ഓട്ടോ ഡ്രൈവര്‍ സജിക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്

Thursday 3 March 2016 9:06 pm IST

ചേര്‍ത്തല: തുറവൂരിലെ ഓട്ടോ ഡ്രൈവര്‍ സജിക്ക് സംരക്ഷണം നല്‍കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. സംയുക്ത ഓട്ടോത്തൊഴിലാളി യൂണിയന്റെ ഭീഷണിയെ തുടര്‍ന്ന് ജീവിതം ദുരിതപൂര്‍ണമായ കുത്തിയതോട് പഞ്ചായത്ത് 13-ാം വാര്‍ഡില്‍ സജി ഭവനില്‍ സജിയുടെ ഓട്ടോറിക്ഷയ്ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെയാണ് കളക്ടറുടെ ഇടപെടല്‍. ബിഎംഎസ് അംഗമായ സജിയെ സിഐടിയു, ഐഎന്‍ടിയുസി യൂണിയനുകളില്‍ പെട്ടവരാണ് വിലക്കേര്‍പ്പെടുത്തിയത്. മോട്ടോര്‍ വാഹന വകുപ്പ് തുറവൂര്‍ ഓട്ടോ സ്റ്റാന്‍ഡില്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുള്ള ഓട്ടോറിക്ഷ ഇവിടെ ഓടിക്കുന്നതിന് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തടസം സൃഷ്ടിക്കുകയാണെന്ന് കാട്ടിയാണ് സജി പരാതി നല്‍കിയത്. 2018 വരെയാണ് ഓട്ടോയ്ക്ക് മോട്ടോര്‍വാഹന വകുപ്പ് പെര്‍മിറ്റ് അനുവദിച്ചിട്ടുള്ളത്. പരാതി കളക്ടര്‍ ആര്‍ടിഓയ്ക്ക് കൈമാറുകയും നടപടിക്കായി ചേര്‍ത്തല ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയുമായിരുന്നു. നിര്‍ധന കുടുംബാംഗമായ സജി ഓട്ടോ ഓടിച്ചാണ് ഉപജീവനം കഴിയുന്നത്. രണ്ട് മാസത്തോളമായി വാഹനമോടിക്കാന്‍ കഴിയാത്തതിനാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാതെ വലയുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പലതവണ പ്രശനം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സജിയുടെ ഓട്ടോയില്‍ കയറിയ യാത്രക്കാരെ പിടിച്ചിറക്കിയ സംഭവം പോലും ഉണ്ടായി. പോലീസ് നോക്കിനില്‍ക്കെയാണ് യൂണിയന്റെ പേരില്‍ ഒരു വിഭാഗം ഗുണ്ടായിസം കാട്ടിയത.് ഇത് സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.