സ്പാനിഷ് ലീഗ്: റയലിന് വിജയം

Friday 4 March 2016 3:01 am IST

മാഡ്രിഡ്: കഴിഞ്ഞ ശനിയാഴ്ച മാഡ്രിഡ് ഡെര്‍ബിയില്‍ അത്‌ലറ്റികോയേടേറ്റ തോല്‍വിയില്‍ നിന്ന് കരകയറിയ റയല്‍ മാഡ്രിഡിന് സ്പാനിഷ് ലീഗില്‍ മികച്ച ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ലെവന്റെയെ റയല്‍ പരാജയപ്പെടുത്തി. പന്തടക്കത്തിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും റയല്‍ എതിരാളികളേക്കാള്‍ ഏറെ മുന്നിലായിരുന്നു. അവര്‍ പായിച്ച 21 ഷോട്ടുകളില്‍ എട്ടെണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും ലെവന്റെ ഗോളിയുടെ മികവാണ് കൂടുതല്‍ ഗോളുകള്‍ നേടുന്നതില്‍ നിന്ന് അവരെ തടഞ്ഞുനിര്‍ത്തിയത്. കളിയില്‍ ആദ്യ അവസരം ലഭിച്ചത് ലെവന്റെക്കായിരുന്നു. ഗ്വിസെപ്പെ റോസി ബോക്‌സിന്റെ മധ്യത്തുനിന്ന് ഇടംകാലുകൊണ്ട് പായിച്ച ഷോട്ട് റയല്‍ ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ ക്രിസ്റ്റിയാനോയുടെ ഷോട്ട് ലെവന്റെ പ്രതിരോധനിരക്കാരന്‍ ബ്ലോക്ക് ചെയ്തിട്ടു. ഒരു മിനിറ്റിനുശേഷം റോസിയുടെ മറ്റൊരു ഷോട്ടിനുമുന്നിലു റയല്‍ ഗോളി രക്ഷകനായി. 20-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഷോട്ടിന് മുന്നില്‍ ലെവന്റെ ഗോളി നെഞ്ചുവിരിച്ചുനിന്നതോടെ അവസരം നഷ്ടമായി. 32-ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ മറ്റൊരു ഷോട്ടും ലെവന്റെ ഗോളിയുടെ കരുത്തിന് മുന്നില്‍ വിഫലമായി. തൊട്ടടുത്ത മിനിറ്റില്‍ റയല്‍ ലീഡ് നേടി. പെനാല്‍റ്റിയിലൂടെയായിരുന്നു ഗോള്‍. ലൂക്കാസ് വാസ്ഗ്വസിനെ ബോക്‌സിനുള്ളില്‍ വച്ച് ലൂക്കാസ് ഒര്‍ബാന്‍ വീഴ്ത്തിയതിനാണ് സ്‌പോട്ട്കിക്ക് ലഭിച്ചത്. കിക്കെടുത്ത ക്രിസ്റ്റിയാനോക്ക് ലക്ഷ്യം പിഴച്ചില്ല. പന്ത് വലയില്‍ (1-0). പിന്നീട് 38-ാം മിനിറ്റില്‍ ബോര്‍ജ മയോറലിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതിനു പിന്നാലെ ഡീഗോ മറീനോ പന്ത് സ്വന്തം വലയിലെത്തിച്ച് റയലിന്റെ ലീഡ് ഉയര്‍ത്തി നല്‍കി. ഒരു മിനിറ്റിനുശേഷം ലെവന്റെ ഒരു ഗോള്‍ മടക്കി. റോസിയുടെ പാസ് സ്വീകരിച്ച് ഡെവേഴ്‌സണ്‍ പായിച്ച ഇടംകാലന്‍ ഷോട്ടാണ് വലയിലെത്തിയത്. ഇതോടെ ആദ്യപകുതി 2-1ന് റയലിനൊപ്പം നിന്നു. രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റമായിരുന്നു മൈതാനത്ത് കുടുതല്‍. ക്രിസ്റ്റ്യാനോയും ജെയിംസ് റോഡ്രിഗസും നാച്ചോയും ക്രൂസും ജെസെയും ചേര്‍ന്ന് എതിര്‍ഗോള്‍മുഖത്തേക്ക് ആക്രമണങ്ങളുടെ പെരുമഴ തീര്‍ത്തെങ്കിലും ലെവന്റെ ഗോളിയുടെ മികവിനു മുന്നില്‍ അതൊന്നും വലയിലാക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഇഞ്ചുറി സമയത്താണ് ഗോള്‍ പട്ടിക റയല്‍ പൂര്‍ത്തിയാക്കിയത്. ക്രിസ്റ്റിയാനോയുടെ പാസില്‍ നിന്ന് ഇസ്‌കോയാണ് നിറയൊഴിച്ചത്. 27 കളികള്‍ പൂര്‍ത്തിയാക്കിയ റയല്‍ 57 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ അരിറ്റ്‌സ് അഡുരിസിന്റെ തകര്‍പ്പന്‍ ഹാട്രിക്കിന്റെ കരുത്തില്‍ അത്‌ലറ്റിക് ബില്‍ബാവോ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഡീപോര്‍ട്ടിവോയെ തകര്‍ത്തു. 36, 53, 60 മിനിറ്റുകളിലായിരുന്നു അഡുരിസിന്റെ ഹാട്രിക്ക്. 13-ാം മിനിറ്റില്‍ ഇകര്‍ മുനിയനിലൂടെയാണ് ബില്‍ബാവോ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 51-ാം മിനിറ്റില്‍ റിയേറ മഗേം ഡിപോര്‍ട്ടിവോയുടെ ആശ്വാസം. മറ്റൊരുകളിയില്‍ ഐബറിനെ 1-0ന് പരാജയപ്പെടുത്തി സെവിയ 44 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 11-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ ലോറന്റെയാണ് സെവിയയുടെ വിജയഗോള്‍ നേടിയത്. വിയ്യാ റയല്‍-സെല്‍റ്റ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചതാണ് സെവിയക്ക് ഗുണകരമായത്. മലാഗയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി വലന്‍സിയയും വിജയം സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.