നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട: മൂന്നുപേര്‍ പിടിയില്‍

Thursday 3 March 2016 10:56 pm IST

തിരുവനന്തപുരം: ഒന്നര ലിറ്റര്‍ ഹാഷിഷ് ഓയിലും ഒന്നര കിലോ കഞ്ചാവും മാരകായുധങ്ങളുമായി അന്തര്‍ സംസ്ഥാന മയക്കുമരുന്ന് ശൃംഖലയിലെ കണ്ണികളായ മൂന്നുപേരെ സിറ്റി ഷാഡോ പോലീസ് ടീമും നാര്‍കോട്ടിക് വിംഗും സംയുക്തമായി നടത്തിയ അനേ്വഷണത്തില്‍ പിടികൂടി. നന്തകോട് വാട്‌സ് ലൈനില്‍ അലന്‍ പുന്നൂസ് അലന്‍ ജയരാജ് (23), ചിറക്കുളം കോളനിയില്‍ അനൂപ് (27), ചിറക്കുളം അച്ചുനിവാസില്‍ ഗിരീഷ് (19) എന്നിവരെയാണ് മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത്. ശാസ്തമംഗലത്ത് വീട് വാടകയ്ക്ക് എടുത്ത് അലന്‍ പുന്നൂസിന്റെ നേതൃത്വത്തിലുള്ള സംഘം ശരീരത്തില്‍ ടാറ്റു പതിപ്പിച്ച് കൊടുക്കുന്നതിന്റെ മറവില്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിച്ച് വലയിലാക്കി മയക്കുമരുന്നു വിപണനം നടത്തിവരികയായിരുന്നു. ബാംഗ്ലൂരിലെ ചിക് തിരുപ്പതി എന്ന സ്ഥലത്തും വീട് വാടകയ്ക്ക് എടുത്ത സംഘം ഹാഷിഷ്, ബ്രൗണ്‍ഷുഗര്‍, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ ശേഖരിച്ചശേഷം വോള്‍വോ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന മയക്കുമരുന്നുകള്‍ ബാഗുകളിലാക്കി ശാസ്തമംഗലത്തെ കേന്ദ്രത്തില്‍ എത്തിച്ചശേഷമാണ് വില്‍പന നടത്തുന്നത്. ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനും സൗകര്യം ചെയ്ത് കൊടുക്കാറുമുണ്ട്. ഹാഷിഷ് 5 ഗ്രാമിന് 1000 രൂപ നിരക്കിലാണ് കച്ചവടം നടത്തുന്നത്. പിടിയിലായ സംഘത്തില്‍നിന്നും ഒന്നരകിലോ ഹാഷിഷ് ഓയിലും ഒന്നരകിലോ കഞ്ചാവിനും പുറമെ ആധുനിക രീതിയിലുള്ള മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും വിവിധതരത്തിലുള്ള സിറിഞ്ചുകള്‍, ഹോര്‍ഡറുകളും മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. അലന്‍ കണ്ണാടി ഷാജി കൊലക്കേസിലെ പ്രതിയും ഒന്‍പതോളം അടിപിടി കേസുകളിലെയും മയക്കുമരുന്ന് കേസുകളിലെയും പ്രതിയാണ്. ഇയാളുടെ പേരില്‍ കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും കേസുകളുണ്ട്. കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഡിസിപി ശിവവിക്രം, കണ്‍ട്രോള്‍ റൂം അസി. കമ്മീഷണര്‍ എ. പ്രമോദ്കുമാര്‍, നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ ആര്‍. ദത്തന്‍, ഷാഡോ പോലീസ് ടീം, നാര്‍ക്കോട്ടിക് സെല്‍ ടീം എന്നിവര്‍ സംയുക്തമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.