തിരുവനന്തപുരം: ഓണ്‍ലൈന്‍ വഴി എളുപ്പത്തില്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സഹായകമാകുന്ന പേമെന്റ് ഗേറ്റ് വെ സംവിധാനത്തിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. ഏതു ബാങ്കില്‍ അക്കൗണ്ടുള്ള കെഎസ്ഇബി ഉപഭോക്താവിനും തങ്ങളുടെ വൈദ്യുതി ബില്ലുകള്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മുഖേനെയോ നെറ്റ് ബാങ്കിംഗ് വഴിയോ ഏതു സമയത്തും അടയ്ക്കാന്‍ സാധിക്കുമെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതി ഒരുകോടി മുപ്പതുലക്ഷം കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടും. മുമ്പ് ആകെ 60 ലക്ഷം പേര്‍ക്ക് മാത്രമേ ഓണ്‍ലൈനിലൂടെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ പറ്റുമായിരുന്നുള്ളൂ. നിലവില്‍ ഏറ്റവും സുരക്ഷിതവും സൗകര്യപ്രദവുമായ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനമാണിത്. ക്യൂ ആര് കോഡ് ഉപയോഗിച്ചുള്ള മൊബൈല്‍ പേമെന്റ് രീതിയുമായി ഫെഡറല്‍ ബാങ്കിന്റെ സ്കാന്‍ ആന്റ് പേ വഴി പണമടയ്ക്കാനുള്ള സൗകര്യവും എത്രയും പെട്ടെന്ന് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് മേധാവി കെ.എ. ബാബു, അഡീഷണല്‍ ജിഎം (ഐടി) കെ.പി. സണ്ണി, ഡിജിഎമ്മും സോണല്‍ മേധാവിയുമായ എന്‍.കെ. പോള്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കെഎസ്ഇബിയുടെ വൈദ്യുതി ബില്‍ അടയ്ക്കുന്നതിനുള്ള പേമെന്റ് ഗേറ്റ് വെ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ ബാങ്കാണ് ഫെഡറല്‍ ബാങ്ക്. സ്കാന്‍ ആന്റ് പേ സംവിധാനം വഴി പണമടയ്ക്കാന്‍ സാധിക്കുന്ന സംവിധാനത്തിനും വൈകാതെ തുടക്കമാകും. ഇന്നലെ വൈദ്യുതി ഭവനില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ കെ.ഐ. വര്‍ഗീസും വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും എംഡിയുമായ എം. ശിവശങ്കറും ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: