പാര്‍ട്ടി ചട്ടം മറികടന്ന് എംഎല്‍എമാരെ സിപിഎം വീണ്ടും രംഗത്തിറക്കും

Friday 4 March 2016 2:20 am IST

ആലപ്പുഴ: പുതുമുഖങ്ങളെ മത്സര രംഗത്തിറക്കാന്‍ സിപിഎമ്മിന് ഭയം. പാര്‍ട്ടി മാനദണ്ഡങ്ങള്‍ മറികടന്ന് നിലവിലെ എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. ടി.എം. തോമസ് ഐസക്കിനേയും ജി. സുധാകരനേയും വീണ്ടും മത്സരിപ്പിക്കണമെന്ന് സിപിഎം ആലപ്പുഴ ജില്ലാകമ്മറ്റി നിര്‍ദേശിച്ചു. മറ്റ് മൂന്ന് മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേരും ജില്ലാകമ്മറ്റിയുടെ ലിസ്റ്റില്‍ ഉണ്ടെങ്കിലും ഇവര്‍ക്കൊപ്പം ജില്ലയില്‍ നിന്നുള്ള മറ്റ് നേതാക്കളേയും പരിഗണിക്കുന്നു. ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേരും ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെയും കേന്ദ്രകമ്മറ്റി അംഗം ടി.എം. തോമസ് ഐസക്കിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാസെക്രട്ടേറിയേറ്റും ജില്ലാകമ്മറ്റിയുമാണ് സ്ഥാനാര്‍ഥി പട്ടിക തയാറാക്കിയത്. ആലപ്പുഴയില്‍ തോമസ് ഐസക്കിനേയും അമ്പലപ്പുഴയില്‍ ജി.സുധാകരനേയും വീണ്ടും മത്‌സരിപ്പിക്കണമെന്ന് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. രണ്ട് തവണ മല്‍സരിച്ചവര്‍ മാറിനില്‍ക്കണമെന്ന ചട്ടത്തില്‍ ഇരുവര്‍ക്കും ഇളവ് നല്‍കണമെന്നും ജില്ലാകമ്മറ്റി സംസ്ഥാന കമ്മറ്റിയോട് ആവശ്യപ്പെട്ടു. സ്ഥാനാര്‍ഥി പട്ടികയിലെ മറ്റ് പേരുകള്‍ ഇവയാണ്. അരൂരിലും കായംകുളത്തും രണ്ട് തവണ മത്‌സരിച്ച് ജയിച്ച എ.എം. ആരിഫിനും സി.കെ. സദാശിവനും മാവേലിക്കരയിലെ സിറ്റിങ് എംഎല്‍എ ആര്‍. രാജേഷിനും ഒരു തവണ കൂടി സീറ്റ് നല്‍കണമെന്നും ജില്ലാകമ്മറ്റി ആവശ്യപ്പെടുന്നു. മാനദണ്ഡം കര്‍ശനമായി നടപ്പാക്കുകയാണെങ്കില്‍ ആരിഫിന് പകരം അരൂരില്‍ സി.ബി. ചന്ദ്രബാബുവിനേയും കായംകുളത്ത് സി.കെ. സദാശിവന് പകരം സംസ്ഥാനകമ്മറ്റി അംഗം സി.എസ്. സുജാതയ്‌ക്കോ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം.എ. അലിയാര്‍ക്കോ സീറ്റ് നല്‍കണമെന്നാണ് ആവശ്യം. മാവേലിക്കരയില്‍ ആര്‍. രാജേഷിനെ സംസ്ഥാന കമ്മറ്റി ഒഴിവാക്കിയാല്‍ ജില്ലാസെക്രട്ടേറിയേറ്റ് അംഗം കെ. രാഘവനെ മത്‌സരിപ്പിക്കാനാണ് ജില്ലാകമ്മറ്റിക്ക് താത്പര്യം. ചെങ്ങന്നൂരില്‍ ജില്ലാ സെക്രട്ടറി സജി ചെറിയാനേയോ മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്അഡ്വ. പ്രതിഭാ ഹരിയേയോ സ്ഥാനാര്‍ഥിയാക്കണമെന്നും ജില്ലാകമ്മറ്റി നിര്‍ദേശിച്ചു. ജില്ലയിലെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന കടുത്ത വിഭാഗീയത തെരഞ്ഞെടുപ്പ് പ്രചരണത്തെ ബാധിക്കാതിരിക്കാന്‍ നിലവിലുള്ള എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കുക മാത്രമാണ് പോംവഴിയെന്ന് കണ്ടതിനാലാണത്രെ കടുതല്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കി ജില്ലാക്കമ്മറ്റി ഇത്തരത്തില്‍ തീരുമാനമെടുത്തത്. വിഎസ് പക്ഷക്കാരനായ സി.കെ. സദാശിവന് ഇത്തവണ സീറ്റ് നല്‍കില്ലെന്ന് പ്രചരണമുണ്ടായിരുന്നു. എന്നാല്‍ സദാശിവനെ മാത്രം ഒഴിവാക്കി മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയാല്‍ വിഭാഗീയത വീണ്ടും ആളിക്കത്തുമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒന്നിലേറെ തവണ തുടര്‍ച്ചയായി ജയിച്ച മുതിര്‍ന്ന നേതാക്കള്‍ പുതുതലമുറയ്ക്കായി സ്വയം ഒഴിഞ്ഞു കൊടുക്കാനും തയ്യാറാകാത്തതില്‍ യുവനേതാക്കള്‍ക്കിടയില്‍ അസംതൃപ്തിയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.