അനിശ്ചിതത്വം നീങ്ങി : തലശ്ശേരി -വളവുപാറ റോഡ് രണ്ടാം റീച്ചിന്റെ ടെണ്ടറിനും അംഗീകാരം

Thursday 3 March 2016 10:45 pm IST

ഇരിട്ടി: തലശ്ശേരി കുടക് അന്തര്‍സംസ്ഥാന പാതയിലെ കേരളത്തിന്റെ ഭാഗമായ തലശ്ശേരി വളവ്പാറ കെഎസ്ടിപി റോഡിന്റെ രണ്ടാം റീച്ചിന്റെ ടെണ്ടര്‍ നടപടികള്‍ക്ക് അംഗീകാരമായി. ഒരിക്കല്‍ ടെണ്ടര്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തി നിലച്ചു പോയ 54 കിലോമീറ്റര്‍ റോഡിനെ രണ്ട് റീച്ചുകളായി തിരിച്ചാണ് ഇപ്പോള്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം നടത്താന്‍ അനുവാദം നല്‍കിയിരിക്കുന്നത്. റോഡിന്റെ ആദ്യ റീച്ചായ തലശ്ശേരി മുതല്‍ കളറോഡ് വരെ വരുന്ന ഭാഗത്തിന്റെ ടെണ്ടര്‍ നടപടികള്‍ രണ്ടു മാസം മുന്‍പേ പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിനു അനുവാദം നല്‍കിയിരുന്നു. എന്നാല്‍ കളറോഡ് മുതല്‍ കൂട്ടുപുഴ വരെ വരുന്ന രണ്ടാം റീച്ചിന്റെ നിര്‍മ്മാണ പ്രവൃത്തി അനിശ്ചിതത്വത്തിലാവുകയും നടപടികള്‍ നീണ്ട് പോവുകയും ചെയ്തു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാങ്കേതികമായി ഉണ്ടായ തടസ്സം ചീഫ് സിക്രട്ടറി പി.കെ. മൊഹന്തി അധ്യക്ഷനായ ഉന്നതതല സമിതി പരിഹരിച്ചതോടെ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങാന്‍ പൂര്‍ണ്ണ തോതിലുള്ള അനുമതിയായി. ഇതോടെ ഈ പാതയിലെ ഏറ്റവും വലിപ്പം കൂടിയ ഇരിട്ടി, കൂട്ടുപുഴ പാലങ്ങള്‍ ഉള്‍പ്പെടെ ഉളിയില്‍, കളറോഡ് പാലങ്ങളും പുതുക്കി നിര്‍മ്മിക്കുന്ന പ്രവര്‍ത്തി ഉടന്‍ ആരംഭിക്കും. ആകെ 54 കിലോമീറ്റര്‍ വരുന്ന തലശ്ശേരി വളവുപാറ റോഡിന്റെ തലശ്ശേരി മുതല്‍ കളറോഡ് വരെ വരുന്ന 28 കിലോമീറ്റര്‍ റോഡിന്റെ ആദ്യ റീച്ച് 156 കോടി രൂപയ്ക്കു ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദിനേശ് ചന്ദ്ര അഗര്‍വാള്‍ എന്ന കമ്പനിക്ക് കരാര്‍ ചെയ്യപ്പെട്ടിരുന്നു. ഇതില്‍ എരഞ്ഞോളി, മെരുവമ്പായി, കാരേറ്റ എന്നീ മൂന്നുപാലങ്ങളാണ് പുനര്‍ നിര്‍മ്മിക്കേണ്ടത്. ഇവിടെ പാലങ്ങളുടെ പണി തുടങ്ങിക്കഴിഞ്ഞു. ചോനാടത്തു മെക്കാഡം ടാറിങ്ങിനുള്ള പ്ലാന്റ് ഉടനെ സ്ഥാപിക്കും. ആദ്യ റീച്ച് ടെണ്ടര്‍ ചെയ്യപ്പെട്ടുവെങ്കിലും രണ്ടാം റീച്ചിന്റെ പ്രവര്‍ത്തി അനിശ്ചിതത്വത്തില്‍ ആയിരുന്നു. 26 കിലോമീറ്റര്‍ റോഡും പാലങ്ങളും വരുന്ന ഈ പാതയില്‍ അടങ്കല്‍ തുകയേക്കാള്‍ 28 ശതമാനം തുക അധികം ടെണ്ടര്‍ ചെയ്തിരുന്നു. എന്നാല്‍ ധനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സിക്രട്ടറി അനുമതി നിഷേധിക്കുകയായിരുന്നു. പ്രശ്‌നം ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അടങ്കല്‍ സംബധിച്ച നിലവിലുള്ള പ്രാദേശിക വിപണി വില പരിശോധിക്കാന്‍ ചീഫ് ടെക്‌നിക്കല്‍ കമ്മറ്റിയെ ചുമതലപ്പെടുത്തി. കമ്മറ്റിയുടെ പരിശോധനയില്‍ വിപണി നിരക്കിനേക്കാള്‍ താഴ്ന്ന നിലയിലാണ് ടെണ്ടര്‍ ഉറപ്പിച്ചതെന്നു കണ്ടെത്തി. ഇപ്പോള്‍ ഇകെകെ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് ടെണ്ടര്‍ എടുത്തിരിക്കുന്നത്. 209 കോടിയാണ് രണ്ടാം റീച്ചിന്റെ കരാര്‍ തുക. ആഴവും, നീളവും മൂലം വലിപ്പത്തില്‍ ഭീമനായ ഇരിട്ടി പാലമാണ് ഇതില്‍ കീറാമുട്ടി ആയതും അടങ്കല്‍ തുക ഉയരാനും ഇടയാക്കിയത്. മുംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്ആര്‍ ഗ്രൂപ്പ് ആയിരുന്നു രണ്ടു വര്‍ഷം മുന്‍പ് ഈ റോഡ് മുഴുവനായും ടെണ്ടര്‍ എടുത്തിരുന്നത്. 245 കോടി ആയിരുന്നു അന്ന് കരാര്‍ തുക. 2015 ഡിസംബറോടെ പണി പൂര്‍ത്തിയാക്കേണ്ടിയിരുന്ന ജോലി വെറും രണ്ടു ശതമാനം മാത്രം ചെയ്തശേഷം അവര്‍ കയ്യൊഴിയുകയായിരുന്നു. ഇവരെ ഒഴിവാക്കിയശേഷമാണ് സര്‍ക്കാര്‍ വീണ്ടും ആഗോള ടെണ്ടര്‍ വിളിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.