ലോകത്തിലെ ഏറ്റവും വലിയ മതേതര രാജ്യം ഭാരതം: രാജ്‌നാഥ്

Friday 4 March 2016 2:48 am IST

രാജ്‌നാഥ് സിംഗ്

ന്യൂദല്‍ഹി: വൈവിധ്യങ്ങളായും നാനാജാതി വിശ്വാസങ്ങളാലും ലോകത്തിലെ ഏറ്റവും വലിയ മതേതര രാഷ്ട്രം ഭാരതമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പറഞ്ഞു. ലോകത്ത് ഏതെങ്കിലും ഒരു മതേതര രാഷ്ട്രമുണ്ടെങ്കില്‍ അതു ഭാരതമാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും ഭരണഘടനാ ലംഘനവും സത്യപ്രതിജ്ഞാലംഘനവും നടത്തുന്നെന്നാരോപിച്ച് രാജ്യസഭയില്‍ കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു രാജ്‌നാഥ്‌സിങ്. കേന്ദ്രമാനവ വിഭവശേഷി വകുപ്പ് മന്ത്രി രാംശങ്കര്‍ കട്ടാരിയ ആഗ്രയില്‍ മതവിദ്വേഷം സൃഷ്ടിക്കുന്ന പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു ശ്രദ്ധക്ഷണിക്കല്‍.

എല്ലാവിശ്വാസങ്ങളിലുമുള്ള ജനങ്ങള്‍ ജീവിക്കുന്ന രാജ്യമാണ് ഭാരതം. മുസ്ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെ എല്ലാ മതങ്ങളിലുമുള്ള ആളുകളെ നമുക്ക് ഇവിടെ കാണാനാകും. ഇതല്ല മറ്റുരാജ്യങ്ങളിലെ സ്ഥിതി. രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും കാത്തുസൂക്ഷിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേരണമെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു.

ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു മാത്രമായി രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും നിലനിര്‍ത്താനാകില്ല. നമുക്കെല്ലാവര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കട്ടാരിയയുടെ പ്രസംഗം താന്‍ കേട്ടതായും അതില്‍ അപകീര്‍ത്തികരമായ യാതൊരു പരാമര്‍ശങ്ങളും അദ്ദേഹം നടത്തിയിട്ടില്ലെന്ന് വ്യക്തമാണെന്നും രാജ്‌നാഥ്‌സിങ് പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനായി മതവിദ്വേഷം ഉണ്ടാക്കാന്‍ നേതാക്കള്‍ ശ്രമിക്കരുതെന്നും നീതിയും മനുഷ്യത്വവുമാണ് ഉണ്ടാകേണ്ടതെന്നും രാജ്‌നാഥ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.