നിയമസഭാ തെരഞ്ഞെടുപ്പ്: കെ.സുധാകരനെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കം

Thursday 3 March 2016 4:29 pm IST

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന കെ.സുധാകരനെതിരെ കോണ്‍ഗ്രസ്സില്‍ പടയൊരുക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട സുധാകരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കോണ്‍ഗ്രസ്സില്‍ സ്ഥാനമുറപ്പിക്കാമെന്ന ലക്ഷ്യത്തിലാണ് മത്സരത്തിലിറങ്ങാനൊരുങ്ങുന്നത്. എന്നാല്‍ തുടക്കത്തില്‍ സുധാകരന്‍ മത്സരിക്കുന്നതിനെ പരസ്യമായി എതിര്‍ക്കാത്ത പല നേതാക്കളും ഇപ്പോള്‍ രംഗത്ത് വന്നതാണ് സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വെല്ലുവിളിയാകുന്നത്. രാഷ്ട്രീയപരമായി സുധാകരന് കോണ്‍ഗ്രസ്സിനകത്ത് എതിരാളികളേറെയാണ്. മുന്‍ ഡിസിസി പ്രസിഡണ്ടും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ പി.രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ സുധാകരനെതിരെ പടയൊരുക്കം നടക്കുന്നത്. നേരത്തെ നിരവധി തവണ സുധാകരനും രാമകൃഷ്ണനും പരസ്പരം കൊമ്പുകോര്‍ത്തിരുന്നു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറക്കാന്‍ കരുക്കള്‍ നീക്കിയത് സുധാകരന്റെ നേതൃത്വത്തിലായിരുന്നു. തിരുവഞ്ചൂരിനെ മാറ്റണന്ന് സുധാകരന്‍ പരസ്യമായിത്തന്നെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് റിജില്‍ മാക്കുറ്റിയെ തിരുവഞ്ചൂര്‍ തെറിയഭിഷേകം നടത്തിയെന്ന് സുധാകരന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞത് വിവാദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് കൃത്യമായ മറുപടി നല്‍കാനാകുമെന്ന വിലയിരുത്തലാണ് സുധാകര വിരുദ്ധര്‍. നിരവധിതവണ നിയമസഭയിലേക്കും ലോക്‌സഭയിലേക്കും മത്സരിച്ച നേതാക്കള്‍ ഇത്തവണ മാറി നില്‍ക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് നിന്നും ഉയര്‍ന്നിട്ടുണ്ട്. ഒരു തവണ പോലും മത്സരിക്കാനോ ജയിക്കനോ സാധിക്കാത്ത നിരവധി നേതാക്കള്‍ കോണ്‍ഗ്രസിലുണ്ട്. ഇവരിലാരെയെങ്കിലും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് സിപിഎം വിട്ടുവന്ന അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്‍കിയതില്‍ നേരത്തെ തന്നെ കോണ്‍ഗ്രസ്സിനകത്ത് ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ സുധാകരന്റെ അനുഗ്രഹാശിസ്സുകളോടെ കോണ്‍ഗ്രസ്സിലെത്തിയ അബ്ദുള്ളക്കുട്ടിക്കെതിരെ പലരും മൗനമവലംബിക്കുകയായിരുന്നു. ഇപ്പോള്‍ സുധാകരനുമായി അകന്നതും സരിത എസ്.നായരുടെ ആരോപണവും അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സിനകത്ത് അനഭിമതനാക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത പൂര്‍ണ്ണമായും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ നിന്ന് മറ്റേതെങ്കിലും മണ്ഡലത്തിലേക്ക് മാറ്റാനുള്ള നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണ്ണായകമായ കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന അഭിപ്രായമുള്ളവരുമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ്സിന് അര്‍ഹമായ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ കണ്ണൂര്‍ നിയോജക മണ്ഡലത്തിന്റെ കാര്യത്തില്‍ അര്‍ത്ഥഗര്‍ഭമായ മൗനം അവലംബിക്കുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തീരെ വിജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണ് യൂത്തിന് നല്‍കിയത്. ഇത്തവണ ഇതില്‍ നിന്ന് വ്യത്യസ്ഥമായ നിലപാട് വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സുധാകരന്റെ ബിനാമിയായി യൂത്തിന്റെ തലപ്പത്തെത്തിയ നേതാവിന് നിലവിലുള്ള പാര്‍ട്ടി സംവിധാനത്തെ മറികടക്കാനാവില്ല എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിന്റെ കാര്യത്തില്‍ അഭിപ്രായം പറയാതെ മാറിനില്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്സ്. മറുഭാഗത്ത് ലീഗിന് നിര്‍ണ്ണയാക സ്വാധീനമുള്ള കണ്ണൂര്‍ നിയോജക മണ്ഡലം ഇത്തവണ തങ്ങള്‍ക്ക് വേണമെന്ന ആവശ്യമായി ലീഗ് രംഗത്ത് വരാന്‍ സാധ്യതയുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ പ്രതിസന്ധികളെ മറികടന്ന് സുധാകരന്‍ മത്സരിച്ചാലും പരാജയപ്പെടാനാണ് സാധ്യതയെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.