സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു

Thursday 3 March 2016 1:38 am IST

കോട്ടയം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. വലിയ തോതില്‍ കൊതുകുകള്‍ പെരുകുന്നതാണ് ഡെങ്കിപ്പനി ഇത്രയധികം വ്യാപിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 3740 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ വകുപ്പിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. അതില്‍ 25 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 2014ല്‍ 2548 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. അതില്‍ 13 പേരാണ് മരിച്ചത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ഷം തോറും വലിയ തോതിലുള്ള വര്‍ദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് ജില്ലയിലാണ്. രോഗം ബാധിച്ച ശേഷം സ്വയം ചികിത്സ നടത്തുന്നത് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കീഴിലുള്ള കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ ഒതുങ്ങിയതോടെയാണ് കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം. തദ്ദേശ സ്ഥാപനങ്ങള്‍ കൊതുകു നിയന്ത്രണത്തിന് വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. സാംക്രമിക രോഗങ്ങള്‍ ഇത്തരത്തില്‍ പെരുകുമ്പോള്‍ നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റേയും ജീവനക്കാര്‍ ഓരോ പ്രദേശങ്ങളിലേയും ഭവനങ്ങളില്‍ സന്ദര്‍ശനം നടത്തി ശുചിത്വം ഉറപ്പാക്കുന്നതിനു നടപടികള്‍ സ്വീകരിച്ചിരുന്നു. കൊതുകുകളുടെ ഉറവിടം കണ്ടെത്തി അത് നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്. നീരൊഴുക്ക് നിലച്ച ഇടത്തോടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന ഇടങ്ങളിലും കൊതുകുകള്‍ വന്‍തോതില്‍ പെരുകുന്ന അവസ്ഥയാണ്. സംസ്ഥാനത്ത് ഡെങ്കിപ്പനി ഭീഷണി നിലനില്‍ക്കുമ്പോള്‍ പല ജില്ലകളിലും മലമ്പനിയും എലിപ്പനിയും കൂടുതലായി കണ്ടെത്തിയത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കൊതുകിന്റെ ഉറവിടങ്ങള്‍ നശിപ്പിക്കുകയും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകാനിടയുണ്ടെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അന്യസംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കാനും കേരളത്തില്‍ ഉന്മൂല നാശം വരുത്തിയെന്നു കരുതിയ പല രോഗങ്ങളും തിരിച്ചു വരുന്നത് തടയാനും ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ തുടങ്ങേണ്ടത് അത്യാവശ്യമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.