ബിഡിജെഎസ് എന്‍ഡിഎയില്‍

Friday 4 March 2016 1:11 am IST

ന്യൂദല്‍ഹി: കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റത്തിന് നാന്ദികുറിച്ച് എസ്എന്‍ഡിപിയോഗത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ബിഡിജെഎസ് ദേശീയ ജനാധിപത്യസഖ്യത്തിന്റെ ഭാഗമായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിയും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സഖ്യം നിലവില്‍വന്നത്. ബിജെപി കേന്ദ്രആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയാണ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സഖ്യം നിരുപാധികമാണെന്നും സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടാണ് എന്‍ഡിഎയ്ക്കുള്ളതെന്നും ജെ.പി നദ്ദയും തുഷാര്‍ വെള്ളാപ്പള്ളിയും പറഞ്ഞു. കേരളത്തില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന ബിജെപിയുടെ സഖ്യത്തിലേക്ക് കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുവരുമെന്നും കേരളത്തിലെ ബിജെപി സംസ്ഥാന നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബിഡിജെഎസ് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതെന്നും ജെ.പി നദ്ദ പറഞ്ഞു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വലിയ മാറ്റങ്ങളാണുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കിയ ജെ.പി നദ്ദ, ജനങ്ങള്‍ എല്‍ഡിഎഫ്-യുഡിഎഫ് സംവിധാനങ്ങള്‍ മടുത്തതായും പറഞ്ഞു. സമാനതകളില്ലാത്ത ആക്രമണവും അസഹനീയമായ അഴിമതിയുമാണ് കേരളത്തില്‍ കാലാകാലങ്ങളായി ഇരു മുന്നണികളും നടത്തുന്നത്. ഇതുമൂലം കേരളത്തിന്റെ വികസനം സ്തംഭനാവസ്ഥയിലാണ്. ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി അഞ്ചുവര്‍ഷം കൂടുമ്പോള്‍ അധികാരം പങ്കിടുകയാണ്. എന്നാല്‍ ഇതില്‍ സംസ്ഥാനത്തെ വലിയ വിഭാഗം ജനങ്ങള്‍ ദുഖിതരാണ്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള സുപ്രധാന പാര്‍ട്ടികളുമായി ചേര്‍ന്ന് കേരളത്തിലെ രാഷ്ട്രീയ സംവിധാനത്തില്‍ വലിയ മാറ്റം വരുത്തുമെന്നും ജെ.പി നദ്ദ പറഞ്ഞു. മാസങ്ങള്‍ക്കുള്ളില്‍ കേരളത്തില്‍ 8ലക്ഷം അംഗങ്ങളുള്ള പാര്‍ട്ടിയായി ബിഡിജെഎസ് മാറിയെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാനത്തിനുള്ള കാര്‍ഷിക പാക്കേജ്, മികച്ച റോഡുകള്‍, കാസര്‍കോഡ് സര്‍വ്വകലാശാലയ്ക്ക് ശ്രീനാരായണ ഗുരുദേവന്റെ പേര്, അയ്യങ്കാളി സ്മാരകം തുടങ്ങി ബിഡിജെഎസ് മുന്നോട്ടുവെച്ച എല്ലാ വികസന ആവശ്യങ്ങളും ബിജെപി അംഗീകരിച്ചതിനാലാണ് എന്‍ഡിഎയുടെ ഭാഗമായതെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള സഹപ്രഭാരി നളിന്‍ കാട്ടീല്‍ എംപിയും ചടങ്ങില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.