പാറ്റൂര്‍ കേസ്: കയ്യേറിയ ഭൂമി തിരികെ നല്‍കേണ്ടിവരുമെന്ന് ലോകായുക്ത

Friday 4 March 2016 2:03 am IST

തിരുവനന്തപുരം: പാറ്റൂരില്‍ സ്വകാര്യ കമ്പനി ഫഌറ്റ് നിര്‍മിക്കാന്‍ കയ്യേറിയ ഭൂമി തിരികെ നല്‍കേണ്ടിവരുമെന്ന് ലോകായുക്ത മുന്നറിയിപ്പു നല്‍കി. പൊതുപ്രവര്‍ത്തകനായ ജോയി കൈതാരം നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ലോകായുക്ത ജഡ്ജ് ജസ്റ്റിസ് പയസ് കുര്യാക്കോസ് മുന്നറിയിപ്പു നല്‍കിയത്. എത്ര സെന്റ് ഭൂമി കയ്യേറിയെന്ന് ഇപ്പോള്‍ പറയുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എല്ലാ പ്ലാനുകളിലും കയ്യേറ്റം നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സ്വീവേജ് പൈപ്പ് കടന്നു പോകുന്ന സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഫഌറ്റ് നിര്‍മാണം നടക്കുന്നതെന്ന് ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. തങ്ങളുടെ കൈവശം അധികമായി 12 സെന്റ് ഭൂമി ഉണ്ടെന്ന് ഫഌറ്റ് നിര്‍മാതാവിന്റെ അഭിഭാഷകന്‍ ലോകായുക്തയ്ക്ക് മുന്നില്‍ സമ്മതിച്ചു. എന്നാല്‍ ഇവിടെ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. വിവാദഭൂമിയില്‍ ഇപ്പോഴും നിര്‍മാണം നടക്കുന്നുണ്ടല്ലോ എന്ന ഉപലോകായുക്ത കെ.പി. ബാലചന്ദ്രന്റെ ചോദ്യത്തിന് അഭിഭാഷകന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. കോടതി നിയോഗിച്ചിരുന്ന അമിക്കസ്‌ക്യൂറിയും ഭൂമി കയ്യേറ്റം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കയ്യേറിയ ഭൂമി തിരികെ നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പ് ജസ്റ്റിസ് പയസ് കുര്യാക്കോസ് നല്‍കിയത്. ലോകായുക്തയെ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകായുക്ത നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തേണ്ടതാണ്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട താത്പര്യം കാണിക്കുന്നില്ല. സര്‍ക്കാര്‍ മാറി വന്നാലും ഈ അവസ്ഥ മാറുമെന്ന് കരുതുന്നില്ലെന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു. അധികഭൂമി തിരിച്ചെടുക്കുന്നതു സംബന്ധിച്ച് വിധി പറയാനായി കേസ് മാറ്റി വച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.