ആ നാദം നിലച്ചിട്ട് ഇന്ന് 11 വര്‍ഷം

Thursday 3 March 2016 4:37 pm IST

മലയാളിക്ക് ഒരിക്കലും മറക്കാനാവാത്ത ഈണങ്ങള്‍ സമ്മാനിച്ച് സംഗീത ലോകത്ത് നമ്മെ ഒറ്റക്കാക്കി രവീന്ദ്രന്‍ മാഷ് പോയിട്ട് ഇന്ന് 11 വര്‍ഷം. ഇന്നും മാഷിന്റെ സംഗീതം നമ്മളില്‍ അലയടിച്ചു കൊണ്ടിരിക്കുന്നു. ഗായകനാകാന്‍ അവസരം തേടി കുളത്തൂപ്പുഴയില്‍ നിന്നും മദിരാശിയിലേക്ക് വണ്ടി കയറിയ രവീന്ദ്രന്‍ മാസ്റ്റര്‍ നമുക്ക് സമ്മാനിച്ചത് ഹൃദയങ്ങള്‍ കീഴടക്കുന്ന ഈണങ്ങളായിരുന്നു. മദിരാശിയില്‍ വച്ച് കെ. ജെ യേശുദാസിനെ കണ്ടുമുട്ടിയതാണ് മാഷിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. രവീന്ദ്ര സംഗീതവും ഗാനഗന്ധര്‍വന്റെ സ്വരമാധുരിയും കൂടിയായപ്പോള്‍ മലയാള സംഗീത രംഗത്തിന് ലഭിച്ചത് ഒരു പിടി അനശ്വര ഗാനങ്ങള്‍. ശാസ്ത്രീയ സംഗീതത്തിന്റെ സാധ്യത മലയാള സിനിമയില്‍ പരീക്ഷിച്ച് വിജയിച്ച ആളായിരുന്നു മാഷ്. 1979ല്‍ ചൂളയിലൂടെയാണ് രവീന്ദ്രസംഗീതം മൂളിത്തുടങ്ങുന്നത്. അത് കളഭം വരെ എത്തി നില്‍ക്കുന്നു. ദേവരാജന്‍ മാഷും ദക്ഷിണാമൂര്‍ത്തി സ്വാമിയും ഒഴിഞ്ഞു വച്ച സിംഹാസനത്തില്‍ രവീന്ദ്രന്‍ മാഷിനെ പിടിച്ചിരുത്താന്‍ മലയാളികള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. രവീന്ദ്രന്‍ മാഷും യേശുദാസും മോഹന്‍ലാലും ചേര്‍ന്നൊരുക്കിയ ഭരതം, കമലദളം, സൂര്യഗായത്രി, ഹിസ്‌ഹൈനസ് അബ്ദുള്ള, വടക്കുംനാഥന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ശാസ്ത്രീയ സംഗീതവും പ്രേക്ഷകരിലേക്ക് എത്താന്‍ തുടങ്ങി എന്നതിനും ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. പല തവണകളിലായി സംസ്ഥാന സര്‍ക്കാര്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നല്‍കി ഈ പ്രതിഭയെ ആദരിച്ചിട്ടുണ്ട്. വേണു നാഗവള്ളിയുടെ കിഴക്കുണരും പക്ഷി, സുഖമോ ദേവി, ഏയ് ഓട്ടോ, ആയിരപ്പറ തുടങ്ങിയ ചിത്രങ്ങള്‍, സിബി മലയിലിന്റെ ഹിസ്സ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം തുടങ്ങിയ സിനിമകളിലൊക്കെ മാഷ് ചെയ്ത പാട്ടുകള്‍ വ്യത്യസ്തമായ താളലയം സൃഷ്ടിച്ചവയാണ്. ആറാം തമ്പുരാനിലെ 'ഹരിമുരളിരവം' എന്ന ഗാനം ഒരിക്കല്‍ പോലും പാടാത്ത ആളുകള്‍ ഉണ്ടാവില്ല. അത്രത്തോളം ആത്മസ്പര്‍ശമായിരുന്നു ആ ഗാനങ്ങള്‍ക്ക്. അത്തരം ഗാനങ്ങളുടെ ഒരു നിരതന്നെ പലര്‍ക്കും പറയാനുണ്ട്. സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഗിരീഷ് പുത്തന്‍ചേരിയുടെ തിരക്കഥയില്‍ പിറന്ന വടക്കുംനാഥന്‍ ശ്രദ്ധേയമായതും രവീന്ദ്ര സംഗീതം കൊണ്ടാണ്. പ്രമദവനം വീണ്ടും, ദേവസഭാതലം, ഗോപാങ്കനെ ആത്മാവിലെ, രാമകഥാ, അഴകേ, ഏതോ നിദ്രതന്‍, മാമാങ്കം, കളഭം തരാം, കാര്‍മുകില്‍ വര്‍ണ്ണന്റെ ചുണ്ടില്‍.... അങ്ങനെ എത്രയോ ഗാനങ്ങളിലേക്ക് നീളുന്ന പാട്ടുകളുടെ നിര. ഈണങ്ങളുടേയും താളങ്ങളുടേയും ലോകത്തുനിന്ന് മാഷ് യാത്രയായെങ്കിലും ഓരോ സംഗീതാസ്വാദകന്റെ ചുണ്ടുകളിലും ഇന്നും അവ ഒഴുകിയെത്തുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.