പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്

Thursday 3 March 2016 4:30 pm IST

പാനൂര്‍: പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 201617 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു. പന്ത്രണ്ട് കോടി ഇരുപത് ലക്ഷത്തി മുപ്പത്തി അയ്യായിരം രൂപ വരവും പന്ത്രണ്ട് കോടി പതിമൂന്ന് ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അമ്പത് രൂപ ചിലവും ഏഴ് ലക്ഷത്തി പതിനേഴായിരത്തി എഴുന്നൂറ്റി അമ്പത് രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഷിമി അവതരിപ്പിച്ചത്. തരിശുരഹിത ബ്ലോക്ക് പഞ്ചായത്ത് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഉല്പാദനകാര്‍ഷിക മേഖലക്കാണ് ബജറ്റില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്. വിഷരഹിത പച്ചക്കറി വിപണന കേന്ദ്രം ആരംഭിക്കുന്നതിനും കുട്ടികളില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനും, ഉച്ച‘ക്ഷണത്തിനാവശ്യമായ പച്ചക്കറികള്‍ സ്‌കൂളില്‍ തന്നെ കൃഷി ചെയ്യുന്നതിനും, പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കുടുംബശ്രീ കേന്റീന്‍, ബ്ലോക്ക് പഞ്ചായത്തോഫീസിന് പുതിയ കെട്ടിടം, ഫ്രണ്ട് ഓഫീസ് സംവിധാനം, കെട്ടിടമില്ലാത്ത അങ്കന്‍വാടികള്‍ക്ക് സ്വന്തം കെട്ടിടം, പൊതുജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷാ കാര്‍ഡ്, റോഡ് വികസനത്തിന് സമഗ്ര പദ്ധതി, നടക്കല്‍ താഴെ പാലം നിര്‍മ്മാണം, ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ജൈവവള നിര്‍മ്മാണ യൂണിറ്റ്, ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് റീ സൈക്ലിംഗ് കേന്ദ്രം എന്നിവയാണ് ബജറ്റിലെ മറ്റ് പ്രധാന തീരുമാനങ്ങള്‍. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ രാജീവന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സുഗീഷ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി ഷമീമ, പന്ന്യന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ, ഇ.കെ.ശൈലേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി.ജയദേവന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്തംഗം പി.മനോജ് നന്ദിയും പറഞ്ഞു. നേരത്തെ ഏഴ് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടിരുന്ന പാനൂര്‍ ബ്ലോക്കില്‍, പാനൂര്‍ നഗരസഭയുടെ രൂപികരണത്തോടെ പന്ന്യന്നൂര്‍, ചൊക്ലി, കതിരൂര്‍, മൊകേരി എന്നീ നാല് പഞ്ചായത്തുകള്‍ മാത്രമാണുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.