മുസ്ലീം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

Thursday 3 March 2016 8:55 pm IST

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക മുസ്ലീം ലീഗ് പുറത്തുവിട്ടു. മലപ്പുറത്ത് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് ലിസ്റ്റ് പ്രഖ്യാപിച്ചത്. നാല് സീറ്റുകള്‍ ഒഴികെയുളള മണ്ഡലങ്ങളിലെ പട്ടികയാണ് പുറത്തുവിട്ടത്. തിരൂരങ്ങാടിയില്‍ പികെ അബ്ദുറബ്ബും, വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയും, കോഴിക്കോട് സൗത്തില്‍ എം. കെ മുനീറും മത്സരിക്കും. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലിയും മഞ്ചേരിയില്‍ എം. ഉമറും, ഏറനാട് പി.കെ ബഷീറും, തിരൂരില്‍ സി. മമ്മൂട്ടിയും താനൂരില്‍ അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണിയും മലപ്പുറത്ത് പി. ഉബൈദുളളയും, കളമശ്ശേരിയില്‍ വി.കെ ഇബ്രാഹിം കുഞ്ഞുമാണ് സ്ഥാനാര്‍ഥികള്‍. കൊടുവളളിയില്‍ കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി റസാഖ് മാസ്റ്റര്‍, വളളിക്കുന്ന് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുള്‍ ഹമീദ് മാസ്റ്റര്‍, മണ്ണാര്‍കാട് അഡ്വ. ഷംസുദ്ദീന്‍ എന്നിവരും മത്സരിക്കും. കുറ്റിയാടി കുന്ദമംഗലം, ഗുരുവായൂര്‍, ഇരവിപുരം എന്നീ സീറ്റുകളിലാണ് സ്ഥാനാര്‍ഥികളെ ഇനി പ്രഖ്യാപിക്കാനുളളത്. ഇതില്‍ കുന്ദമംഗലവും ഇരവിപുരവും കോണ്‍ഗ്രസുമായി വെച്ചുമാറാനും സാദ്ധ്യതയുണ്ട്. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ.പിഎ മജീദ്, ഇ അഹമ്മദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. കൂടുതല്‍ സീറ്റുകളൊന്നും ആവശ്യപ്പെട്ടില്ലേയെന്ന ചോദ്യത്തോട് ലീഗ് നേതാക്കള്‍ കാര്യമായി പ്രതികരിച്ചില്ല. ഇതോടെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായി ലീഗ് മാറി. തെരഞ്ഞെടുപ്പ് വിജ്ഞാപനം പോലും വരുന്നതിന് മുന്‍പാണ് ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.