിന്റെയും നാട്ടില്‍ ക്ഷേത്ര കലകളായ തിടമ്പുനൃത്തം പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, കൂടിയാട്ടം, നങ്ങ്യാര്‍ കൂത്ത്, ഓട്ടന്‍തുള്ളല്‍ കഥകളി, കളമെഴുത്തുംപാട്ടും, ചുമര്‍ചിത്രങ്ങള്‍, പഞ്ചലോഹ വിഗ്രഹനിര്‍മ്മാണം, തെയ്യം, അനുബന്ധ കലാരൂപങ്ങള്‍ എന്നിവയുടെ പഠനവും പ്രചാരണവും പരിപോഷണവുമാണ് ക്ഷേത്രകലാ അക്കാദമിയുടെ പ്രവര്‍ത്തന പദ്ധതി. കേരള കലാമണ്ഡലത്തിന്റെ മാതൃകയില്‍ ഭാവിയില്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയായി വികസിപ്പിക്കാന്‍ വേണ്ടി നൂറ് ഏക്കര്‍ സ്ഥലവും കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും അക്കാദമിയുടെ സ്വപ്‌നമാണ്. പഠനകേന്ദ്രം എന്നതിനപ്പുറം രാജ്യാന്തര നിലവാരമുള്ള ഗവേഷണ കേന്ദ്രമാക്കുകയെന്നതും ലക്ഷ്യമാണ്. അന്യം നിന്നു പോകുന്ന കലകളെ സംരക്ഷിക്കാനും കലാരൂപങ്ങളെ കൂടുതല്‍ ജനകീയമാക്കി പുതുതലമുറയെ സംസ്‌കാരത്തിന്റെ കണ്ണികളാക്കി നിലനിര്‍ത്താനുള്ള പദ്ധതികളും ഇവിടെ വിഭാവനം ചെയ്യുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായിത്തന്നെ ഒരു കോടിയില്‍പരം രൂപ ആവശ്യമുള്ള പദ്ധതിയോട് സര്‍ക്കാര്‍ തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ 50 ലക്ഷം രുപയെങ്കിലും അനുവദിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടെങ്കിലും തുക അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഫെബ്രുവരി, മാര്‍ച്ച മാസങ്ങളിലായി നടത്താന്‍ ഉദ്ദേശിച്ചിരുന്ന കഥകളി ശില്‍പശാല, പൂരക്കളി, തെയ്യം, മുഖത്തെഴുത്ത് എന്നിവയെക്കുറിച്ചുള്ള സെമിനാറുകള്‍ എന്നിവയെല്ലാം മുടങ്ങിയിരിക്കുകയാണ്. 2015ല്‍ ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ മാടായിക്കാവില്‍ വെച്ച് ക്ഷേത്രകലാ അക്കാദമിയുടെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വ്വഹിക്കുകയും ഡോ. കോറമംഗലം നാരായണന്‍ നമ്പൂതിരി ചെയര്‍മാനും പി.സി. രാമകൃഷ്ണന്‍ സെക്രട്ടറിയുമായി ആറംഗ ഭരണസമിതിയെ നിയോഗിക്കുകയും ചെയ്തതുമാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെയുണ്ടായ നടപടി. കലകളെയും സംസ്‌കാരത്തെയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാനുള്ള ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടലുകള്‍ വേണമെന്നാണ് കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.