ഇസ്രത്ത് ജഹാന്‍ കേസ്‌: വെട്ടിലായത് മുന്നണികളും ചില മാധ്യമങ്ങളും

Thursday 3 March 2016 1:51 am IST

കോഴിക്കോട്:  ഗുജറാത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ ഭീകര സംഘാംഗമായ ഇസ്രത്ത് ജഹാനും സംഘത്തെയുംകുറിച്ച് സത്യവാങ്മൂലം യുപിഎ സര്‍ക്കാര്‍ ഉന്നതങ്ങളില്‍ ഇടപെട്ട് തിരുത്തിയതാണെന്ന വെളിപ്പെടുത്തലില്‍ വെട്ടിലായത് കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും. മുന്‍ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ളയുടെയും മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്.മണിയുടെയും പുതിയവെളിപ്പെടുത്തലാണ് യുപിഎ സര്‍ക്കാരിന്റെ രാഷ്ട്രീയകാപട്യം പുറത്തായത്. ഇസ്രത്ത് ജഹാന്‍ കേസിനെ വഴിതിരിച്ച് വിടുന്ന പ്രചാരണത്തില്‍ മുന്‍പന്തിയിലായിരുന്ന മാതൃഭൂമി, മാധ്യമം, ദേശാഭിമാനി തുടങ്ങിയ പ്രസിദ്ധീകരണങ്ങളാണ് പുതിയവെളിപ്പെടുത്തലോടെ അന്തം വിട്ടു നില്‍ക്കുന്നത്. മറ്റ് മുസ്ലിം മതമൗലികവാദ സംഘടനകളുടെ പ്രസിദ്ധീകരണങ്ങളേക്കാള്‍ കൂടുതല്‍ ആവേശത്തോടെയായിരുന്നു  ഇസ്രത്ത് ജഹാന്‍, സംഘാംഗമായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ക്ക് എന്നിവര്‍ക്ക് വേണ്ടി വാദിച്ചിരുന്നത്. മുന്‍ ഗുജറാത്ത് ഡിജിപി  ആര്‍.ബി. ശ്രീകുമാറിന്റെ ഇന്റര്‍വ്യൂ, പ്രസ്താവനകള്‍ എന്നിവ അടിക്കടി പ്രസിദ്ധീകരിച്ചുകൊണ്ടാണ് ലഷ്‌കര്‍ സംഘത്തെ ഇക്കൂട്ടര്‍ ന്യായീകരിച്ചുകൊണ്ടിരുന്നത്. ജാവേദ് ഷെയ്ക്കിന്റെ പിതാവ് എം.ആര്‍. ഗോപിനാഥപിള്ളയെ കേരളത്തില്‍ വിവിധ പ്രദേശങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിവാദം ഉണ്ടാക്കാനും ഇവര്‍ പരിശ്രമിച്ചു. കോളജ് വിദ്യാര്‍ത്ഥിയായിരുന്ന ഇസ്രത്ത് ജഹാന്റെ സഹപാഠികളെയും കോളജ് അദ്ധ്യാപകരെയും അവതരിപ്പിച്ചുകൊണ്ടായിരുന്നു ഭീകരവാദത്തെ വെള്ളപൂശാന്‍ ശ്രമിച്ചത്. വാര്‍ത്തകളും ഇന്റര്‍വ്യൂകളും, ലേഖനങ്ങളും പോരാഞ്ഞിട്ട് വിജയലക്ഷ്മിയുടെ കവിതയും ഇസ്രത്ത് ജഹാനെ ന്യായീകരിച്ചുകൊണ്ട് പുറത്തിറങ്ങി. ഒരുവിഭാഗം വ്യാജ മനുഷ്യാവകാശ സംഘടനകളും ഇസ്രത്ത് ജഹാനും ജാവേദ് ഷെയ്ഖിനും വേണ്ടി രംഗത്തിറങ്ങിയിരുന്നു. സിപിഎമ്മും കോണ്‍ഗ്രസ്സും ഭീകരസംഘാംഗങ്ങള്‍ക്ക് വേണ്ടി ശക്തമായി രംഗത്തുവന്നു. യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിന് ശേഷമാണ് ഏറ്റുമുട്ടല്‍ കേസ് വഴിതെറ്റിക്കപ്പെട്ടത്. സത്യവാങ്ങ് മൂലം തിരുത്തിയതും. ആഭ്യന്തരമന്ത്രി ചിദംബരമടക്കമുള്ളവര്‍ ഇടപെട്ടാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് അന്ന് ആരോപണമുയര്‍ന്നിരുന്നു. ഇത് ശരിവെക്കുന്ന വെളിപ്പെടുത്തലുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട് അടക്കമുള്ള നേതാക്കള്‍ ഇസ്രത്ത് ജഹാന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു. ദേശീയ വ്യാപകമായി സിപിഎം പ്രചാരണം സംഘടിപ്പിച്ചു. മുംബൈയില്‍ ഇസ്രത്ത് ജഹാന്റെ പേരില്‍ ആംബുലന്‍സ് സര്‍വീസ് പ്രവര്‍ത്തനമാരംഭിച്ചു. ഇടതു-വലതു മുന്നണികള്‍ ഉയര്‍ത്തിയ കള്ള പ്രചാരണത്തെ പൊളിക്കുന്നതാണ് പുതുതായി ഉണ്ടായ വെളിപ്പെടുത്തലുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.