മലയോര നിവാസികള്‍ കേഴുന്നു തൊണ്ട നനയ്ക്കാനെങ്കിലും വെള്ളം തരൂ...

Thursday 3 March 2016 9:25 pm IST

കാഞ്ഞാര്‍: വേനല്‍ കനത്തതോടെ മലയോര മേഖലയില്‍ കുടിവെള്ളം ഇല്ലാതായി. തോടുകളും കിണറുകളും വറ്റിയതിനാല്‍ ഉയര്‍ന്ന പ്രദേശത്ത് ജീവിക്കുന്നവര്‍ ദുരിതത്തിലായി. കുടയത്തൂരിന്റെ പരിസര പ്രദേശങ്ങളായ അടൂര്‍ മല, ഞരളം പുഴ, കയ്പ, മോര്‍ക്കാട്, മുതിയാ മല ,ഏഴാംമൈല്‍ തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായി. പഞ്ചായത്തിന്റെ ജല വിതരണം ഈ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രയോജനപ്പെടുന്നില്ല. കുടിവെള്ള വിതരണം എത്തുന്ന പ്രദേശങ്ങളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജലം ലഭിക്കുന്നത്. വന്‍കിട പദ്ധതികള്‍ പ്രഖ്യാപിച്ചതല്ലാതെ പ്രാവര്‍ത്തികമാക്കുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിന്‍ പുറങ്ങളില്‍ ചെറിയ ഓലികളെ ആശ്രയിച്ചിരുന്നവര്‍ വേനല്‍ കനത്തതോടെ ജല ക്ഷാമം നേരിടുകയാണ്. വഴി സൗകര്യം അപര്യാപ്തമായതിനാല്‍ ടാങ്കര്‍ ലോറികളിലെ ജലവിതരണവും ഈ മേഖലകളില്‍ സാധ്യമല്ല. താഴ്ന്ന പ്രദേശങ്ങളില്‍ മലങ്കര ഡാമിന്റെ ജലസമൃദ്ധി ഉള്ളപ്പോള്‍ ജലക്ഷാമം അറിയുന്നില്ല. ഉയര്‍ന്ന പ്രദേശത്തുള്ളവര്‍ കിലോമീറ്ററുകള്‍ താണ്ടി മലങ്കര ജലാശയത്തില്‍ കുളിക്കുവാന്‍ എത്തുന്നത് നിത്യ കാഴ്ചയാണ്. രാത്രിയില്‍ അസഹ്യമായ ചൂട് കാരണം ഉറങ്ങുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. പാതിരാത്രി കഴിയുമ്പോഴാണ് ചൂടിന് അല്പം ശമനമുണ്ടാകുന്നത്. പകല്‍ സമയങ്ങള്‍ സൂര്യതാപം ഭയന്ന് പലരും വെളിയിലിറങ്ങാറില്ല. കനത്ത ചൂടും കുടിവെള്ള ക്ഷാമവും ജനജീവിതത്തെ താളം തെറ്റിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.